മസ്കത്ത്: ഒമാനിൽ ഏറ്റവുമധികം കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്ത മത്ര വിലായത്തിലെ രോഗപകർച്ചയുടെ തോത് കുറഞ്ഞതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി. അറുപത് ശതമാനമായിരുന്ന രോഗപകർച്ച നിരക്ക് 35 ശതമാനമായാണ് കുറഞ്ഞത്. ഇത് കണക്കിലെടുത്ത് മത്ര വിലായത്തിലെ ഭൂരിഭാഗം മേഖലകളിലെയും ലോക്ഡൗൺ നിയന്ത്രണങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ നീക്കം ചെയ്യുമെന്ന് സുപ്രീം കമ്മിറ്റിയുടെ വാർത്താസമ്മേളനത്തിൽ ആരോഗ്യ മന്ത്രി പറഞ്ഞു. ഇതനുസരിച്ച് ഹമരിയ, വാദി കബീർ വ്യവസായ മേഖല, മത്ര സൂഖ് ഒഴിച്ചുള്ള സ്ഥലങ്ങളിൽ രണ്ടും മൂന്നും ഘട്ടങ്ങളിലായി പ്രവർത്തനാനുമതി നൽകിയ വാണിജ്യ സ്ഥാപനങ്ങൾക്ക് ജൂൺ 14 മുതൽ ഞായറാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാകും. രാവിലെ ഏഴുമണി മുതൽ വൈകുന്നേരം ആറു മണി വരെയാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുമതിയുണ്ടാവുക. റൂവി സൂഖിലെ സ്ഥാപനങ്ങൾ വാരാന്ത്യങ്ങളിൽ അടച്ചിടുകയും വേണം.
കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നത് കണക്കിലെടുത്ത് ദുകമിൽ ലോക്ഡൗൺ ഏർപ്പടുത്താനും തീരുമാനിച്ചതായി ആരോഗ്യ മന്ത്രി പറഞ്ഞു. വിമാനത്താവളങ്ങൾ പ്രവർത്തനമാരംഭിക്കുന്നതിനുള്ള എല്ലാ നടപടികളും പൂർത്തിയായതായും ആരോഗ്യ മന്ത്രി പറഞ്ഞു. ശനിയാഴ്ച മുതൽ ജൂലൈ മൂന്ന് വരെയാണ് ദുകമിൽ ലോക്ഡൗൺ പ്രാബല്ല്യത്തിലുണ്ടാവുക. ദോഫാർ അടക്കം വിനോദ സഞ്ചാര മേഖലകളിലെ ലോക്ഡൗണും ശനിയാഴ്ച പ്രാബല്ല്യത്തിൽ വരും. ദോഫാർ ഗവർണറേറ്റിലേക്ക് ഒരാളെയും കടക്കാൻ അനുവദിക്കില്ലെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
ടൂറിസ്റ്റ് വിസകളുടെ കാലാവധി നീട്ടിയതായി വാർത്താ സമ്മേളനത്തിൽ സംബന്ധിച്ച ടൂറിസം മന്ത്രി അഹമ്മദ് ബിൻ നാസർ അൽ മെഹ്രീസി പറഞ്ഞു. 2020 മാർച്ച് ഒന്നു മുതൽ ആഗസ്റ്റ് അവസാനം വരെ അനുവദിച്ച വിസയുടെ കാലാവധി അടുത്ത വർഷം മാർച്ച് വരെയാണ് നീട്ടി നൽകി. വിസ ലഭിക്കുകയും എന്നാൽ കോവിഡ് മൂലം രാജ്യത്ത് പ്രവേശിക്കാൻ കഴിയാതെ വരുകയും ചെയ്തവർക്കാണ് ഇതിെൻറ ആനുകൂല്ല്യം ലഭ്യമാവുക. ഇവർ അടുത്ത വർഷം മാർച്ചിനുള്ളിൽ രാജ്യത്ത് എത്തിയാൽ മതി.
വിമാനത്താവളങ്ങൾ പ്രവർത്തനമാരംഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായെങ്കിലുംആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് നീളുമെന്ന് വാർത്താസമ്മേളനത്തിൽ സംബന്ധിച്ച ഗതാഗത മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ ഫുതൈസി പറഞ്ഞു. ദോഫാറിലും ദുകമിലും ലോക്ഡൗൺ പ്രഖ്യാപിച്ചതാണ് കാരണം. അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നുവരുകയാണെന്നും മന്ത്രി പറഞ്ഞു. യു.എ.ഇയുമായുള്ള കര അതിർത്തി പൂർണമായി തുറക്കുന്നത് സംബന്ധിച്ച ചർച്ചകൾ തുടർന്നുവരുന്നതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.