മസ്കത്ത്: മതിയായ അനുമതിയില്ലാതെ ആളില്ലാപേടകങ്ങൾ (ഡ്രോണുകൾ) ഉപയോഗിക്കുന്ന ത് ഒമാനിൽ ഇനി നിയമവിരുദ്ധം. റിമോട്ട് കൺട്രോൾ വിമാനങ്ങൾ, അല്ലെങ്കിൽ മറ്റു പറക്കുന്ന വസ്തുക്കൾ എന്നിവ ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണെന്ന് പുതിയ വ്യോമയാന നിയമത്തിലെ 27ാം വകുപ്പിൽ പറയുന്നു. 76/2019ാം നമ്പർ രാജകീയ ഉത്തരവുപ്രകാരമാണ് പുതിയ വ്യോമയാന നിയമം പ്രസിദ്ധീകരിച്ചത്. യാത്രാവിമാനങ്ങളിൽ സഞ്ചരിക്കുന്നവർ ബന്ധപ്പെട്ട അധികൃതരുടെ അനുമതിയില്ലാതെ ആയുധങ്ങൾ, പടക്കോപ്പുകൾ, സ്ഫോടകവസ്തുക്കൾ അല്ലെങ്കിൽ എന്തെങ്കിലും അപകടകരമായതോ എളുപ്പത്തിൽ തീപിടിക്കുന്നതോ ആയ വസ്തുക്കളോ കൈവശംവെക്കാനോ കൊണ്ടുപോകാനോ പാടുള്ളതല്ലെന്നും പുതിയ നിയമത്തിൽ നിഷ്കർഷിക്കുന്നു. വ്യോമഗതാഗതത്തിെൻറ സുരക്ഷയെ ബാധിക്കുന്ന തലത്തിൽ ലേസർ രശ്മികളോ മറ്റേതെങ്കിലും പ്രകാശവസ്തുക്കളോ വിമാനത്തിനുനേരെ പ്രയോഗിക്കുന്നതും പുതിയ നിയമപ്രകാരം നിരോധിക്കപ്പെട്ടതാണ്.
വ്യോമഗതാഗതത്തിെൻറയോ വിമാനത്തിെൻറയോ ജീവനക്കാരുടെയോ യാത്രക്കാരുടെയോ സുരക്ഷക്ക് ഭീഷണിയുണ്ടാക്കുന്ന യാതൊരു പ്രവർത്തനങ്ങളും അനുവദനീയമല്ല. ഒമാനിൽ ഒാപറേറ്റ് ചെയ്യുന്ന യാത്രാ വിമാനങ്ങളിൽ ഒമാനി നിയമപ്രകാരവും അന്താരാഷ്ട്ര നിയമപ്രകാരവും അനുവദനീയമല്ലാത്ത ഉപകരണങ്ങളോ മെഷീനറികളോ ഉണ്ടാകരുതെന്നും പുതിയ നിയമത്തിലെ 29ാം വകുപ്പ് നിർദേശിക്കുന്നു. പുതിയ നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് പിഴശിക്ഷയും തടവു ശിക്ഷയും നൽകണമെന്ന് 63ാം വകുപ്പ് നിർദേശിക്കുന്നു. ഒരു വർഷം മുതൽ മൂന്നു വർഷം വരെ തടവും 15,000 റിയാൽ മുതൽ അമ്പതിനായിരം റിയാൽ വരെ പിഴയും അല്ലെങ്കിൽ രണ്ടിൽ ഏതെങ്കിലും ഒരു ശിക്ഷയോ നൽകണമെന്നതാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. അതിനിടെ സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റിയിലെ ചില ഉദ്യോഗസ്ഥർക്ക് നിയമമന്ത്രാലയം ജുഡീഷ്യൽ പൊലീസിെൻറ അധികാരവും നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച നിയമമന്ത്രിയുടെ ഉത്തരവ് കഴിഞ്ഞ ദിവസം ഒൗദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.