മസ്കത്ത്: സ്വദേശിവത്കരണം വ്യാപകമാക്കുന്നതിെൻറ ഭാഗമായി ഒമാൻ സ്വകാര്യ മേഖല യിലെ നിരവധി തസ്തികകളിൽ സമ്പൂർണ വിസാ വിലക്ക് ഏർപ്പെടുത്തി. മാനേജീരിയൽ, അഡ്മി നിസ്ട്രേറ്റിവ്, ക്ലറിക്കൽ തസ്തികകളിൽ പുതിയ വിസ അനുവദിക്കുന്നതിനാണ് മാനവ വിഭവശേഷി മന്ത്രാലയം വിലക്ക് ഏർപ്പെടുത്തിയത്. സ്വകാര്യ മേഖലയിലെ അസി.ജനറൽ മാനേജർ, അഡ്മിനിസ്ട്രേഷൻ മാനേജർ, ഹ്യൂമൻ റിസോഴ്സസ് മാനേജർ, എംപ്ലോയി അഫെയേഴ്സ് മാനേജർ, ട്രെയ്നിങ് മാനേജർ, പബ്ലിക് റിലേഷൻസ് മാനേജർ, ഫോളോ അപ് മാനേജർ, അസി.മാനേജർ തസ്തികകൾക്ക് പുറമെ അഡ്മിനിസ്ട്രേറ്റിവ്, ക്ലറിക്കൽ തസ്തികകളിലും പുതുതായി വിദേശികളെ ജോലിക്കെടുക്കുന്നതിന് നിരോധനമേർപ്പെടുത്തിയതായി മാനവ വിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ അബ്ദുല്ല അൽ ബക്രി ഞായറാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
സമ്പൂർണ വിസാ വിലക്ക് ഏർപ്പെടുത്തിയ തസ്തികകളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് നിലവിലെ വിസാ കാലാവധി കഴിയുന്നതു വരെ ജോലിയിൽ തുടരാമെന്നും ഉത്തരവിൽ പറയുന്നു. ശേഷം വിസ പുതുക്കി നൽകില്ല. അഡ്മിനിസ്ട്രേറ്റിവ്, ക്ലറിക്കൽ തസ്തികകൾ അടക്കം പുതുതായി വിസാ വിലക്ക് ഏർപ്പെടുത്തിയ തസ്തികകളിലെല്ലാം മലയാളികൾ കൂടുതലായി ജോലിചെയ്യുന്നുണ്ട്. അതിനാൽ, പുതിയ ഉത്തരവ് മലയാളികളുടെയടക്കം തിരിച്ചുപോക്കിന് വഴിയൊരുക്കും. സ്വകാര്യ മേഖലയിലെ നിരവധി തസ്തികകളിൽ സ്വദേശിവത്കരണം വ്യാപകമാക്കുന്നതിെൻറ ഭാഗമായി നേരത്തേ വിസാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എൻജിനീയർമാരുടേതടക്കം പത്ത് വിഭാഗങ്ങളിലെ 87 തസ്തികകളിൽ 2018 ജനുവരിയിൽ ഏർപ്പെടുത്തിയ താൽക്കാലിക വിസാ വിലക്ക് ഒാരോ ആറുമാസം കൂടുേമ്പാഴും പുതുക്കി വരുകയാണ്.
ഇൻഷുറൻസ് മേഖലയിലും സ്വദേശിവത്കരണ നടപടികൾ നടന്നുവരുകയാണ്. ഇൻഷുറൻസ് ഏജൻസികളിൽ പൂർണമായും ഇൻഷുറൻസ് കമ്പനികളിലും ഇൻഷുറൻസ് ബ്രോക്കറേജ് മേഖലയിലും 75 ശതമാനം വീതവും സ്വദേശിവത്കരണം വേണമെന്നാണ് നിർദേശം. മലയാളികളെയാണ് ഇൻഷുറൻസ് മേഖലയിലെ സ്വദേശിവത്കരണം കൂടുതലായി ബാധിക്കുക. അതേസമയം, നിർമാണ മേഖലയിലും ക്ലീനിങ് സേവന മേഖലയിലും പ്രവർത്തിക്കുന്ന കമ്പനികളുടെ വിദേശ റിക്രൂട്ട്മെൻറിന് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക വിലക്കിന് ചെറിയ ഇളവ് നൽകിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രിൽ 24ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നൂറിലധികം ജീവനക്കാരുള്ള കമ്പനികൾക്ക് പുതിയ വിസക്ക് അപേക്ഷിക്കാം. 2013 നവംബർ മുതൽ നിലവിലുള്ള ഇൗ മേഖലയിലെ വിസാ വിലക്ക് ആറു മാസത്തേക്ക് കൂടി നീട്ടിയിട്ടുമുണ്ട്. സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണവും വിസാ വിലക്കുകളും നിമിത്തം ഒമാനിലെ വിദേശികളുടെ എണ്ണത്തിൽ കാര്യമായ കുറവ് ദൃശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.