സുൽത്താൻ ഖാബൂസ് സർവകലാശാലയിൽ നടക്കുന്ന പുരാവസ്തു പഠനത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര
സമ്മേളനത്തിലെ പ്രദർശനം വിശിഷ്ടാതിഥികൾ നോക്കിക്കാണുന്നു
മസ്കത്ത്: ഒമാൻ ഉപദ്വീപിലെ പുരാവസ്തു പഠനത്തെക്കുറിച്ചുള്ള ആദ്യ അന്താരാഷ്ട്ര സമ്മേളനം ചൊവ്വാഴ്ച സമാപിക്കും. സുൽത്താൻ ഖാബൂസ് സർവകലാശാലയിൽ നടക്കുന്ന സമ്മേളനത്തിൽ ഒമാനിനകത്തുനിന്നും പുറത്തുനിന്നുമുള്ള 100 ഓളം ശാസ്ത്രജ്ഞരും ഗവേഷകരും പുരാവസ്തു വിദഗ്ധരും പങ്കെടുക്കുന്നുണ്ട്. പൈതൃക -ടൂറിസം മന്ത്രി സയ്യിദ് ഇബ്രാഹിം സഈദ് അൽ ബുസൈദിയുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങോടെയാണ് സമ്മേളനത്തിന് തുടക്കമായത്. മൂന്ന് ദിവസത്തെ സമ്മേളനത്തിൽ 60 ഗവേഷകരും അക്കാദമിക്കുകളും ആറു പ്രധാന വിഷയങ്ങളിലായി ശാസ്ത്ര പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നുണ്ട്.
ഒമാനിലെ പൗരാണിക നാഗരികതയുടെ ശേഷിപ്പുകൾ
‘ജേർണൽ ഓഫ് ഒമാൻ സ്റ്റഡീസ്’ (1975-2025) എന്ന ജേർണലിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൈതൃക -ടൂറിസം മന്ത്രാലയവും സുൽത്താൻ ഖാബൂസ് സർവകലാശാലയും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ശാസ്ത്രീയ സംവാദത്തിനും അനുഭവ കൈമാറ്റത്തിനും വേദിയൊരുക്കുക, പുരാവസ്തു ഗവേഷണം, സൈറ്റ് മാനേജ്മെന്റ്, പൈതൃക സംരക്ഷണം തുടങ്ങിയ മേഖലകളിലെ സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യുക, ശാസ്ത്രീയ സഹകരണത്തിനുള്ള പുതിയ സാധ്യതകൾ തേടുക എന്നിവയാണ് ലക്ഷ്യം. ഇതുവഴി പൈതൃക സംരക്ഷണത്തിനും സാംസ്കാരിക വികസനത്തിനും പിന്തുണയാകുന്ന ശക്തമായ വിജ്ഞാന അടിത്തറ രൂപപ്പെടുത്തുകയാണ് ലക്ഷ്യം.
ഒമാൻ ചരിത്രത്തിന്റെ ആഴങ്ങളിൽ വേരൂന്നിയ ദേശമാണെന്നും നൂറ്റാണ്ടുകളിലൂടെയുള്ള മനുഷ്യ -നാഗരിക ഇടപെടലുകളുടെ ജീവിക്കുന്ന സാക്ഷ്യമാണ് ഈ നാടെന്നും പൈതൃക -ടൂറിസം മന്ത്രാലയത്തിലെ പൈതൃക വിഭാഗം അണ്ടർ സെക്രട്ടറി എൻജിനീയർ ഇബ്രാഹിം സഈദ് അൽ ഖറൂസി പറഞ്ഞു. ആയിരക്കണക്കിന് വർഷങ്ങളായി മനുഷ്യരുടെ ജീവിതരീതികളെയും പരിസ്ഥിതിയുമായുള്ള ബന്ധത്തെയും തെളിയിക്കുന്ന വസ്തുനിഷ്ഠ രേഖകളാണ് പുരാവസ്തുക്കളായി കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒമാന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം, സമുദ്ര -ഭൂഭാഗ പൈതൃകം എന്നിവ മൂലം മെസപ്പോട്ടോമിയ, സിന്ധുനദീതടം, കിഴക്കൻ ആഫ്രിക്ക തുടങ്ങിയ നാഗരികതകളെ ബന്ധിപ്പിച്ച ആഗോള വ്യാപാര -സാംസ്കാരിക ശൃംഖലകളിൽ പുരാതന ഒമാൻ നിർണായക പങ്കുവഹിച്ചതായും കണ്ടെത്തലുകൾ തെളിയിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 1950കളിൽ ആരംഭിച്ച ഘട്ടം ഘട്ടമായ പുരാവസ്തു ഗവേഷണം മന്ത്രാലയ രൂപീകരണത്തോടെ സർവേകൾ, ഖനനങ്ങൾ, പുരാവസ്തു കേന്ദ്രങ്ങളുടെ സംരക്ഷണം എന്നിവ സജീവമായതായും അദ്ദേഹം പറഞ്ഞു. ബി.സി മൂന്നാം സഹസ്രാബ്ദത്തിലേക്ക് എത്തുന്ന ‘മഗാൻ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കാലത്ത് ചെമ്പ് ഖനനത്തിന്റെയും കയറ്റുമതിയുടെയും പ്രധാന കേന്ദ്രമായിരുന്നു ഒമാൻ എന്നതിന്റെ തെളിവുകളായുള്ള നിരവധി പുരാവസ്തു കേന്ദ്രങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. നവീന ശിലായുഗം മുതൽ വെങ്കലയുഗം, ഇരുമ്പുയുഗം, ഇസ്ലാമിക കാലഘട്ടം വരെ വ്യാപിക്കുന്ന കണ്ടെത്തലുകൾ ഒമാനിൽ ആയിരക്കണക്കിന് വർഷങ്ങളായി തുടർച്ചയായ മനുഷ്യ വാസം ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പുരാവസ്തുവും പൈതൃകവും സംബന്ധിച്ച ശാസ്ത്രീയ സംവാദങ്ങളുടെ കേന്ദ്രമായി ഒമാനെ മാറ്റുകയും ഗവേഷണ പങ്കാളിത്തങ്ങൾ വിപുലീകരിക്കുകയും ചെയ്യുകയാണ് സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടക സമിതി ചെയർമാൻ ഡോ. നാസർ അൽ ജഹ്വരി പറഞ്ഞു. ഉദ്ഘാടന പരിപാടിയുടെ ഭാഗമായി ‘ജേർണൽ ഓഫ് ഒമാൻ സ്റ്റഡീസ്’ന്റെ സുവർണ ജൂബിലിയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ഒമാൻ പോസ്റ്റുമായി സഹകരിച്ച് പുറത്തിറക്കിയ സ്മാരക സ്റ്റാമ്പും, ‘ആർക്കിയോപ്രസ്’ ജേർണലിന്റെ വെബ്സൈറ്റും ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.