മസ്കത്ത്: അക്കാദമികരംഗവും വ്യവസായ മേഖലയും തമ്മിലുള്ള വിടവ് അകറ്റാൻ ലക്ഷ്യമിട്ട് സൊഹാർ സർവകലാശാലയിൽ മികവിെൻറ കേന്ദ്രം തുടങ്ങുന്നു. നവീന ഉൽപാദനമേഖലയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ‘ഇൻതാജ് -സൊഹാർ’ കേന്ദ്രം രണ്ട് ഘട്ടങ്ങളിലായിട്ടാകും പൂർത്തിയാവുക. രാജ്യത്ത് ഇതാദ്യമായാണ് ഇത്തരം സംവിധാനം ഒരുങ്ങുന്നത്.
വ്യവസായ മേഖലയിലെ നവീനാശയങ്ങൾക്കും സാേങ്കതികവിദ്യയുടെ കൈമാറ്റത്തിനും പുതിയ കേന്ദ്രം സഹായകരമാകുമെന്നാണ് പ്രതീക്ഷ. ഒമാനിൽ തന്നെ രൂപകൽപനയും ഉൽപാദനവും നിർവഹിക്കുന്ന ഉൽപന്നങ്ങൾ അവതരിപ്പിക്കുകയും കേന്ദ്രത്തിെൻറ ലക്ഷ്യമാണ്.
ആദ്യഘട്ടത്തിൽ ആധുനിക മെഷിനറികളുടെ പിന്തുണയോടെയുള്ള ഉൽപാദനകേന്ദ്രമാകും യാഥാർഥ്യമാക്കുക. ചെറുകിട -ഇടത്തരം വ്യവസായ കേന്ദ്രങ്ങൾക്കും ഇവിടെ പിന്തുണ ലഭിക്കും. സ്വകാര്യമേഖലയുടെ പിന്തുണയോടെയാണ് രണ്ടാംഘട്ടം യാഥാർഥ്യമാക്കുക. രണ്ടാംഘട്ടം പൂർത്തിയാകുന്നതോടെ വ്യവസായ ഹബ്ബിന് സമാനരീതിയിലാകും കേന്ദ്രത്തിെൻറ പ്രവർത്തനമെന്ന് സൊഹാർ സർവകലാശാല പ്രഫസർ ബാരി വിൻ പറഞ്ഞു. പദ്ധതിക്ക് ആവശ്യമായ സ്ഥലമടക്കം സൗകര്യങ്ങൾ സൊഹാർ സർവകലാശാല നൽകും. വ്യവസായ വാണിജ്യ മന്ത്രാലയവും അഡ്വാൻസ്ഡ് മാനുഫാക്ചറിങ് റിസർച് സെൻററും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. ബ്രിട്ടനിലെ ഷെഫീൽഡ് സർവകലാശാലയാണ് പദ്ധതിക്ക് വേണ്ട സാേങ്കതിക സഹായം നൽകുക. സാമ്പത്തിക വൈവിധ്യവത്കരണം ലക്ഷ്യമിട്ടുള്ള ‘തൻഫീദ്’ പദ്ധതിയിൽ പ്രഥമ പരിഗണനയാണ് മികവിെൻറ കേന്ദ്രത്തിനുള്ളത്. അടുത്ത വർഷം ഏപ്രിലോടെ പ്രാഥമിക പ്രവർത്തനം ആരംഭിക്കും. അടുത്ത വർഷം അവസാനത്തോടെയാകും പദ്ധതി പൂർണരൂപത്തിൽ പ്രവർത്തന സജ്ജമാവുകയെന്നും പ്രോജക്ട് ഇംപ്ലിമെേൻറഷൻ കമ്മിറ്റി മേധാവി പ്രഫസർ ഗസ്സാൻ അൽ കിന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.