മസ്കത്ത്: ഈ വർഷത്തെ ക്യൂ.എസ് സർവകലാശാല റാങ്കിങ്ങിൽ സുൽത്താൻ ഖാബൂസ് സർവകലാശാല (എസ്.ക്യു.യു) അറബ് സർവകലാശാലകളിൽ എട്ടാം സ്ഥാനത്തെത്തി. മസ്കത്ത് സീബിൽ സ്ഥിതി ചെയ്യുന്ന സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റിയിൽ നടന്ന ക്യു.എസ് അറബ് ഫോറത്തിന്റെ സമാപന ദിവസത്തിലായിരുന്നു പ്രഖ്യാപനം.
അറബ് റീജനൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ അറബ് അക്കാദമിക സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളികളെ തിരിച്ചറിയുകയും അക്കാദമിക രംഗത്തെ ഗവേഷണങ്ങളെയും പുതിയ കണ്ടെത്തലുകളെയും ഉയർത്തിക്കാട്ടുകയും ലക്ഷ്യമിട്ടാണ് ക്യു.എസ് അറബ് ഫോറം സംഘടിപ്പിച്ചത്. അറബ് സർവകലാശാലകളിലെ വൈസ് ചാൻസലർമാർ, അക്കാദമീഷ്യന്മാർ, ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗവേഷകർ, വിദ്യാഭ്യാസ വിദഗ്ദർ, നയരൂപകർത്താക്കൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.
സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി
ആദ്യമായാണ് ക്യു.എസ് അറബ് ഫോറത്തിന് സുൽത്താൻ ഖാബൂസ് സർവകലാശാല ആതിഥേയത്വം വഹിക്കുന്നത്. ഈ വർഷം 298 അറബ് സർവകലാശാലകൾ ക്യു.എസ് റാങ്കിങ്ങിൽ ഉൾപ്പെട്ടിരുന്നു. അതിൽ 82 പുതിയ സർവകലാശാലകളും ഒമാനിലെ 11 അക്കാദമിക് സ്ഥാപനങ്ങളും ഉൾപ്പെടുന്നു. ഒമാനിലെ 11 അക്കാദമിക് സ്ഥാപനങ്ങളിൽ നാലെണ്ണം പുതുതായി ഉൾപ്പെടുത്തിയവയാണ്.
ക്യു.എസ് അറബ് ഫോറത്തിൽ , പ്രാദേശിക ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന വെല്ലുവിളികളും മികച്ച പ്രായോഗിക മാതൃകകളും ചർച്ച ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി അക്കാദമിക് നവീകരണം, വിദ്യാഭ്യാസ ഗുണമേന്മ, അന്തർദേശീയ സഹകരണം, ഗവേഷണ പ്രവർത്തനം തുടങ്ങിയ വിഷയങ്ങളിൽ പാനൽ ചർച്ചകളും പ്രത്യേക ശിൽപശാലകളും സംഘടിപ്പിച്ചു. ഹൈബ്രിഡ് ലേണിങ്, വിദ്യാഭ്യാസരംഗത്ത് സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തൽ തുടങ്ങിയ പുതിയ സാധ്യതകളെയും പ്രവണതകളെയും ഫോറം സദസ്സിന് പരിചയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.