മസ്കത്ത്: മസ്കത്തിൽനിന്ന് സലാലയിലേക്കുള്ള ബസ് യാത്രയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള നടപടികളുമായി ട്രാഫിക് ഡയറക്ടറേറ്റ് ജനറൽ മുന്നിട്ടിറങ്ങുന്നു. ഇതിെൻറ ഭാഗമായി ഗതാഗത കമ്പനി പ്രതിനിധികളുടെയും മാനവ വിഭവ ശേഷി, ഗതാഗത വാർത്താ വിനിമയ മന്ത്രാലയം പ്രതിനിധികളുടെയും സംയുക്ത യോഗം വിളിച്ചുചേർത്തു.
ഗതാഗത സുരക്ഷാ നടപടികളുടെ അവലോകനത്തിന് ഒപ്പം ദീർഘദൂര ബസ്റൂട്ടുകളിലെ പ്രത്യേകിച്ച് സലാല റൂട്ടിലെ സുരക്ഷ ഉയർത്താൻ വേണ്ട നടപടികളുമാണ് യോഗം ചർച്ച ചെയ്തതെന്ന് ഡയറക്ടറേറ്റ് ജനറൽ ട്വിറ്ററിൽ അറിയിച്ചു. ബസുകൾക്ക് വേഗപരിധി നിർബന്ധമാക്കുന്നതിെൻറ പ്രാധാന്യം ഡയറക്ടർ ജനറൽ ചൂണ്ടിക്കാട്ടി. മണിക്കൂറിൽ നൂറു കിലോമീറ്റർ വേഗത്തിൽ മാത്രമേ ബസുകൾ സഞ്ചരിക്കാൻ പാടുള്ളൂവെന്നത് നിർബന്ധമാക്കണം. ഇതോടൊപ്പം അസി.ഡ്രൈവറുടെ സാന്നിധ്യം ഉറപ്പാക്കണം. ഒാരോ യാത്രക്ക് മുമ്പും ബസുകൾ പരിശോധിക്കുകയും മതിയായ അറ്റകുറ്റപ്പണി നടത്തുകയും വേണമെന്നും ഡയറക്ടർ ജനറൽ ചൂണ്ടിക്കാട്ടി. ഖരീഫ് സീസൺ ആരംഭിച്ചതോടെ സലാല റൂട്ടിൽ വാഹനാപകടങ്ങൾ ഒഴിവാക്കാൻ പൊലീസ് കർശന നിരീക്ഷണവും ഗതാഗത ബോധവത്കരണ പ്രവർത്തനങ്ങളുമാണ് നടത്തിവരുന്നത്. ജി.സി.സി രാഷ്ട്രങ്ങളിൽ നിന്നുള്ള സന്ദർശകർ പ്രധാനമായും വാദി ജിസി അതിർത്തി വഴിയാണ് ഒമാനിലേക്ക് എത്തുന്നത്. ഇവിടെ സലാലയിലേക്കുള്ള യാത്രയിൽ അനുവർത്തിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ പ്രതിപാദിക്കുന്ന ബുക്ലെറ്റുകൾ വാഹനയാത്രികർക്ക് വിതരണം ചെയ്തുവരുന്നുണ്ട്.
നിസ്വ-ആദം പൊലീസിെൻറ മേൽനോട്ടത്തിൽ ആദം-തുംറൈത്ത് റോഡിൽ ട്രാഫിക് പോയൻറും തുറന്നിട്ടുണ്ട്. സഹായം വേണ്ടവർക്ക് അതിവേഗം ആംബലൻസ്-എമർജൻസി സേവനങ്ങളും അടുത്തിടെ വർധിപ്പിച്ചിരുന്നു. അപകട പാതയായ ആദം-തുംറൈത്ത് റോഡിൽ വിവിധ നഗരങ്ങളിലായി ഏർപ്പെടുത്തിയ ആംബുലൻസ്, എമർജൻസി സേവനങ്ങളുടെ ടെലിഫോൺ നമ്പറുകൾ ആർ.ഒ.പി സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ച് വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.