മസ്കത്ത്: രാജ്യത്തെ 600ലധികം ആരോഗ്യ പ്രവർത്തകർക്ക് ഇതുവരെ കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അൽ ഹുസ്നി. ഇവരിൽ ഭൂരിപക്ഷം പേർക്കും രോഗികളെ ശുശ്രൂഷിച്ചതിലൂടെയല്ല മറിച്ച് സമൂഹ വ്യാപനത്തിലൂടെയാണ് വൈറസ് ബാധയേറ്റതെന്നും അണ്ടർ സെക്രട്ടറി പ്രാദേശിക റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പ്രതിരോധ നടപടികൾ കൈക്കൊള്ളുന്നതിലെ അലംഭാവമാണ് സ്വദേശി കുടുംബങ്ങളിൽ േകാവിഡ് ബാധ കുത്തനെ ഉയരുന്നതിനുള്ള പ്രധാന കാരണം.
പ്രതിരോധ നടപടികൾ പാലിച്ചാൽ രോഗബാധ കുറക്കാൻ സാധിക്കും. രോഗപ്പകർച്ചയുടെ പേരിൽ സ്വദേശി പൗരന്മാരെ കുറ്റപ്പെടുത്താനില്ലെന്നും അൽ ഹുസ്നി പറഞ്ഞു. രോഗവ്യാപനം തടയാൻ ഒാരോ വ്യക്തിയും പരിശ്രമിക്കണം. നിലവിലെ സാഹചര്യം ഇല്ലാതാകാൻ ഏറെ സമയമെടുക്കും. എല്ലാ പൗരന്മാരും രോഗവ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളിൽ പങ്കാളികളാകണമെന്നും ഡോ. അൽ ഹുസ്നി പറഞ്ഞു.
രാജ്യത്തെ കോവിഡ് മരണങ്ങൾ മൊത്തം രോഗബാധിതരുടെ എണ്ണത്തിെൻറ 0.5 ശതമാനത്തിൽ താഴെയാണ്. മരണങ്ങളുടെ എണ്ണം കുറക്കുന്നതിനുള്ള ശ്രമങ്ങളാണ് ആരോഗ്യ മന്ത്രാലയം നടത്തിവരുന്നതെന്നും അൽ ഹുസ്നി പറഞ്ഞു. റോയൽ ആശുപത്രി കോവിഡ് രോഗപ്പകർച്ചയുടെ കേന്ദ്രമായെന്ന രീതിയിലുള്ള പ്രചാരണങ്ങളെയും അണ്ടർ സെക്രട്ടറി തള്ളിക്കളഞ്ഞു. രാജ്യത്തെ ഒരു മേഖലയിലെയും ആശുപത്രികൾ രോഗപ്പകർച്ചയുടെ കേന്ദ്രമാകുന്ന ഘട്ടത്തിലേക്ക് ഒമാൻ എത്തിയിട്ടില്ല.
ഭൂരിപക്ഷം കോവിഡ് രോഗികളും റോയൽ ആശുപത്രിയിലാണ് ഉള്ളത്. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം 50ന് അടുത്ത് എത്തിയതായും അൽ ഹുസ്നി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.