യു.എൻ ജനറൽ അസംബ്ലിയുടെ പത്താമത് അടിയന്തര പ്രത്യേക സമ്മേളനത്തിൽ ഒമാൻ
പ്രതിനിധി സയ്യിദ് അഹ്മദ് ബിൻ ഹമൂദ് അൽ ബുസൈദി സംസാരിക്കുന്നു
മസ്കത്ത്: ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെയും ഐക്യരാഷ്ട്രസഭയിൽ പൂർണ അംഗത്വം നൽകുന്നതിലൂടെയും മാത്രമെ മിഡിലീസ്റ്റ് മേഖലയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ കഴിയുകയുള്ളൂവെന്ന് ഒമാൻ.
യു.എൻ ജനറൽ അസംബ്ലിയുടെ പത്താമത് അടിയന്തര പ്രത്യേക സമ്മേളനത്തിൽ ന്യൂയോർക്കിലെ ഐക്യരാഷ്ട്ര സഭയിലേക്കുള്ള ഒമാന്റെ സ്ഥിരം പ്രതിനിധി സംഘത്തിലെ അംഗം സയ്യിദ് അഹ്മദ് ബിൻ ഹമൂദ് അൽ ബുസൈദിയാണ് ഇക്കാര്യം പറഞ്ഞത്. ഫലസ്തീന് ഐക്യരാഷട്ര സഭയിൽ പൂർണ അംഗത്വം നൽകണമെന്ന് രക്ഷാസമിതിയോട് സുൽത്താനേറ്റ് ആവശ്യപ്പെട്ടു.
അത്തരമൊരു അഭ്യർഥന സ്വീകരിക്കുന്നത് മിഡിലീസ്റ്റിലെയോ ലോകത്തിന്റെയോ സുരക്ഷക്കും സമാധാനത്തിനും തടസ്സമാകില്ലെന്നും ഒമാൻ പറഞ്ഞു. ഫലസ്തീന് പൂർണമായ യു.എൻ അംഗത്വം നൽകുന്നതിൽ പരാജയപ്പെട്ടാൽ അത് സുരക്ഷ കൗൺസിലിന്റെ വിശ്വാസ്യതയെ തകർക്കും. ഐക്യരാഷ്ട്രസഭയിൽ പൂർണ അംഗത്വം നേടാനുള്ള ഫലസ്തീൻ ഭരണകൂടത്തിന്റെ അവകാശത്തെ പിന്തുണച്ചുകൊണ്ട് യു.എൻ ജനറൽ അസംബ്ലി അംഗങ്ങളുടെ വോട്ടെടുപ്പിനെ ഒമാൻ സ്വാഗതം ചെയ്തു.
ഗസ്സ മുനമ്പിലും മറ്റ് അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലും നിരായുധരായ സിവിലിയന്മാർക്കെതിരെ ഇസ്രായേലി അധിനിവേശ സേന നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണത്തിൽ ഒമാൻ അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.