റിയാഹ്-2 പദ്ധതിയുടെ ആദ്യ ടർബൈൻ വിജയകരമായി സ്ഥാപിച്ചപ്പോൾ
മസ്കത്ത്: ഫ്രാൻസ്-ഒമാൻ പങ്കാളിത്ത പദ്ധതിയായ റിയാഹ്-2 കാറ്റാടി വൈദ്യുത പദ്ധതിയിൽ ആദ്യ ടർബൈൻ വിജയകരമായി സ്ഥാപിച്ചു. ഒമാനിലെ പുനരുപയോഗ ഊർജ്ജ മേഖലയിലെ സുപ്രധാന കാറ്റാടി നിലയ പദ്ധതിയായ റിയാഹ്-2 പദ്ധതി നിർമാണ പ്രവർത്തനങ്ങൾ ഗോൾഡ് വിൻഡ് എന്ന ചൈനീസ് കമ്പനിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്.
ഒ.ക്യു ആൾട്ടർനേറ്റീവ് എനർജി, ഫ്രഞ്ച് കമ്പനിയായ ടോട്ടൽ എനർജീസ് എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. അൽ വുസ്ത, ദോഫാർ മേഖലകളിലായി ആവിഷ്കരിച്ച റിയാഹ്-1, റിയാഹ്-2 എന്നീ രണ്ട് പദ്ധതികളിലുമായി 36 ടർബൈനുകളാണ് സ്ഥാപിക്കുക.
ഇവയിലൂടെ മൊത്തം 234 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയും. ഒമാനിൽ ഇതുവരെ ഇറക്കുമതി ചെയ്തതിൽ വച്ച് ഏറ്റവും നീളമേറിയ ബ്ലേഡുകളാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. ടർബൈൻ ടവറുകൾക്ക് ഏകദേശം 200 മീറ്റർ ഉയരവും ഓരോ ബ്ലേഡിനും 90.2 മീറ്റർ നീളവുണ്ടാകും. ഈ പദ്ധതിയിൽ നിന്നുള്ള വൈദ്യുതി പ്രധാനമായും പെട്രോളിയം ഡെവലപ്മെന്റ് ഒമാന്റെ (പി.ഡി.ഒ) പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. ഇത് പ്രകൃതിവാതകത്തിന്റെ ഉപയോഗം കുറക്കാനും പ്രതിവർഷം 7,40,000 ടൺ കാർബൺ പുറന്തള്ളലിനെ തടയാനും സഹായിക്കും.ഈ വർഷം അവസാനത്തോടെ പദ്ധതി പൂർണമായും പ്രവർത്തനസജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.