പഞ്ചായത്ത് തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമാണ്. അതിലൂടെയാണ് ജനങ്ങൾ അവരുടെ പ്രദേശത്തെ വികസനവും നയങ്ങളും തീരുമാനിക്കുന്നത്. ഇത് ഗ്രാമ ബ്ലോക്ക് ജില്ല പഞ്ചായത്തുകളുടെ ഭരണഘടനപരമായ പ്രവർത്തനങ്ങളിലേക്കാണ് ജനങ്ങളെ നയിക്കുന്നത്. കൂടാതെ പരസ്പര സഹകരണത്തിനും വികസനത്തിനും പ്രാധാന്യം നൽകുന്നതുമാണ്. ഒരുതരത്തിൽ പറഞ്ഞാൽ ഓരോ നാടിന്റെയും പ്രാദേശിക തലത്തിൽ നടക്കുന്ന ജനാധിപത്യത്തിന്റെ ഉത്സവമാണ്.
ഓരോ വീടും വ്യക്തികളെയും തിരഞ്ഞു കണ്ടെത്തി വോട്ടുചെയ്യിക്കാൻ നടത്തുന്ന സൂക്ഷ്മത ഒരുപക്ഷേ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മാത്രം പ്രത്യേകതയാണ്. വീറും വാശിയും നിലനിൽക്കുന്നതോടൊപ്പം മനുഷ്യർക്കിടയിലെ ഇഴയടുപ്പം കൂടാനും യഥാർഥത്തിൽ ഇത് കാരണമാകുന്നു എന്ന് പൊതുവെ വിലയിരുത്താം.
തെരഞ്ഞെടുപ്പിൽ പങ്കുചേരുന്ന ഉദ്യോഗസ്ഥർ അടക്കമുള്ളവർ സാന്നിധ്യമുള്ള മേഖലകളിൽ നിയമനിർമാണ നടപടികളിൽ പങ്കാളികളാകുന്നതും ഗ്രാമ വികസന പദ്ധതികൾ നിർദേശിക്കുകയും നടപ്പാക്കുകയും ചെയ്യുന്നതും ജനങ്ങളുമായി ബന്ധപ്പെട്ട്, അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുകയും ദൈനംദിന ബുദ്ധിമുട്ടുകൾ കുറക്കുന്നതിനായി ദിശാനിർദേശം നൽകുകയും ചെയ്യുന്നു. ജനാധിപത്യത്തിന്റെ എല്ലാ മൂല്യങ്ങളും നിലകൊള്ളുന്നതും ഈ ജനാധിപത്യ പ്രക്രിയയിലാണ്.
സമത്വവും ജനാധിപത്യവും ഉറപ്പാക്കുന്നതിനുള്ള പ്രധാന ഉപാധിയാണ് ഇത്. ഗ്രാമീണ ജനങ്ങളുടെ സ്വാധീനം വർധിപ്പിക്കുകയും ജനകീയ ഭരണത്തിന്റെ ഉറപ്പുനൽകുകയും ചെയ്യാനുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ പ്രക്രിയ.
ഒരു രാഷ്ട്രീയ കുടുംബ പശ്ചാത്തലമുള്ള എന്റെ കുട്ടിക്കാല തെരഞ്ഞെടുപ്പ് ഓർമകൾ എന്നും മനോഹരമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ സ്ഥാനാർഥി നിർണയവും വീട് കേറലും പോസ്റ്റർ ഒട്ടിക്കലും ചർച്ചകളും ആയി ഫല പ്രഖ്യാപനം കഴിയുന്നത് വരെ ഉള്ള സംഭവ ബഹുലമായ ഓർമകൾ. എന്നിലെ രാഷ്ട്രീയ ബോധത്തിന്റെ അടിത്തറയും പിതാവിൽനിന്ന് പകർന്നുകിട്ടിയതും നാട്ടിലെ രാഷ്ട്രീയ അന്തരീക്ഷത്തിൽ വാർത്തെടുത്തതുമായ അനുഭവങ്ങളുടെ പ്രതിഫലനമാണ്. ആ ഓർമകളുടെ തിരയിളക്കം കൂടിയാണ് ഓരോ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പും. ആ ഓർമകളാണ് തെരഞ്ഞെടുപ്പ് അടുത്താൽ പ്രവാസലോകത്തുനിന്ന് നാട്ടിൽ ഓടിയെത്താൻ എന്നെപോലെ പലരെയും പ്രേരിപ്പിക്കുന്നത്.
കേരളത്തിലെ വലുപ്പത്തിലും രാഷ്ട്രീയം ചർച്ചയക്കുന്നതിലും മുന്നിൽനിൽക്കുന്ന വെങ്ങോല പഞ്ചായത്താണ് എന്റെത്. ഒരുകാലത്ത് മികച്ച പഞ്ചായത്തിനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് വാങ്ങിയ പഞ്ചായത്ത്, സമൂഹ വിവാഹം അത്രയൊന്നും പ്രചാരത്തിലില്ലാത്ത കാലത്ത് അത് നടപ്പാക്കിയതിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ സംഭവവും മനോഹരമായ ഓർമകളാണ്. അതിലേക്ക് നാടിനെ നയിച്ച, ദീർഘകാലം വെങ്ങോല പഞ്ചായത്ത് ഭരിക്കുകയും നാടിന്റെ ഉയർച്ചക്ക് ജീവിതത്തിന്റെ വലിയൊരു ഭാഗം മാറ്റിവെക്കുകയും ചെയ്ത എം.എം. അവറാൻ എന്ന ഒരു നാടിന്റെ നായകനെ ഓർക്കാനുള്ള ഒരവസരം കൂടിയാണ് ഞങ്ങൾക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പ്. അദ്ദേഹം ഇല്ലാത്ത ആദ്യ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൂടിയാണ് നടക്കാൻപോകുന്നത്.
ഇന്ന് ജനാധിപത്യ പ്രക്രിയയോട് മുഖം തിരിഞ്ഞുനിൽക്കുന്ന യുവതലമുറയെ കൂടി ജനാധിപത്യത്തിന്റെ പ്രസക്തി വെളിവാക്കുന്ന രീതിയിൽ രാഷ്ട്രീയബോധമുള്ളവരാക്കാൻ പ്രാദേശിക തലത്തിൽ നേതാക്കൾക്ക് കഴിയേണ്ടതുണ്ട്. പ്രാദേശിക വികസനം മാത്രമല്ല ദേശീയ രാഷ്ട്രീയ പ്രസക്തി കൂടി മനസ്സിലാക്കി പുതു തലമുറയെ വാർത്തെടുക്കാൻ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ പൗരന്മാരായ നമ്മൾക്കും ഉത്തരവാദിത്തം ഉണ്ട്. ജനാധിപത്യം കശാപ്പ് ചെയ്യുന്ന വർത്തമാന കാലത്ത് അതിനെതിരെ നിൽക്കാൻ സ്വകുടുംബത്തിലെ യുവനിരയെ പ്രതിജ്ഞാബദ്ധമാക്കണം. അതിനുള്ള കാഹളം ആകട്ടെ ഓരോ നാടിന്റെയും ഉള്ളറിഞ്ഞുള്ള തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ എന്ന് നമുക്ക് പ്രത്യാശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.