ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലെ അധ്യാപകരുടെ മികച്ച സംഭാവനകൾക്കുള്ള നവിൻ ആഷർ ഖാസി അധ്യാപന മികവ് പുരസ്കാരം നേടിയവർ
മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലെ അധ്യാപകരുടെ മികച്ച സംഭാവനകൾക്ക് നവിൻ ആഷർ ഖാസി അധ്യാപന മികവ് പുരസ്കാരം 2025-26 കൈമാറി. ഇന്ത്യൻ സ്കൂൾസ് ഒമാൻ ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്കൂൾ മസ്കത്തിലായിരുന്നു ചടങ്ങ്.
സി.ബി.എസ്.ഇ സെക്രട്ടറി ഹിമാൻഷു ഗുപ്ത മുഖ്യാതിഥിയായി. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ സ്കൂളുകളുടെ ഡയറക്ടർ ജനറൽ ഡോ. ഖദീജ അലി മുഹമ്മദ് അൽ സലാമി, സി.ബി.എസ്.ഇ ദുബൈ റീജിയണൽ ഓഫിസ് ആൻഡ് സെന്റർ ഓഫ് എക്സലൻസ് ഡയറക്ടർ പ്രഫ. ഡോ. രാം ശങ്കർ, വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഇന്റർനാഷണൽ സ്കൂൾസ് ഓഫിസ് അസി. ഡയറക്ടർ കൗദർ ബിൻത് ഖലീഫ ബിൻ ഖമാസ് അൽ സുലൈമാനി, നവിൻ ആഷർ ഖാസി പുരസ്കാരം നൽകുന്ന കിരൺ ആഷറും കുടുംബവും, ഇന്ത്യൻ സ്കൂൾസ് ഒമാൻ ബോർഡ് ചെയർമാൻ സയ്യിദ് അഹ്മദ് സൽമാൻ, വൈസ് ചെയർമാൻ ഹർഷേന്ദു ഷാ, ബോർഡ് അംഗങ്ങൾ, വിവിധ ഇന്ത്യൻ സ്കൂളുകളുടെ പ്രസിഡന്റുമാർ, പ്രിൻസിപ്പൽമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യൻ സ്കൂൾ മസ്കത്തിന്റെ 50 വർഷത്തെ ചരിത്രം അവതരിപ്പിക്കുന്ന സ്മരണ ചിത്ര പ്രദർശനം അതിഥികൾ സന്ദർശിച്ചു. സി.ബി.എസ്.ഇ ഇന്ത്യയുടെ വിവിധ പദ്ധതികളെ ആസ്പദമാക്കി വിദ്യാർഥികൾ തയ്യാറാക്കിയ മോഡലുകളും കലാസൃഷ്ടികളും ഉൾപ്പെട്ട പ്രത്യേക പ്രദർശനവും ഉദ്ഘാടനം ചെയ്തു.
വിവിധ വിഭാഗങ്ങളിലായി റുക്സാന (ഇന്ത്യൻ സ്കൂൾ അൽ വാദി അൽ കബീർ), ഖാൻ സമീന മന്നാൻ (ഇന്ത്യൻ സ്കൂൾ ദാർസൈത്), സിന്ധു രാജഗോപാൽ (ഇന്ത്യൻ സ്കൂൾ മസ്കത്ത്), ബിന്ദു രഞ്ജിത് (ഇന്ത്യൻ സ്കൂൾ ദാർസൈത്), അശ്വതി ചന്ദ്രൻ (ഇന്ത്യൻ സ്കൂൾ അൽ മബേല), പ്രീതി ജെ.വി. നായർ (ഇന്ത്യൻ സ്കൂൾ മസ്കത്ത്), ടി.കെ. നാരായണക്കുട്ടി (ഇന്ത്യൻ സ്കൂൾ സലാല), ബിലി രാജു (ഇന്ത്യൻ സ്കൂൾ മുലദ്ദ), ഈശ്വർ ദേശ്മുഖ് (ഇന്ത്യൻ സ്കൂൾ സലാല), പി.ബി. ശിബാസ് (ഇന്ത്യൻ സ്കൂൾ അൽ വാദി അൽ കബീർ) എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.
കൂടാതെ, വിവിധ വിഭാഗങ്ങളിലായി 65 അധ്യാപകർക്ക് അംഗീകാര സർട്ടിഫിക്കറ്റുകൾ നൽകി. ഇന്ത്യൻ സ്കൂൾ ദർസൈത്ത് പ്രിൻസിപ്പൽ അമർ ശ്രീവാസ്തവയെ ദീർഘകാല സേവനത്തിന് ആദരിച്ചു. മലയാള സാഹിത്യത്തിൽ ഗവേഷണം നടത്തി പി.എച്ച്.ഡി നേടിയ ഇന്ത്യൻ സ്കൂൾ ജാലാനിലെ ഡോ. സന്ധ്യ എൻ.എസിനെയും പ്രത്യേകമായി അനുമോദിച്ചു. ഇന്ത്യൻ സ്കൂൾ മസ്കത്തിന്റെ 50 വർഷത്തെ യാത്ര രേഖപ്പെടുത്തുന്ന ‘ഐ.എസ്.എം@50 സുവനീർ’ പ്രകാശനം ചടങ്ങിൽ നടന്നു. കെയർ ആൻഡ് സ്പെഷ്യൽ എജുക്കേഷൻ വിദ്യാർഥികളുടെ ഗാന-നൃത്ത അവതരണങ്ങൾ ഉൾപ്പെട്ട സാംസ്കാരിക പരിപാടികൾ സമാപന ചടങ്ങിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.