സിലാല്‍ മലയാളി കൂട്ടായ്മ ഒന്നാം വാര്‍ഷികം 23ന്

മസ്‌കത്ത്: സിലാല്‍ മലയാളി കൂട്ടായ്മയുടെ (എസ്.എം.കെ) ഒന്നാം വാര്‍ഷികാഘോഷം വെള്ളിയാഴ്ച ബര്‍കയിലെ ഫോര്‍ സീസണ്‍സ് വില്ലാസ് ഫാം ഹൗസില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

ബര്‍ക്കയിലെ ഖസാഇന്‍ സിറ്റിയിലെ സിലാല്‍ ഫ്രൂട്ട് ആൻഡ് വെജിറ്റബിള്‍ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മലയാളി സമൂഹം രൂപവത്കരിച്ച ഒരു സ്വതന്ത്ര കൂട്ടായ്മയാണ് എസ്.എം.കെ. മവേലയിലെ പഴയ- പഴം പച്ചക്കറി മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മലയാളി കച്ചവടക്കാരും ജീവനക്കാരും ഈ കൂട്ടായ്മയുടെ ഭാഗമാണ്.

കൂട്ടായ്മയിലെ അംഗങ്ങള്‍ക്കിടയില്‍ ഐക്യവും സ്‌നേഹവും സഹകരണ മനോഭാവവും ഊട്ടിയുറപ്പിക്കുക, സാംസ്‌കാരികവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് എസ്.എം.കെയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് പ്രസിഡന്റ് അബ്ദുല്‍ വാഹിദ് പറഞ്ഞു. കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് ആവശ്യമായ സമയങ്ങളില്‍ സാമ്പത്തിക സഹായങ്ങളും മറ്റു പിന്തുണയും നല്‍കാന്‍ കഴിയുന്നതായും അദ്ദേഹം പറഞ്ഞു. 800 ഓളം മലയാളികൾ കൂട്ടായ്മയിൽ അംഗങ്ങളാണ്.

വാര്‍ഷിക ആഘോഷത്തില്‍ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാ-കായിക പരിപാടികള്‍, സാംസ്‌കാരിക സമ്മേളനം, മാര്‍ക്കറ്റില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍ തുടങ്ങിയ പരിപാടികൾ നടക്കും. മാര്‍ക്കറ്റ് കേന്ദ്രീകരിച്ചും അല്ലാതെയും പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളും കമ്പനികളും ഈ പരിപാടിയുടെ പ്രയോജകരാണ്.

ഉപദേശക സമിതി ചെയര്‍മാന്‍ അബ്ദുല്‍ ജബ്ബാര്‍, സെക്രട്ടറി മുജീബ് സി.എച്ച്, പ്രോഗ്രാം കണ്‍വീനര്‍ സൈദ് ശിവപുരം, വൈസ് പ്രസിഡന്റ് ദാസ് ചാലില്‍ തുടങ്ങിയവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    
News Summary - Silal Malayali Community's first anniversary on the 23rd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.