സാങ്കേതികവിദ്യക്കപ്പുറത്തുള്ളതാണ് യഥാർഥ കല -സംവിധായകൻ കമൽ

മസ്കത്ത്: സാങ്കേതികവിദ്യക്ക് അപ്പുറത്തുള്ളതാണ് യഥാർഥ കലയെന്ന് പ്രശസ്തത ചലച്ചിത്ര സംവിധായകനും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ കമൽ അഭിപ്രായപ്പെട്ടു. ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളുടെ ഡയറക്ടർ ബോർഡിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്‌കൂൾ ദാർസൈത്ത് (ഐ.എസ്.ഡി) സംഘടിപ്പിച്ച ഇന്ത്യൻ സ്‌കൂൾ ഫിലിം ഫെസ്റ്റിവലിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാംസ്‌കാരിക അവബോധവും സാമൂഹിക സംവേദനശേഷിയും സ്വതന്ത്രമായ അഭിപ്രായപ്രകടനവുമാണ് യഥാർഥ കലയുടെ അടിസ്ഥാനം. അതിന്റെ വേരുകൾ രൂപപ്പെടുന്നത് വീടുകളിൽനിന്നും വിദ്യാലയങ്ങളിൽനിന്നുമാണ്. ഇന്ത്യയുടെ ഭരണഘടന മൂല്യങ്ങളും നാനാത്വത്തിലെ ഏകത്വവും ജനാധിപത്യ സ്വാതന്ത്ര്യവും അരികുവത്കരിക്കപ്പെട്ടവർക്കുവേണ്ടി ശബ്ദമുയർത്താനുള്ള ശക്തി കലാകാരന്മാർക്ക് നൽകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ സ്‌കൂൾ ഫിലിം ഫെസ്റ്റിവൽ (ഐ.എസ്എഫ്.എഫ്) 2025ന് രാവിലെ സംവാദ സെഷനോടെയാണ് തുടക്കമായത്. വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടിയായി, സമൂഹിക മാറ്റത്തിനനുസരിച്ച് ചലച്ചിത്ര വ്യവസായം കൈവരിച്ച മാറ്റങ്ങളെക്കുറിച്ചും പ്രാദേശിക സാംസ്‌കാരിക പശ്ചാത്തലങ്ങളിൽനിന്ന് ആഗോള കാഴ്ചപ്പാടുകളിലേക്കുള്ള വളർച്ചയെക്കുറിച്ചും അദ്ദേഹം അനുഭവങ്ങൾ പങ്കുവെച്ചു. തുടർന്ന് ഹ്രസ്വചിത്രങ്ങൾ, എച്ച്.എസ്.ഇ വിഡിയോകൾ, റീലുകൾ എന്നിവയുടെ പ്രദർശനം നടന്നു.

വിദ്യാർഥികളും മലയാളം വിഭാഗവും ചേർന്ന് മുഖ്യാതിഥിക്ക് ഒരുക്കിയ സ്റ്റുഡന്റ്സ് കോർണർ ഫെസ്റ്റിവലിലെ മറ്റൊരു ശ്രദ്ധേയ ആകർഷണമായി. ഫോട്ടോ ബൂത്തിനൊപ്പം, കമൽ സംവിധാനം ചെയ്ത സിനിമകളുടെ പേരുകൾ കോർത്തിണക്കിയ കത്ത് രൂപത്തിലുള്ള ചെറുകഥയും അവതരിപ്പിച്ചു.

വൈകുന്നേരം അവാർഡ് ദാന ചടങ്ങോടെ ഫെസ്റ്റിവലിന് സമാപനമായി. സമാപന ചടങ്ങിൽ മുഖ്യാതിഥി കമലിനൊപ്പം ഒമാനി നടൻ ഡോ. താലിബ് അൽ ബലൂശി വിശിഷ്ടാതിഥിയായി പങ്കെടുത്തു. വിദ്യാർഥികളുടെ ആവേശവും ഭാവനാശേഷിയും കൂട്ടായ്മയും കഥ പറയാനുള്ള ധൈര്യവുമാണ് ഐ.എസ്എഫ്.എഫിനെ അർഥവത്താക്കുന്നതെന്ന് സ്വാഗതം ആശംസിച്ച സ്‌കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഷാലിമാർ മൊയ്തീൻ പറഞ്ഞു.

അധ്യാപകർ വിദ്യാർഥികളുടെ ജീവിതം രൂപപ്പെടുത്തുന്ന സംവിധായകരായി സ്വയം കാണണമെന്ന് ഇന്ത്യൻ സ്‌കൂൾസ് ഒമാൻ ഡയറക്ടർ ബോർഡ് ചെയർമാൻ സയ്യിദ് അഹ്മദ് സൽമാൻ ആഹ്വാനം ചെയ്തു. വൈസ് ചെയർമാൻ ഹർഷേന്ദു ഷാ, മറ്റു ഡയറക്ടർമാർ, സ്‌കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, വിവിധ സ്കൂളുകളുടെ പ്രിൻസിപ്പൽമാർ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. ഇന്ത്യൻ സ്‌കൂൾ ദാർസൈത്ത് പ്രിൻസിപ്പൽ അമർ ശ്രീവാസ്തവ നന്ദി പറഞ്ഞു.

ഇന്ത്യൻ സ്‌കൂൾ ദാർസൈത്തിന്റെ വളർച്ചയും ഐ.എസ്.എഫ്.എഫിന്റെ പരിണാമവും അവതരിപ്പിച്ച വിഡിയോ പ്രദർശനങ്ങൾ ശ്രദ്ധേയമായി. ‘ഫ്രെയിംസ് ത്രൂ ടൈം: ബ്ലാക്ക് ആൻഡ് വൈറ്റ് ടു വി.എഫ്.എക്സ് എറ’ എന്ന പേരിലുള്ള സംഘനൃത്താവിഷ്‌കാരം വിസ്മയകരമായി.

Tags:    
News Summary - True art lies beyond technology - Director Kamal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.