മസ്കത്ത്: ഉച്ചവിശ്രമ നിയമം ലംഘിച്ച 711 കമ്പനികൾക്കെതിരെ നടപടിയെടുത്തതായി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. വിപുലമായ രീതിയിലാണ് പരിശോധനകൾ നടത്തിയത്. നിർമാണ-അറ്റകുറ്റപ്പണി രംഗത്ത് പ്രവർത്തിക്കുന്ന 1096ലധികം കമ്പനികൾ നിയമാനുസൃതം പ്രവർത്തിക്കുന്നതായി കണ്ടെത്തിയതായി മാനവ വിഭവശേഷി മന്ത്രാലയം വക്താവ് അറിയിച്ചു. തൊഴിലിടങ്ങളിലെ സുരക്ഷയും ആരോഗ്യവുമായി ബന്ധപ്പെട്ട ഒമാനി തൊഴിൽ വകുപ്പിലെ 16ാം വകുപ്പ് പ്രകാരമാണ് ഉച്ച വിശ്രമ നിയമം ഏർപ്പെടുത്തിയിട്ടുള്ളത്.
ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഉച്ചക്ക് 12.30 മുതൽ വൈകീട്ട് 3.30 വരെ തുറസ്സായ സ്ഥലങ്ങളിൽ തൊഴിലെടുക്കുന്നവർക്ക് നിർബന്ധിത വിശ്രമം നൽകണമെന്നതാണ് ഉച്ചവിശ്രമ നിയമം അനുശാസിക്കുന്നത്. തൊഴിലാളികൾക്ക് വിശ്രമിക്കാൻ തണലുള്ള സ്ഥലങ്ങൾ ലഭ്യമാക്കണമെന്നും കുടിക്കാൻ വെള്ളവും മറ്റും ഒരുക്കണമെന്നും നിയമം നിർദേശിക്കുന്നു. നിയമ ലംഘകരിൽനിന്ന് 100 റിയാൽ മുതൽ 500 റിയാൽ വരെ പിഴയും അല്ലെങ്കിൽ ഒരു മാസം വരെ തടവുശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയുള്ള ശിക്ഷയോ നൽകണമെന്നതാണ് നിയമം അനുശാസിക്കുന്നത്. നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് ശിക്ഷ ഇരട്ടിയാവുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.