സലാല ഹെൽത്തി സിറ്റി പദ്ധതി വിലയിരുത്താനെത്തിയ ലോകാരോഗ്യ സംഘടന പ്രതിനിധികളുടെ നേതൃത്വത്തിൽ നടന്ന യോഗം
സലാല: ദോഫാർ ഗവർണറേറ്റിലെ സലാല വിലായത്തിനെ ഹെൽത്തി സിറ്റി എന്ന പദവിയിലേക്കുയർത്താൻ നടത്തുന്ന ഒമാൻ സർക്കാറിന്റെ പരിശ്രമങ്ങൾ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) നിയുക്ത സംഘം വിലയിരുത്തി. ടീം സലാലയെ ആരോഗ്യ നഗരമായി പ്രഖ്യാപിക്കുന്നതിനുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നത് സംബന്ധിച്ച വിലയിരുത്തലിനായാണ് ലോകാരോഗ്യ സംഘടന സംഘം എത്തിയത്.
ജീവിതശൈലി, പരിസ്ഥിതി ഗുണനിലവാരം, സാമൂഹിക ക്ഷേമം തുടങ്ങിയ ഘടകങ്ങൾ ഹെൽത്തി സിറ്റികളുടെ സർട്ടിഫിക്കേഷൻ മാനദണ്ഡങ്ങളോട് യോജിക്കുന്നതാണോ എന്ന് പരിശോധിക്കുകയായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യം.
സലാല ഹെൽത്തി സിറ്റി പദ്ധതിയുടെ സ്ഥിതി വിവരങ്ങൾ
യോഗത്തിൽ അധികൃതർ വിവരിക്കുന്നു
ദൗത്യത്തിന്റെ ഭാഗമായി സംഘം സുൽത്താൻ ഖാബൂസ് യുവജന സാംസ്കാരിക-വിനോദ സമുച്ചയം, അൽ ദഹറിസ് ഹെൽത്ത് സെന്റർ, പുതുതായി നിർമിച്ച സുൽത്താൻ ഖാബൂസ് ആശുപത്രി, യൂനിഫൈഡ് ആംബുലൻസ് സെന്റർ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.തുടർന്ന്, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന ഒമാനി വിമൻസ് അസോസിയേഷൻ സലാല ഘടകത്തിന്റെ പ്രവർത്തനങ്ങളെയും പദ്ധതികളെയും സംഘം അഭിനന്ദിച്ചു.
സ്പോർട്സ് വാക്ക്വേ, സലാല വളന്റിയേഴ്സ് ടീം, സലാല ഗ്രാൻഡ് മാൾ തുടങ്ങിയ സൗകര്യങ്ങളും സംഘം വിലയിരുത്തി. സലാലയെ ഹെൽത്തി സിറ്റീസ് ശൃംഖലയിൽ ഉൾപ്പെടുത്തുന്നതിനായി സർക്കാർ വകുപ്പുകളും സാമൂഹിക സ്ഥാപനങ്ങളും ഏകോപിതമായ പരിശ്രമങ്ങൾ തുടരേണ്ടതുണ്ടെന്ന് ഡബ്ലിയു.എച്ച്.ഒ സംഘം വ്യക്തമാക്കി. ഹെൽത്തി സിറ്റി എന്ന ലക്ഷ്യവുമായി സലാലയിൽ വിവിധ പദ്ധതികളാണ് ദൂഫാർ ഗവർണറേറ്റ് നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.