ഉരീദോയുടെ സലാല ഡേറ്റ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന്
മസ്കത്ത്: മേഖലയിലെ പ്രധാനപ്പെട്ട ഡിജിറ്റൽ ഹബ്ബുകളിൽ ഒന്നായി ഒമാനെ മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായി ഉരീദോ സലാല ഡേറ്റ സെന്ററിന്റെയും സബ്മറൈൻ കേബിൾ ലാൻഡിങ് സ്റ്റേഷന്റെയും ഉദ്ഘാടനം നടന്നു. ദോഫാർ മേഖലയിൽ തന്ത്രപരമായി സ്ഥിതി ചെയ്യുന്ന സലാല, ഒന്നിലധികം ആഗോള സബ് സീ കേബിൾ സംവിധാനങ്ങളിലൂടെ ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവയെ ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര കണക്ടിവിറ്റിയുടെ നിർണായക നോഡായി ഉയർന്നുവരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
ക്ലാസ് ത്രീ കംപ്ലയൻസ് ഡേറ്റ സെന്ററും ഒരു സബ്മറൈൻ കേബിൾ ലാൻഡിങ് സ്റ്റേഷനും സംയോജിപ്പിക്കുന്ന തെക്കൻ ഒമാനിലെ ആദ്യത്തേതാണ് ഈ പുതിയ സംരംഭം. അടുത്ത തലമുറയിലെ ക്ലൗഡ്, എ.ഐ, എഡ്ജ് കമ്പ്യൂട്ടിങ് സേവനങ്ങളെ പിന്തുണക്കുന്നതിനായി നിർമിച്ച ഈ സൗകര്യം 125 പൂർണ സെർവർ റാക്കുകൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലത്തോടെയാണ് ആരംഭിക്കുന്നത്. കൂടാതെ ഘട്ടംഘട്ടമായി 500 ആയി വളരുകയും രാജ്യത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന് പുതിയ മാനദണ്ഡം നൽകുകയും ചെയ്യും.
സലാല ഡേറ്റ സെന്ററും ലാൻഡിങ് സ്റ്റേഷനും ഒമാന്റെ ഡിജിറ്റൽ ഭാവിക്ക് ഉത്തേജകമാണെന്ന് ഉരീദോ ഇൻഫ്രാസ്ട്രക്ചർ ഡയറക്ടർ സഈദ് അൽ ഗഫ്രി പറഞ്ഞു. സാമ്പത്തിക വൈവിധ്യവത്കരണം നയിക്കുന്നതിലും, ആഗോള ഡിജിറ്റൽ നിക്ഷേപം ആകർഷിക്കുന്നതിലും, ക്ലൗഡ്, എ.ഐ നവീകരണത്തിന്റെ അടുത്ത തരംഗം പ്രാപ്തമാക്കുന്നതിലും ഞങ്ങളുടെ പങ്ക് ഇത് ശക്തിപ്പെടുത്തുന്നു. അന്താരാഷ്ട്ര കണക്ടിവിറ്റിക്ക് തെക്കൻ കവാടം സൃഷ്ടിക്കുന്നതിലൂടെ, ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിൽ ഒമാന്റെ സ്ഥാനം ഞങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര കേബിളുകൾക്കായി സുരക്ഷിതമായ തെക്കൻ ഗേറ്റ്വേ സൃഷ്ടിക്കുന്നതിലൂടെ, പദ്ധതി സുപ്രധാന നെറ്റ്വർക്ക് പ്രതിരോധശേഷി വർധിപ്പിക്കുകയും ലേറ്റൻസി കുറക്കുകയും വേഗതയേറിയതും കൂടുതൽ വിശ്വസനീയവുമായ കണക്ഷനുകൾ തുറക്കുകയും ചെയ്യുന്നു. ആഗോള ഓപറേറ്റർമാരെയും ഹൈപ്പർ സ്കെയിലർമാരെയും ക്ലൗഡ് ദാതാക്കളെയും ഒമാനിലേക്ക് ആകർഷിക്കുന്നതിലൂടെ പ്രാദേശിക സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.