മസ്കത്ത്: തെക്കൻ ശർഖിയ്യ ഗവർണറേറ്റിലെ മസീറ ദ്വീപിൽ മസീറ വിന്റർ ഫെസ്റ്റിവൽ സന്ദർശകരെ ആകർഷിക്കുന്നു. അപൂർവ ദൃശ്യഭംഗിയൊരുക്കുന്ന മസീറ ദ്വീപിലെ വിനോദസഞ്ചാരവും സാമൂഹിക-സാമ്പത്തിക പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തെക്കൻ ശർഖിയ ഗവർണറേറ്റിലെ മസിറ ഓഫിസിന്റെ ആഭിമുഖ്യത്തിൽ ഈ ഉത്സവം സംഘടിപ്പിക്കുന്നത്.
വ്യാഴാഴ്ച ആരംഭിച്ച ഫെസ്റ്റിവൽ ജനുവരി 23 വരെ തുടരും. മസീറ വിന്റർ ഫെസ്റ്റിവലിന്റെ മൂന്നാമത്തെ പതിപ്പാണിത്. പരമ്പരാഗത കരകൗശല പ്രദർശനങ്ങൾ, വീട്ടു സംരംഭകരുടെ ഉൽപന്നങ്ങളുമായി വിവിധ സ്റ്റാളുകൾ, ചെറുകിട സംരംഭങ്ങൾക്കുള്ള വിപണന വേദികൾ, കവിത സായാഹ്നങ്ങൾ, നാടൻ കലകൾ, കുട്ടികൾക്കുള്ള പ്രത്യേക പരിപാടികൾ എന്നിവ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും.
മസീറ ദ്വീപിന്റെ മനോഹാരിത ആസ്വദിക്കാനും അവിടത്തെ ജീവിതവും സംസ്കാരവും അടുത്തറിയാനും ആഗ്രഹിക്കുന്നവർക്ക് മികച്ച സന്ദർശന സമയമാണ് മസീറ വിന്റർ ഫെസ്റ്റിവൽ. ആഘോഷപരമായ അന്തരീക്ഷത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ചെയർമാൻ സുലൈം ബിൻ അലി അൽ ഹക്‍മാനി അധ്യക്ഷതവഹിച്ചു. ശീതകാല സീസണിൽ മസീറ ദ്വീപിലെ ടൂറിസവും സാമൂഹിക പ്രവർത്തനങ്ങളും സജീവമാക്കുന്നതാണ് ഫെസ്റ്റിവൽ.
ഇത്തരത്തിലുള്ള പരിപാടികൾ സാമൂഹികപങ്കാളിത്തം വർധിപ്പിക്കുന്നതിനോടൊപ്പം യുവജന സംരംഭങ്ങൾക്കും ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്കും പുതിയ അവസരങ്ങൾ തുറക്കുമെന്നും മസീറ വാലി അബ്ദുല്ല ബിൻ അബ്ദുല്ല ബഅവൈൻ പറഞ്ഞു. ടൂറിസം മേഖലയെ പരിപോഷിപ്പിക്കുക, സന്ദർശകരെ ആകർഷിക്കുക, മസീറ ദ്വീപിന്റെ സാംസ്‌കാരിക-പൈതൃകങ്ങളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ മേഖലകളിൽ ഇത്തരം പരിപാടികൾ നിർണായകമാണെന്നും ബന്ധപ്പെട്ട അധികൃതർ തുടർച്ചയായ പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാഴ്ചയുടെ വിരുന്നൊരുക്കുന്ന മസീറ ദ്വീപ്
മസ്കത്ത്: ഒമാന്റെ തെക്കുകിഴക്കൻ തീരത്ത് അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ ദ്വീപാണ് മസീറ. പ്രകൃതിരമണീയമായ കാഴ്ചകൾക്കും തനത് സാംസ്കാരിക പൈതൃകത്തിനും സമ്പന്നമായ വന്യജീവി സമ്പത്തിനും പേരുകേട്ട ദ്വീപുകൂടിയാണിത്. ഒമാൻ പ്രധാന കരഭൂമിയിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയാണ് മസീറ ദ്വീപ് സ്ഥിതി ചെയ്യുന്നത്. 95 കിലോമീറ്റർ നീളവും 14 കിലോമീറ്റർ വീതിയുമുള്ള മസീറ ചാനലാണ് ദ്വീപിനെയും പ്രധാന ഭൂപ്രദേശത്തെയും വേർതിരിക്കുന്നത്.
മസീറ ദ്വീപ്
ദ്വീപിന്റെ ഭൂരിഭാഗവും മരുഭൂമിയും പാറക്കെട്ടുകളും മണൽക്കുന്നുകളുമാണ്. ഏകദേശം 12,000 ആളുകൾ താമസിക്കുന്ന ദ്വീപിന്റെ വടക്ക് ഭാഗത്തുള്ള ഗ്രാമങ്ങളിലാണ് ജനവാസം കൂടുതലുമുള്ളത്. മത്സ്യബന്ധനമാണ് പ്രധാന ഉപജീവനമാർഗ്ഗം. ഹിൽഫാണ് പ്രധാന പട്ടണം. പ്രകൃതി സ്നേഹികൾക്കും പക്ഷി നിരീക്ഷകർക്കും മസീറ ഒരു പറുദീസയാണ്. ലോകത്തിലെ ലോഗർഹെഡ് കടലാമകളുടെ ഏറ്റവും വലിയ പ്രജനന കേന്ദ്രമാണ് മസീറ ദ്വീപ്.
നാല് വ്യത്യസ്ത ഇനം കടലാമകൾ ഇവിടെ മുട്ടയിടാൻ വരാറുണ്ട്. കൂടാതെ, 400ലധികം ഇനം ദേശാടന പക്ഷികളെയും ഇവിടെ കണ്ടുവരുന്നുണ്ട്. ശന്ന തുറമുഖത്ത് നിന്ന് നാഷനൽ ഫെറീസ് കമ്പനിയുടെ (എൻ.എഫ്.സി) ഫെറി സർവിസ് ഉപയോഗിച്ച് ഏകദേശം ഒന്നര മണിക്കൂർ യാത്രയിൽ ദ്വീപിലെത്താം. മസ്കത്തിൽനിന്ന് ശന്നയിലേക്ക് ഏകദേശം അഞ്ചു മുതൽ ആറു മണിക്കൂർ വരെ യാത്ര ദൈർഘ്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.