ഒരു പൊതുമേഖല ബാങ്കിൽ 30 വർഷത്തിൽ അധികം ജോലി ചെയ്ത എനിക്ക് ഈ കഴിഞ്ഞ മാസം നേരിട്ട രണ്ടു മൂന്ന് അനുഭവങ്ങളാണ് ഇത്തരം ഒരു ലേഖനം ഇപ്പോൾ എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. ഒന്നാമതായി മിനിമം ബാലൻസ് ഇല്ല എന്ന് പറഞ്ഞു ഒരു പുത്തൻ തലമുറ സ്വകാര്യ ബാങ്കിന്റേതാണ് നടപടി. ഒരു സുഹൃത്തിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് ഒരു റെക്കറിങ് ഡെപോസിറ്റ് തുടങ്ങിയത്. ഇതിനുവേണ്ടി ഒരു സേവിങ്സ് ബാങ്ക് അക്കൗണ്ടും തുടങ്ങി. ഡിസംബർ മാസത്തെ സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോൾ ആയിരത്തിലധികം രൂപ പിഴയായി എടുത്തത് കണ്ടു. വീണ്ടും പരിശോധിച്ചപ്പോൾ ജൂൺ മാസത്തിലും ഇതു സംഭവിച്ചിട്ടുണ്ട്. കുറഞ്ഞത് ഏകദേശം 25,000 രൂപ എങ്കിലും ഈ അക്കൗണ്ടിൽ ഉണ്ടാകാറുണ്ടെന്നു മാത്രവുമല്ല ഇന്റർനെറ്റ് ബാങ്കിങ് ഉൾപ്പെടെ ഒരു സേവനങ്ങളും പ്രസ്തുത ബാങ്കിൽനിന്നും തേടുന്നില്ല. മിനിമം ബാലൻസ് ഇല്ലാത്തുതുമായി ബന്ധപ്പെട്ടു കോടതി ഇടപെടലുകൾ ഈ അടുത്ത കാലത്തായി ഉണ്ടായിട്ടുണ്ട്. പല പ്രമുഖ പൊതു മേഖല ബാങ്കുകളും ഇപ്പോൾ മിനിമം ബാലൻസ് നിഷ്കർഷിക്കുന്നില്ല എന്നുള്ളതും അറിയുക. പരാതിപ്പെട്ടപ്പോൾ അവർ മുഴുവൻ തുകയും തിരിച്ചുതന്നു.
രണ്ടാമതായി ഒരു പൊതുമേഖലാ ബാങ്ക് എ.ടി.എം കാർഡ് സൗകര്യം ഇല്ലാത്ത ഒരു അക്കൗണ്ടിൽ ഡിസംബർ മാസത്തിൽ എ.ടി.എം കാർഡ് ചാർജ്സ് എന്ന് പറഞ്ഞു. അഞ്ഞൂറിൽ അധികം രൂപ അക്കൗണ്ടിൽ ഡെബിറ്റ് ചെയ്തിരിക്കുന്നു. രണ്ടു തവണ മെയിൽ അയച്ചിട്ടും തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ല.
ഡിസംബർ മാസത്തെ തന്നെ മറ്റൊരു സംഭവം ഒരു വായ്പ അക്കൗണ്ടിൽ ബാങ്ക് സ്വമേധയാ തെറ്റായി ലോൺ അടക്കേണ്ട തുക മാറ്റുകയും, അതുകൊണ്ടു അക്കൗണ്ട് കുടിശ്ശിക ആകുകയും ചെയ്തു. അതുകൊണ്ടു തന്നെ അക്കൗണ്ടിൽ പിഴ പലിശ ഈടാക്കുകയും ചെയ്തിരിക്കുന്നു. ബാങ്ക് അറിയിപ്പൊന്നും നൽകിയില്ല. അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് മേൽപ്പറഞ്ഞ കാര്യം മനസ്സിലാകുന്നത്. ആർ.ബി.ഐ പലിശ നിരക്കുകൾ പരിഷ്കരിക്കുമ്പോൾ അതനുസരിച്ചു വായ്പയുടെ മാസ അടവ് പുനഃക്രമീകരിക്കണമെന്ന സാമാന്യ മര്യാദ പോലും ഈ പ്രമുഖ പൊതുമേഖല ബാങ്ക് പാലിച്ചിട്ടില്ല.
ഇക്കാര്യങ്ങൾ പൊതുവെ പരിശോധിക്കുന്ന എന്നെ പോലുള്ളവർക്ക് ഇതാണ് അനുഭവമെങ്കിൽ ഒരു സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും? എല്ലാ ബാങ്കുകളെയും ഒരുപോലെ അടച്ചാക്ഷേപിക്കുകയല്ല ചെയ്യുന്നത്. ഉദ്യോഗസ്ഥർ അറിഞ്ഞോ അല്ലാതെയോ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നു എന്നുള്ളത് വാസ്തവമാണ്.
ബാങ്കുകൾ പല തരത്തിലുള്ള ചാർജുകൾ ഇടപാടുകാരുടെ അക്കൗണ്ടുകളിൽനിന്നും എടുക്കാറുണ്ട്. മിനിമം ബാലൻസ് ഇല്ലാത്തതിന്, ചെക്ക് ബുക്കിന്, എസ്.എം.എസ്, എ.ടി.എം കാർഡ് വാർഷിക ഫീസ് ഇങ്ങനെ പോകുന്നു നീണ്ട നിര. ബാങ്കുകളുടെ നിലനിൽപിനും മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിനും അവർക്കു ചെലവുകൾ ഉണ്ട്. പക്ഷേ അകാരണമായും, അന്യായമായും ചാർജുകൾ എടുക്കുമ്പോൾ അത് അധികാരികളെ ബോധ്യപ്പെടുത്തുക തന്നെ വേണം. പലപ്പോഴും പരാതിപ്പെടാൻ മിനക്കെടാതെ നമ്മൾ സഹിക്കുകയാണ് പതിവ്. ഒരു സാധാരണ പ്രവാസിയെ സംബന്ധിച്ചിടത്തോളം ഇക്കാര്യങ്ങൾ അവർ ശ്രദ്ധിക്കുന്നില്ല എന്നതാണ് വാസ്തവം. അതുകൊണ്ടു അവരുടെ നാട്ടിലുള്ള പങ്കാളിക്ക് ഇക്കാര്യങ്ങൾ പരിശോധിക്കാം.
എന്താണ് പരിഹാര മാർഗങ്ങൾ?
നിങ്ങളുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും വല്ലപ്പോഴും പരിശോധിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പ്രത്യേകിച്ച് ഡിസംബർ, മാർച്ച് മാസങ്ങളിൽ. ഇതിനു വേണ്ടി ഇന്റർനെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗപ്പെടുത്തുക. മേൽപറഞ്ഞ രീതിയിലുള്ള ചാർജുകൾ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ ഉടനെ തന്നെ പ്രസ്തുത ശാഖയിൽ രേഖാമൂലമുള്ള പരാതി കൊടുക്കുക. അത് ഇ-മെയിൽ ആയോ കത്ത് മുഖാന്തരമോ കൊടുക്കാവുന്നതാണ്. ഒരു തീരുമാനം ഉണ്ടാകാത്ത പക്ഷം ശാഖയുടെ മേലധികാരിയെ അറിയിക്കുക. ഇപ്രകാരമുള്ള ഇടപാടുകാരുടെ പരാതികൾ അറിയിക്കാൻ വേണ്ടിയുള്ള അഡ്രസ് /ഫോൺ നമ്പർ/മെയിൽ ഐ.ഡി എന്നിവ ബ്രാഞ്ചുകളിൽ തന്നെ ഇടപാടുകാരുടെ അറിവിലേക്കായി പ്രദശിപ്പിക്കണം എന്നാണ് വ്യവസ്ഥ. സ്വാഭാവികമായും അവിടെനിന്നും നിങ്ങൾക്ക് അനുകൂല നടപടികൾ ഉണ്ടാകും. അഥവാ ഇല്ലെങ്കിൽ അടുത്ത നടപടിയിലേക്കു കടക്കണം. ആർ.ബി.ഐ നിയമം അനുസരിച്ച് എല്ലാ ബാങ്കുകൾക്കും ഒരു ഉപഭോക്തൃ പരാതി പരിഹാര സെൽ ഉണ്ടാകും. പല പേരിലാണ് ഇത് അറിയപ്പെടുന്നത്.
ഇന്റേണൽ ഒംബുഡ്സ്മാൻ സിസ്റ്റം എന്നും അറിയപ്പെടും. അവിടെ പരാതി സമർപ്പിക്കാം. ഇനി അവിടെനിന്നും നിങ്ങളുടെ പരാതിക്കു പരിഹാരം ഉണ്ടായില്ലെങ്കിൽ നിങ്ങൾക്ക് പ്രധാനമായും രണ്ടു മാർഗങ്ങൾ സ്വീകരിക്കാം. ഒന്ന് ആർ.ബി.ഐയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓംബുഡ്സ്മാനിൽ പരാതി സമർപ്പിക്കാം.
ഇതിനു പ്രത്യേകിച്ച് ചെലവ് ഇല്ല. അല്ലെങ്കിൽ കൺസ്യൂമർ പ്രൊട്ടക്ഷൻ ഫോറത്തിൽ പരാതിപ്പെടാം. ഇതിനൊക്കെ സ്വൽപം മെനക്കെടണം എന്നുള്ളൊരു കാര്യം ഉണ്ട്. എത്രപേർക്ക് ഇതിനുള്ള സമയവും, സാഹചര്യവും ഉണ്ടെന്നുള്ളതും ഒരു വിഷയമാണ്.
എന്നിരുന്നാലും കുറച്ച് ആളുകൾ ഇതിനു മുതിർന്നാൽ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ല എന്ന് കരുതാം. ബാങ്കിങ് ഓംബുഡ്സ്മാൻ /കൺസ്യൂമർ ഫോറം എന്നിവിടങ്ങളിൽ എങ്ങനെ പരാതി സമർപ്പിക്കാം, നഷ്ടപരിഹാരം ഇവയെപ്പറ്റി അടുത്ത ലേഖനത്തിൽ വിശദീകരിക്കാം.
(തുടരും )
(ഗ്ലോബൽ മണി എക്സ്ചേഞ്ച് എക്സിക്യൂട്ടിവ്
അഡ്വൈസറാണ് ലേഖകൻ )
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.