മസ്കത്ത്: മ്യാന്മറിലെ ആക്രമണങ്ങളിൽ എല്ലാം നഷ്ടപ്പെട്ട് ബംഗ്ലാദേശിൽ അഭയം തേടിയ റോഹിങ്ക്യൻ അഭയാർഥികൾക്ക് സഹായഹസ്തവുമായി പെട്രോളിയം ഡെവലപ്മെൻറ് ഒമാനും. കമ്പനിയിലെ രണ്ടായിരത്തിലധികം ജീവനക്കാരിൽനിന്ന് സമാഹരിച്ച 1.92 ലക്ഷം റിയാൽ സഹായനിധിയിലേക്ക് കൈമാറി. പി.ഡി.ഒ എക്സ്റ്റേണൽ അഫയേഴ്സ് ആൻഡ് വാല്യുക്രിയേഷൻസ് ഡയറക്ടർ അബ്ദുൽ ആമിർ അബ്ദുൽ ഹുസൈൻ അൽ അജ്മി ഒമാൻ ചാരിറ്റബിൾ ഒാർഗനൈസേഷൻ എക്സിക്യൂട്ടീവ് ചെയർമാൻ അലി ഇബ്രാഹിം ഷെനൂൻ അൽ റൈസിക്ക് തുകയുടെ ചെക്ക് കൈമാറി.
ഒമാൻ ചാരിറ്റബിൾ ഒാർഗനൈസേഷനുമായി ചേർന്ന് റോഹിങ്ക്യകൾക്ക് മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിന് എല്ലാവിധ പിന്തുണയും നൽകുമെന്നും ഹുസൈൻ അൽ അജ്മി പറഞ്ഞു. യുദ്ധങ്ങളും പ്രകൃതി ദുരന്തങ്ങളും മൂലം ദുരിതമനുഭവിക്കുന്നവർക്കായി പി.ഡി.ഒ മുമ്പും സഹായങ്ങൾ നൽകിയിട്ടുണ്ട്. യെമനിലെ ദുരിതബാധിതർക്കായി രണ്ട് തവണകളിൽ 3.62 ലക്ഷം റിയാലാണ് പി.ഡി.ഒ ജീവനക്കാർ നൽകിയത്. നേപ്പാൾ ഭൂകമ്പം, സിറിയൻ ആഭ്യന്തര യുദ്ധത്തിലെയും ഗസയിലെയും ദുരിത ബാധിതർ, ഫിലിപ്പീൻസിലെ ചുഴലിക്കാറ്റ് എന്നീ സമയങ്ങളിലും പി.ഡി.ഒ ജീവനക്കാർ ധനസമാഹരണം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.