മസ്കത്ത്: ഇൗമാസം ആദ്യം മുതൽ പ്രവർത്തനമാരംഭിച്ച സുവൈഖ് തുറമുഖം ഉരുക്കളിലും ചെറു കപ്പലുകളിലുമായുള്ള ചരക്കുനീക്കത്തിെൻറ കേന്ദ്രമായി ഉപയോഗിക്കാനാണ് പദ്ധതിയെന്ന് ‘അസിയാദ്’ അധികൃതർ അറിയിച്ചു. മസ്കത്തിലേക്കും തെക്ക് വടക്കൻ ബാത്തിന ഗവർണറേറ്റുകളിലേക്കും പഴങ്ങളും പച്ചക്കറികളുമായും ആടുമാടുകളുമായും എത്തുന്ന ഉരുക്കളും ചെറുകപ്പലുകളും ഇവിടെ അടുപ്പിക്കാനാണ് പദ്ധതിയെന്ന് ‘അസിയാദ്’ പോർട്ട് ആൻഡ് ഫ്രീസോൺസ് വിഭാഗം മേധാവി നബീൽ ബിൻ സാലിം അൽ ബിമാനി അറിയിച്ചു. മസ്കത്തിനും സുഹാറിനും പകുതി വഴിയിലാണ് തുറമുഖം സ്ഥിതി ചെയ്യുന്നത് എന്നതിനാൽ ചരക്കുനീക്കവും എളുപ്പമായിരിക്കും.
രാജ്യത്തെ ചരക്കുഗതാഗത മേഖല കാര്യക്ഷമമാക്കുന്നതിെൻറ ഭാഗമായി ചെറുകിട-ഇടത്തരം തുറമുഖങ്ങളുടെ ശൃംഖല രൂപപ്പെടുത്തുന്നതിെൻറ ഭാഗമായാണ് സുവൈഖ് തുറമുഖത്ത് വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനം തുടങ്ങുന്നത്. മത്സ്യബന്ധന ഹാർബറിെൻറ ഇരട്ടി വലുപ്പമാണ് സുവൈഖ് തുറമുഖത്തിന് ഉള്ളത്. നിലവിൽ മത്രയിലെ സുൽത്താൻ ഖാബൂസ് തുറമുഖത്താണ് ഉരുക്കൾ അടുക്കുന്നത്. ടൂറിസ്റ്റ് കപ്പലുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയ മത്രയിൽനിന്ന് ഉരുക്കളുടെ ഗതാഗതം പൂർണമായും സുവൈഖിലേക്ക് മാറ്റാനാണ് പദ്ധതി. സോമാലിയ, കിഴക്കൻ ആഫ്രിക്ക, യു.എ.ഇ, ഇന്ത്യ എന്നിവിടങ്ങളിൽനിന്നുള്ള ചെറുകപ്പലുകളുടെ ഗതാഗതവും വൈകാതെ ഇങ്ങോട്ട് മാറ്റാനാണ് ലക്ഷ്യമെന്ന് അൽ ബിമാനി പറഞ്ഞു. നിലവിൽ തുറമുഖത്തെ ജെട്ടിയിൽ ചെറുകപ്പലുകൾക്ക് മാത്രമാണ് ഒരേസമയം അടുക്കാൻ സാധിക്കുക. ഭാവിയിൽ ആവശ്യമെങ്കിൽ തുറമുഖത്ത് വികസന പ്രവർത്തനങ്ങൾ നടത്തുമെന്നും അൽ ബിമാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.