മസ്കത്ത്: 2025 വർഷത്തിൽ പബ്ലിക് പ്രോസിക്യൂഷൻ വകുപ്പ് ആകെ 55,164 കേസുകൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. കേസുകളിൽ മുൻവർഷത്തേക്കാൾ 19 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.ഗുരുതര കുറ്റകൃത്യങ്ങൾ 13.7 ശതമാനവും ചെറിയ കുറ്റങ്ങൾ 19.6 ശതമാനവും വർധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. ആകെ കേസുകളിൽ 52,553 ചെറുകുറ്റങ്ങളും 2,593 ഗുരുതര കുറ്റകൃത്യങ്ങളും 18 മറ്റ് നടപടികളും ഉൾപ്പെടുന്നു.ഇതോടെ 98.4 ശതമാനം കേസുകളും തീർപ്പാക്കിയതായും വകുപ്പ് അറിയിച്ചു. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടന്ന വാർഷിക സമ്മേളനത്തിൽ 2025ലെ പ്രധാന കണക്കുകളും പ്രവർത്തന സൂചികകളും പബ്ലിക് പ്രോസിക്യൂഷൻ അവതരിപ്പിച്ചു.
രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, സ്വീകരിച്ച നിയമനടപടികൾ, പ്രതികളുടെ സാമൂഹികഘടന, കോടതി വിധികൾ, കൂടുതലായി റിപ്പോർട്ട് ചെയ്ത കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ അവലോകനമാണ് അവതരിപ്പിച്ചത്.2025ൽ ഔദ്യോഗികമായി പ്രതിചേർക്കപ്പെട്ടവരുടെ എണ്ണം 73,391 ആയി. 2024നേക്കാൾ 24.7 ശതമാനം വർധനവാണിത്. പ്രതികളിൽ 89.2 ശതമാനവും പുരുഷന്മാരും 1.6 ശതമാനം പ്രായപൂർത്തിയാകാത്തവരുമാണ്. 47.5 ശതമാനം വിദേശികളാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
കേസുകളുടെ എണ്ണത്തിൽ മസ്കത്ത് ഗവർണറേറ്റാണ് മമ്പിൽ; 23,748 കേസുകൾ. വടക്കൻ ബാത്തിന ഗവർണറേറ്റ്-10,744, ദോഫാർ ഗവർണറേറ്റ്-6,179 എന്നിവ തുടർസ്ഥാനങ്ങളിലുണ്ട്. റിപ്പോർട്ടിങ് ഏജൻസികളിൽ റോയൽ ഒമാൻ പൊലീസ് -38,270 ഒന്നാമതെത്തി.തൊഴിൽ മന്ത്രാലയം 9,198 റിപ്പോർട്ടുകളും പബ്ലിക് പ്രോസിക്യൂഷന്റെ ഇലക്ട്രോണിക് സേവന പോർട്ടൽ 3,996 റിപ്പോർട്ടുകളും ഉപഭോക്തൃ സംരക്ഷണ അതോറിറ്റി 2,719 റിപ്പോർട്ടുകളും സമർപ്പിച്ചു.
കുറ്റകൃത്യങ്ങളുടെ വിഭാഗത്തിൽ തൊഴിൽ നിയമലംഘനങ്ങളാണ് ഏറ്റവും കൂടുതലായി റിപ്പോർട്ട് ചെയ്തത് -22,309 കേസുകൾ. ചെക്ക് തട്ടിപ്പ് 10,482 കേസുകളും വിദേശികളുടെ താമസനിയമ ലംഘനം 9,493 കേസുകളും രേഖപ്പെടുത്തി.ഇലക്ട്രോണിക് ചാനലുകൾ വഴി ലഭിച്ച കേസുകൾ 54,276 ആയി. 2024നേക്കാൾ 19.2 ശതമാനം വർധനയാണിത്.സർക്കാർ ഡിജിറ്റൽ പരിവർത്തന സൂചികയിൽ വകുപ്പ് 82 ശതമാനം സ്കോർ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.