കടലാമകളുടെ മുട്ടയിടലിന്റെയും കുഞ്ഞുങ്ങളുടെ വിരിഞ്ഞിറങ്ങലിന്റെയും വിജയനിരക്ക് അളക്കുകയാണ് പദ്ധതി ലക്ഷ്യം
മസ്കത്ത്: തെക്കൻ ശർഖിയ ഗവർണറേറ്റിലെ പരിസ്ഥിതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ മസിറ ദ്വീപിൽ കടലാമകളെക്കുറിച്ചുള്ള ഫീൽഡ് പഠന പദ്ധതി നടപ്പാക്കുന്നു. ഒലീവ് റിഡ്ലി ഇനത്തിലുള്ള കടലാമകളുടെ മുട്ടയിടലിന്റെയും കുഞ്ഞുങ്ങളുടെ വിരിഞ്ഞിറങ്ങലന്റെയും വിജയനിരക്ക് അളക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഫെബ്രുവരി മുതൽ മേയ് വരെ നീളുന്ന ഒലീവ് റിഡ്ലി കടലാമകളുടെ മുട്ടയിടൽ സീസണിനെയും മേയ് മുതൽ ഒക്ടോബർ വരെ നീളുന്ന ലോഗർഹെഡ് കടലാമ സീസണിനെയും ഉൾക്കൊള്ളുന്നതാണ് പദ്ധതി. ദ്വീപിന്റെ തെക്കൻ തീരപ്രദേശങ്ങളിലായി 84 കിലോമീറ്റർ നീളത്തിൽ നിരീക്ഷണം നടത്തും. ദിവസേന രണ്ട് ഷിഫ്റ്റുകളിലായാണ് സർവേ. പ്രഭാത ഷിഫ്റ്റിൽ കടലാമകളുടെ കാൽപ്പാടുകളും മുട്ടയിടുന്ന സ്ഥലങ്ങളും രേഖപ്പെടുത്തുകയും വഴിതെറ്റിയവയെ തിരികെ കടലിലേക്ക് വിടുകയും മരണങ്ങൾ ഉണ്ടെങ്കിൽ രജിസ്റ്റർ ചെയ്യുകയും ചെയ്യുന്നു. രാത്രി ഷിഫ്റ്റിലും പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും കടലാമകൾക്ക് ടാഗ് ഘടിപ്പിക്കുകയും തീരങ്ങൾ നിരീക്ഷിക്കുകയും ചെയ്യും.
കടലാമകളുടെ സംരക്ഷണവും ജൈവ വൈവിധ്യത്തിന്റെ നിലനിൽപ്പും ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മസിറ വിലായത്തിലെ കടലാമ സീസൺ പദ്ധതിയുടെ ഡയറക്ടർ ഗസ്സി ഹമദ് അൽ ഫാർസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.