മസ്കത്ത്: കൂടുതൽ രാജ്യങ്ങളിലേക്ക് നേരിട്ടുള്ള സർവിസുകളുള്ള പശ്ചിമേഷ്യയിലെ ആദ്യ പത്ത് വിമാനത്താവളങ്ങളുടെ നിരയിൽ മസ്കത്തും. വിമാനത്താവളങ്ങളുടെ കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട ഒ.എ.ജി മെഗാഹബ്സ് സൂചികയിൽ മസ്കത്തിന് ഒമ്പതാം സ്ഥാനമാണുള്ളത്. 60 ശതമാനവും ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ സർവിസ് നടത്തുന്ന മസ്കത്ത് വിമാനത്താവളത്തിന് കണക്ടിവിറ്റി സൂചികയിൽ 50 പോയൻറാണുള്ളത്. ഇന്ത്യ, യു.എ.ഇ, സൗദി അറേബ്യ തുടങ്ങി 27 രാജ്യങ്ങളിലേക്കാണ് മസ്കത്ത് വിമാനത്താവളത്തിൽനിന്ന് സീസണൽ സർവിസുകളുള്ളത്.
അസർബൈജാൻ, ജോർജിയ എന്നിവിടങ്ങളിലേക്ക് സീസണൽ സർവിസുകളും ഉണ്ട്. ജൂൺ അവസാനത്തെ കണക്കുപ്രകാരം 52,220 അന്താരാഷ്ട്ര സർവിസുകളാണ് മസ്കത്ത് വിമാനത്താവളത്തിൽ കൈകാര്യം ചെയ്തത്. 73.73 ലക്ഷമാണ് ആദ്യ ആറുമാസങ്ങളിലെ യാത്രികരുടെ എണ്ണം. ഇന്ത്യയിൽനിന്നാണ് കൂടുതൽ വിമാനങ്ങൾ എത്തിയതും പുറപ്പെട്ടതും. ബംഗ്ലാദേശും പാകിസ്താനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഒമാൻ എയർ യാത്രികരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 14 ശതമാനം ഉയർന്നു. ആഗോള തലത്തിലെ 200 വിമാനത്താവളങ്ങളെ ഉൾപ്പെടുത്തിയാണ് സൂചിക തയാറാക്കിയിട്ടുള്ളത്. ലണ്ടനിലെ ഹീത്രു വിമാനത്താവളമാണ് ആഗോളതലത്തിൽ ഒന്നാമത്. ജർമനിയിലെ ഫ്രാങ്ക്ഫർട്ട് ആണ് രണ്ടാംസ്ഥാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.