നാഷനൽ മ്യൂസിയത്തിൽ സംഘടിപ്പിച്ച ‘ഫലസ്തീനിയൻ മെലഡി’ എന്ന പരിപാടിയിൽനിന്ന്
മസ്കത്ത്: പലസ്തീൻ ജനതയോടുള്ള സ്നേഹത്തിന്റെ പ്രകടനമായി ‘ഫലസ്തീനിയൻ മെലഡി’ എന്നപേരിൽ നാഷനൽ മ്യൂസിയത്തിൽ പരിപാടി സംഘടിപ്പിച്ചു. ക്ലിനിക്കൽ സൈക്കോളജി സ്പെഷലിസ്റ്റ് സയ്യിദ വഫ ബിൻത് ഹിലാൽ അൽ ബുസൈദിയ്യയുമായി സഹകരിച്ചായിരുന്നു പരിപാടി.
ഒമാനിലെ ഫലസ്തീൻ സ്ഥാനപതി ഡോ.തയ്സിർ ഫർഹത്ത്, ഉന്നതർ, വിശിഷ്ട വ്യക്തികൾ, വിശിഷ്ടാതിഥികൾ, വിഷ്വൽ ആർട്ടിസ്റ്റുകൾ, സംഗീതജ്ഞർ, സാംസ്കാരിക, കലാപരമായ കാര്യങ്ങളിൽ താൽപര്യമുള്ളവർ എന്നിവർ പങ്കെടുത്തു. രണ്ട് ജനതകൾ തമ്മിലുള്ള നല്ല ബന്ധത്തെ പ്രതിഫലിപ്പിക്കുന്ന സാംസ്കാരികവും മാനുഷികവുമായ ഐക്യദാർഢ്യ സംരംഭമാണ് പരിപാടിയെന്ന് സയ്യിദ വഫ ബിൻത് ഹിലാൽ അൽ ബുസൈദിയ പറഞ്ഞു.
പിന്തുണയും ഐക്യദാർഢ്യവും പ്രകടിപ്പിക്കുക, ഫലസ്തീൻ പൈതൃകവും സംസ്കാരവും ഉയർത്തിക്കാട്ടുക, സമാധാനത്തിന്റെയും നീതിയുടെയും സന്ദേശങ്ങൾ കൈമാറുക, ഫലസ്തീൻ ജനതയുടെ സ്വാതന്ത്ര്യത്തിനും അവകാശം വീണ്ടും ഉറപ്പിക്കുക എന്നിവയാണ് പരിപാടിയിലൂടെ ലക്ഷ്യമിട്ടിരുന്നത്.
വിദ്യാഭ്യാസ മന്ത്രാലയത്തിലെ എജുക്കേഷൻ സൂപ്പർവിഷൻ വകുപ്പുമായി സഹകരിച്ച് വിദ്യാർഥികളും ഒമാനി സംഗീതജ്ഞരും ഉൾപ്പെടെ വൈവിധ്യമാർന്ന സാംസ്കാരികവും കലാപരവുമായ പരിപാടികൾ ‘ഫലസ്തീനിയൻ മെലഡി’യിൽ ഉൾപ്പെടുത്തിയിരുന്നു.
‘ഫലസ്തീൻ ഞങ്ങളെ ആശങ്കപ്പെടുത്തുന്നു’ എന്ന തലക്കെട്ടിൽ വിഡിയോ, കുട്ടികൾ ഫലസ്തീൻ ചുവർചിത്രം സൃഷ്ടിക്കൽ, മുതിർന്ന ഒമാനി വിഷ്വൽ ആർട്ടിസ്റ്റുകളുടെയും ഡിസൈനർമാരുടെയും പങ്കാളിത്തത്തോടെയുള്ള ആർട്ട് ലേവും ഒരുക്കിയിട്ടുണ്ട്. ഈ ലേലത്തിൽനിന്ന് കിട്ടുന്ന ലാഭം ഗസ്സയിലെ ജനങ്ങൾക്ക് സഹായമെത്തിക്കുന്ന ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷന് കൈമാറും. ഫലസ്തീന്റെ ചരിത്രവും സംസ്കാരവും ചിഹ്നങ്ങളും പരിചയപ്പെടുത്താൻ ഫലസ്തീൻ കോർണറും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.