ഇറാഖി തലസ്ഥാനത്ത് നടന്ന അറബ് ലീഗ് ഉച്ചകോടിയിൽ നേതാക്കൾ
മസ്കത്ത്: മേഖലയിലുടനീളം സുരക്ഷയും സ്ഥിരതയും ഏകീകരിക്കുന്നതിനുള്ള പ്രാദേശിക, അന്തർദേശീയ ശ്രമങ്ങളെ പിന്തുണക്കുന്നതിൽ ഒമാന്റെ ക്രിയാത്മകവും ഫലപ്രദവുമായ പങ്കിനെ പ്രശംസിച്ച് ഇറാഖി തലസ്ഥാനത്ത് നടന്ന 34ാമത് അറബ് ലീഗ് ഉച്ചകോടി.
ഇതിൽ പുറപ്പെടുവിച്ച ബഗ്ദാദ് പ്രഖ്യാപനത്തിലാണ് സുൽത്താനേറ്റിന്റെ പങ്കിനെ കുറിച്ച് എടുത്ത് പറഞ്ഞത്. പ്രധാന പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഒമാന്റെ ‘ബുദ്ധിപരവും സന്തുലിതവുമായ’ പങ്കിനെ ചൂണ്ടിക്കാണിക്കുകയും, യെമനിലെ രാഷ്ട്രീയ പരിഹാരങ്ങൾക്കുള്ള പിന്തുണയെയും ഇറാൻ ആണവ വിഷയത്തിൽ ഏകീകൃത കാഴ്ചപ്പാടുകൾ നൽകുന്നതിൽ അതിന്റെ നല്ല സംഭാവനയെ പ്രശംസിക്കുകയും ചെയ്തു.
അമേരിക്ക-യെമൻ കരാർ ചെങ്കടലിലെ സമുദ്ര നാവിഗേഷന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒമാന്റെ പ്രതിബദ്ധതയാണെന്നും ഇത് പ്രാദേശിക സ്ഥിരത വർധിപ്പിക്കുന്നതിന് നിർണായകമാണെന്ന് വിശേഷിപ്പിച്ചു. സുൽത്താൻ ഹൈതം ബിൻ താരിഖിനെ പ്രതിനിധാനം ചെയ്ത് പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിക് ആൽ സഈദിന്റെ നേതൃത്വത്തിലുള്ള ഒരു ഉന്നതതല പ്രതിനിധി സംഘമാണ് ഉച്ചകോടിയിൽ പങ്കെടുത്തത്.
വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, നീതിന്യായ-നിയമകാര്യ മന്ത്രി ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് ആൽ സൈദി, സാമ്പത്തിക മന്ത്രി ഡോ. സഈദ് ബിൻ മുഹമ്മദ് അൽ സഖ്രി, ഈജിപ്തിലെ ഒമാൻ അംബാസഡറും ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സിലെ സ്ഥിരം പ്രതിനിധിയുമായ അബ്ദുല്ല ബിൻ നാസർ ആൽ റഹ്ബി എന്നിവരും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. ബാഗ്ദാദ് പ്രഖ്യാപനത്തിലെ അംഗീകാരത്തിന് ഒമാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് പ്രസ്താവനയിൽ നന്ദി അറിയിച്ചു.
നല്ല അയൽപക്കം, പരസ്പര ബഹുമാനം, സംഭാഷണത്തിലൂടെ സമാധാനപരമായ പരിഹാരങ്ങൾ തേടൽ എന്നീ തത്ത്വങ്ങളോടുള്ള ഒമാന്റെ ഉറച്ച പ്രതിബദ്ധത വക്താവ് ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.