ഒമാനില്‍ ഖാട്ട് കടത്ത് വര്‍ധിക്കുന്നു; വധശിക്ഷ  ലഭിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ്

മസ്കത്ത്: കിഴക്കന്‍ ആഫ്രിക്കയിലും അറേബ്യന്‍ ഉപഭൂഖണ്ഡത്തിലും കണ്ടുവരുന്ന കഞ്ചാവിനോട് സാദൃശ്യമുള്ള മയക്കുമരുന്ന് ചെടിയായ ഖാട്ട് കടത്ത് ഒമാനില്‍ വര്‍ധിച്ചുവരുന്നു. ഇതിന്‍െറ കടത്തും ഉപയോഗവും വര്‍ധിച്ചതോടെ കര്‍ശന മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്ത്. ഇത് കടത്തുന്നവര്‍ക്ക് വധശിക്ഷ ലഭിക്കുമെന്നാണ് റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കുന്നത്. നിലവില്‍ ഖാട്ട് കടത്തുന്നവര്‍ക്ക് തടവും പിഴയുമാണ് ശിക്ഷ ലഭിക്കുന്നത്. ഒമാനില്‍ ഇവയുടെ കടത്ത് ഗണ്യമായി വര്‍ധിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് അധികൃതര്‍ പറയുന്നു. ഈ വര്‍ഷം ഒക്ടോബര്‍ വരെ ഖാട്ട് കടത്തുമായി ബന്ധപ്പെട്ട് 27 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
 ഇതില്‍ 58 പേര്‍ പിടിയിലായിരുന്നു. 10,240 കെട്ടുകളാണ് പൊലീസ് പിടിച്ചെടുത്തത്. ഇതേ കാലയളവില്‍തന്നെ 18 ഖാട്ട് കടത്തുകള്‍ അധികൃതര്‍ പരാജയപ്പെടുത്തിയിരുന്നു. ഇതിലൂടെ 2,560 കിലോയാണ് നശിപ്പിച്ചത്. എന്നാല്‍, കടത്തുന്നവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഖാട്ട് കടത്ത് കൂടിയതായി അധികൃതര്‍ വ്യക്തമാക്കുന്നു.  ഖാട്ട് കടത്ത് വര്‍ധിക്കുന്നതായി കണ്ടത്തെിയതിനാലാണ് വധശിക്ഷ നല്‍കുന്നതെന്ന് റോയല്‍ ഒമാന്‍ അധികൃതര്‍ പറയുന്നു. ഒമാന്‍ മയക്കുമരുന്ന് ശിക്ഷാനിയമമനുസരിച്ച് ഖാട്ട് കടത്തുന്നവര്‍ക്ക് കര്‍ശന ശിക്ഷയാണ് നേരിടേണ്ടിവരുക. ഖാട്ട് കടത്തുന്നവര്‍ക്ക് മരണം വരെ ജയില്‍ ശിക്ഷയോ മരണശിക്ഷയോ ലഭിച്ചേക്കാം. ഇതോടൊപ്പം 50,000 റിയാല്‍ പിഴയും ഒടുക്കേണ്ടിവന്നേക്കും. അതോടൊപ്പം തന്നെ മൂന്നുവര്‍ഷം തടവും 3,000 റിയാല്‍ പിഴയും വേറെയും നല്‍കേണ്ടിവരും. നിലവില്‍ തടവുശിക്ഷയാണ് നല്‍കിവരുന്നത്. 
ഖാട്ട് ഉപയോഗിക്കുന്നത് മറ്റു മയക്കുമരുന്നുകള്‍പോലെ ആരോഗ്യത്തിന് ഹാനിയുണ്ടാക്കുന്നതാണെന്ന് മയക്കുമരുന്ന് നിയന്ത്രണ വിഭാഗം ഡയറക്ടര്‍ ജനറല്‍ കേണല്‍ അബ്ദുല്‍ റഹീം ഖാസിം അല്‍ ഫാര്‍സി പറഞ്ഞു. ഇത്  ശാരീരികമായും മാനസികമായും മനുഷ്യനെ തകര്‍ക്കും. യാഥാര്‍ഥ്യത്തില്‍നിന്ന് ഒളിച്ചോടാനും ഭാവനാലോകത്ത് ജീവിക്കാനും ഇടയാക്കും. മടിയും ബന്ധുക്കളോടടക്കം രോഷവും കാണിക്കാന്‍ കാരണമാകും. ഹൃദയമിടിപ്പ് വര്‍ധിക്കുന്നതിനാല്‍ പെട്ടെന്നുതന്നെ ഹൃദയാഘാതത്തിന് ഖാട്ട് കാരണമാക്കും. നിരന്തരമായ ഉപയോഗം ദഹനേന്ദ്രിയങ്ങളെ നശിപ്പിക്കും. വായ, ചുണ്ട്, മോണ, നാവ് എന്നിവക്കും തകരാറുണ്ടാക്കും. കൂടാതെ, കരള്‍ അസുഖങ്ങള്‍, മൂത്രസംബന്ധമായ അസുഖങ്ങള്‍, അര്‍ബുദം എന്നിവക്കും ഖാട്ട് കാരണമാക്കും. അറേബ്യയിലും കിഴക്കന്‍ ആഫ്രിക്കയിലും കഞ്ചാബ് ചെടിപോലെ നട്ടു വളര്‍ത്തുന്ന ഖാട്ട് പച്ച ഇലയായി ചവച്ച് ലഹരി ഉണ്ടാക്കുന്നവരുണ്ട്. 
ഉണക്കി പൊടിയാക്കിയും ലഹരി ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്നു. യമനില്‍നിന്നാണ് പ്രധാനമായും ഒമാനിലേക്ക് ഇത് കടത്തുന്നത്.  അധികൃതര്‍ കര്‍ശന നടപടിയുമായി രംഗത്തുവന്നതോടെ ഖാട്ടിന്‍െറ കടത്തും ഉപയോഗവും ഗണ്യമായി കുറയാനാണ് സാധ്യത.
 

Tags:    
News Summary - smuggling drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.