ബഹ്ലയിൽ പുനരുദ്ധാരണം പൂർത്തിയാക്കിയ ചരിത്ര പ്രസിദ്ധമായ അൽ വാദി അൽ ആലാ പള്ളി 2. പള്ളിയുടെ ഉൾവശം
മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ ബഹ്ല വിലായത്തിലെ ചരിത്ര പ്രസിദ്ധമായ അൽ വാദി അൽ ആലാ പള്ളിയുടെ പുനരുദ്ധാരണം ഒമാൻ പൈതൃക-വിനോദസഞ്ചാര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി. ചരിത്രപ്രാധാന്യമുള്ള പള്ളികളെ സംരക്ഷിക്കുകയും അവയുടെ വാസ്തു ചാതുര്യം മൂല്യം കാത്തുസൂക്ഷിക്കുകയും സാംസ്കാരിക പൈതൃക സ്മാരകങ്ങളെന്ന നിലയിൽ അവയുടെ നിലനിൽപ്പ് ശക്തിപ്പെടുത്തുകയും ചെയ്യാനുള്ള സുൽത്താനേറ്റിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പുനരുദ്ധാരണ പദ്ധതി നടപ്പാക്കിയത്. പള്ളിയുടെ തനിമ ഒട്ടും ചോർന്നുപോകാതെ, പരമ്പരാഗതമായ നിർമാണ രീതികൾ നിലനിർത്തിക്കൊണ്ടാണ് ഇതിന്റെ കെട്ടിട ജോലികൾ പൂർത്തിയാക്കിയത്.
ബഹ്ലയിലെ പ്രധാന വിനോദസഞ്ചാര ഗ്രാമങ്ങളിലൊന്നായ വാദി അൽ ആലാ ഗ്രാമം ബഹ്ല നഗരമധ്യത്തിൽനിന്നും ഏകദേശം 30 കിലോമീറ്റർ മാറി, പ്രശസ്തമായ അൽ കൂർ പർവതത്തിന്റെ കിഴക്കൻ ചരിവിലാണ് സ്ഥിതിചെയ്യുന്നത്.
ഗ്രാമത്തിൽ 3,000ത്തിലധികം ആളുകൾ താമസിക്കുന്നുണ്ട്. ‘മഹിമയുടെയും സൗന്ദര്യത്തിന്റെയും താഴ്വര’ എന്ന പേരിൽ വിശേഷിപ്പിക്കപ്പെടുന്ന വാദി അൽ ആലാ ഗ്രാമം, ഒമാന്റെ ഗ്രാമീണ ജീവിത രീതികൾ അടുത്തറിയാൻ ആഗ്രഹിക്കുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. ചരിത്രപരമായും വാസ്തുവിദ്യാപരമായും ഏറെ പ്രാധാന്യമുള്ള പള്ളിയാണ് അൽ വാദി അൽ ആലാ പള്ളി. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ പള്ളി ഒമാന്റെ തനതായ ഇസ്ലാമിക വാസ്തുവിദ്യയുടെയും സംസ്കാരത്തിന്റെയും അടയാളമാണ്. പൗരാണിക കാലം മുതൽക്കേ ഒരു ആത്മീയ കേന്ദ്രമായും സാമൂഹിക ഒത്തുചേരൽ കേന്ദ്രമായും ഇത് പ്രവർത്തിച്ചുവരുന്നുണ്ട്.
കഴിഞ്ഞ വർഷമാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പള്ളിയുടെ വാസ്തു ഭംഗി നിലനിർത്തി സമഗ്ര നവീകരണാണ് ലക്ഷ്യവെച്ചത്.
അംഗീകൃതമായ സാങ്കേതിക മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. കെട്ടിടത്തിന്റെ സുരക്ഷയും വിശ്വാസികൾക്ക് തുടർന്നും പ്രാർഥനക്കായി ഉപയോഗിക്കാനുള്ള സൗകര്യവും ഉറപ്പാക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകിയതായി അധികൃതർ പറഞ്ഞു.
സുൽത്താനേറ്റിലുടനീളം നടപ്പാക്കുന്ന ചരിത്ര സ്മാരകങ്ങളുടെ നവീകരണ -പരിപാലന പദ്ധതികളുടെ ഭാഗമായാണ് അൽ വാദി അൽ ആലാ പള്ളിയുടെ പുനരുദ്ധാരണ പ്രവൃത്തിയും നടപ്പാക്കിയതെന്ന് മന്ത്രാലയം അറിയിച്ചു.
ഒമാന്റെ സാംസ്കാരിക പൈതൃകവും ഒമാനി ശിൽപശൈലിയുടെ സ്വത്വവും സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത്തരം പുനരുദ്ധാണ പ്രവർത്തനങ്ങൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.