മസ്കത്ത്: ഒരിടവേളക്കുശേഷം മസ്കത്ത് -സലാല റോഡിൽ വീണ്ടും വാഹനാപകടം. ആദമിനടുത്ത് ബസും മറ്റൊരു വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു. ഒമ്പതുപേർക്ക് പരിക്കേറ്റിട്ടുണ്ട്. യമനിൽനിന്ന് വരുകയായിരുന്ന ബസും മറ്റൊരു വാഹനവുമാണ് കൂട്ടിയിടിച്ചത്.
ആദമിലേക്കുള്ള വഴിയിൽ ഗാബ കഴിഞ്ഞ് പത്തു കിലോമീറ്ററിന് ശേഷമാണ് അപകടം ഉണ്ടായതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഇരുവാഹനങ്ങളും അബൂദബിയിൽ രജിസ്റ്റർ ചെയ്തതാണ്. ബസിൽ 38 യാത്രക്കാരാണ് ഉണ്ടായിരുന്നത്. എതിരെ വന്ന വാഹനത്തിൽ രണ്ടു പേരും ഉണ്ടായിരുന്നു.
അപകടത്തിൽപെട്ടവരിൽ ഒരാൾ പാകിസ്താൻ പൗരനാണ്. ബാക്കിയുള്ളവരെല്ലാം യമനികളാണെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, ഇതിൽ മരിച്ചവർ ആരൊക്കെയാണെന്ന വിവരം പൊലീസ് വ്യക്തമാക്കിയിട്ടില്ല.
ഖരീഫ് സീസണ് ശേഷം ഇതാദ്യമായാണ് സലാല റൂട്ടിൽ ഒന്നിലധികം പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം നടക്കുന്നത്. കഴിഞ്ഞ ജൂൺ മുതൽ ആഗസ്റ്റ് വരെ കാലയളവിൽ ഇൗ റൂട്ടിൽ വിവിധയിടങ്ങളിലായി ഉണ്ടായ അപകടത്തിൽ മലയാളിയടക്കം 26 പേരാണ് മരിച്ചത്. ഇതിൽ ഒന്നിലധികം തവണ ബസുകളാണ് അപകടത്തിൽപെട്ടത്. ഖരീഫ് സീസൺ ആഘോഷിക്കാൻ സലാലയിലേക്ക് പോയവരും തിരികെ വന്നവരുമാണ് മരിച്ചവരിൽ ഏറെയും.
ഉയരുന്ന അപകടനിരക്ക് കണക്കിലെടുത്ത് പൊലീസ് ഖരീഫ് സീസണിൽ ഇൗ റൂട്ടിൽ പ്രത്യേക നിരീക്ഷണങ്ങൾ ഏർപ്പെടുത്തുകയും ചെക്ക്പോയിൻറുകൾ കൂടുതലായി ഏർപ്പെടുത്തുകയും ചെയ്തിരുന്നു. അമിതവേഗതയും തെറ്റായ മറികടക്കലുമാണ് ഇൗ റൂട്ടിലെ വാഹനാപകടങ്ങൾക്ക് പ്രധാന കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.