മസ്കത്ത്: ചൂടിൽനിന്ന് തണുപ്പിലേക്കുള്ള കാലാവസ്ഥമാറ്റത്തിനിടെയുള്ള പനിബാധയിൽ കഴിഞ്ഞ സീസണിൽ ഒമാനിൽ 29 പേർ മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2018 ജൂലൈ മുതൽ 2019 സെപ്റ്റംബർ വരെയാണ് ഇൗ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. 2726 പേർക്കാണ് ഇക്കാലയളവിൽ പനി പിടിച്ചത്. ഇക്കഴിഞ്ഞ മൂന്നുമാസങ്ങളിലെ സീസണൽ പനി ബാധിതരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ കാര്യമായി കുറഞ്ഞതായും ആരോഗ്യ മന്ത്രാലയം റിപ്പോർട്ടിൽ പറയുന്നു. 291 പേർക്കാണ് 2019 ജൂൺ മുതൽ സെപ്റ്റംബർ വരെ രോഗം ബാധിച്ചത്. 2018ൽ ഇതേ കാലയളവിൽ 992 പേർ ഉണ്ടായിരുന്ന സ്ഥാനത്താണിത്.
ഭൂമിശാസ്ത്രപരമായ സ്ഥാനത്തിെൻറ പ്രത്യേകതകൊണ്ട് ഒമാനിൽ വർഷത്തിൽ എല്ലാ സമയവും സീസണൽ പനി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒാരോ വർഷവും സെപ്റ്റംബർ മുതലാണ് രോഗം റിപ്പോർട്ട് ചെയ്തുതുടങ്ങാറ്. തൊട്ടടുത്ത വർഷം മേയ് വരെ തുടരും. തണുപ്പ് കൂടുന്ന ഡിസംബറിലാണ് കൂടുതൽ രോഗബാധ ഉണ്ടാകാറുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. സ്ഥിതിഗതികളുടെ നിരീക്ഷണം, പ്രതിരോധ പ്രവർത്തനങ്ങൾ, ബോധവത്കരണം എന്നിവയെല്ലാം വർഷം മുഴുവൻ നടത്തിവരുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ സീസണിൽ പനിബാധിതരുടെ എണ്ണം മൊത്തത്തിൽ കുറവാണെങ്കിലും ചില ഗവർണറേറ്റുകളിൽ കൂടുതലാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ദോഫാർ, തെക്കൻ ശർഖിയ, മുസന്ദം മേഖലകളിലാണ് കൂടുതൽ രോഗബാധയും റിപ്പോർട്ട് ചെയ്യെപ്പട്ടത്. ഖരീഫ് സീസണ് ഒപ്പം വിവിധയിടങ്ങളിലായി അനുഭപ്പെട്ട മഴയാണ് ഇതിന് കാരണം. സ്കൂൾ തുറക്കുന്ന സീസണും ഇതോടൊപ്പം വന്നതിനാൽ പനി പടരാൻ കാരണമാവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.