രാജ്യത്ത് വിവിധയിടങ്ങളില്‍ മഴ  

മസ്കത്ത്: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം തീരത്തോട് അടുത്തതിന്‍െറ ഫലമായി രാജ്യത്തിന്‍െറ വിവിധയിടങ്ങളില്‍ മഴ. റുസ്താഖിന്‍െറ പ്രാന്തപ്രദേശങ്ങളില്‍ ശക്തമായ മഴയാണ് ഉണ്ടായത്. റുസ്താഖ് ടൗണിലും തരക്കേടില്ലാത്ത മഴയുണ്ടായി. ഉള്‍പ്രദേശങ്ങളില്‍ പലയിടത്തും വാദികള്‍ രൂപപ്പെട്ടു. ടൗണില്‍ പെട്രോള്‍ പമ്പുകളിലും മറ്റും വെള്ളംനിറഞ്ഞു. 
വാദികളില്‍ ആരും അപകടത്തില്‍പെട്ടതായ വിവരം ലഭിച്ചിട്ടില്ല. സൊഹാര്‍, ദിബ്ബ, സഹം, സീബ്, മബേല എന്നിവിടങ്ങളിലും മഴ ലഭിച്ചു.  ചിലയിടങ്ങളില്‍ സാമാന്യം ശക്തമായ മഴ ലഭിച്ചപ്പോള്‍ മറ്റു ചിലയിടങ്ങളില്‍ ചാറ്റല്‍മഴയാണ് ഉണ്ടായത്. സീബിലും മബേലയിലും വൈകുന്നേരം മൂന്നുമുതല്‍ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. കാഴ്ചയെ മറക്കുംവിധമാണ് കാറ്റ് അനുഭവപ്പെട്ടതെന്ന് ഇവിടത്തെ താമസക്കാര്‍ പറയുന്നു. തുടര്‍ന്ന് സന്ധ്യയോടെ ചാറ്റല്‍മഴ പെയ്തു. തിവി, കല്‍ഹാത്ത് എന്നിവിടങ്ങളിലും കനത്ത മഴയുണ്ടായി. അമിറാത്തിലും ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. മസ്കത്ത്, റൂവി, മത്ര തുടങ്ങിയയിടങ്ങളില്‍ വൈകുന്നേരത്തോടെ മഴമേഘങ്ങള്‍ ഉരുണ്ടുകൂടിയെങ്കിലും പെയ്യാതെ പോയി. രാത്രിയും തണുത്ത കാലാവസ്ഥ തുടരുകയാണ്. വ്യാഴാഴ്ച മുതല്‍ മൂന്നുദിവസം ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നവര്‍ സൂക്ഷിക്കണമെന്നും അറിയിപ്പിലുണ്ട്. മസ്കത്തിലും റൂവിയിലുമെല്ലാം മഴ ലഭിച്ചിട്ട് ഒരു വര്‍ഷത്തോളമായി. രാജ്യത്തിന്‍െറ മറ്റിടങ്ങളിലും കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ കാര്യമായ മഴ ലഭിച്ചിട്ടില്ല. ഇതേ തുടര്‍ന്ന് വിവിധയിടങ്ങളില്‍ മഴക്കായുള്ള നമസ്കാരങ്ങള്‍ നടന്നിരുന്നു. സീബ് വിലായത്തില്‍ ശനിയാഴ്ച രാവിലെ 7.30ന് മഴക്കായുള്ള നമസ്കാരം നടക്കുമെന്ന് വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം അറിയിച്ചിരുന്നു. 

 

Tags:    
News Summary - oman rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.