മസ്കത്ത്: ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഒരാൾ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള വഴിയിലൂടെ ഒരുപാടുദൂരം സമയം സഞ്ചരിക്കുന്നു. ജീവിതത്തിലേക്ക് തിരിച്ചു കയറാൻ ഉള്ള നിരവധി ഇടവഴികൾ അയാൾ കാണുന്നു. ആ ഇടവഴികളിൽ അയാളെ അറിയുന്ന നിരവധി മുഖങ്ങൾ ഉണ്ട്. ആരെങ്കിലും തന്നെയൊന്നു അങ്ങോട്ട് വിളിച്ചിരുന്നു എങ്കിൽ എന്നയാൾ ആത്മാർഥമായി ആഗ്രഹിക്കുന്നു. എന്നാൽ, എല്ലാം അവസാനിച്ചു എന്ന് കരുതുന്ന നിമിഷത്തിൽ അപ്രതീക്ഷിതമായി അയാൾക്ക് കിട്ടുന്ന ഒരു പിടിവള്ളി അയാളെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരുന്ന ആൾ ആദ്യം അന്വേഷിക്കുന്നത് അയാൾക്ക് കിട്ടിയ ആ ‘പിടിവള്ളിയെ’ കുറിച്ചാണ്.
ആ അന്വേഷണം എത്തുന്നത് ഞെട്ടിപ്പിക്കുന്ന ഒരു സത്യത്തിലേക്കും. മസ്കത്തിലെ മുതിർന്ന മാധ്യമ പ്രവർത്തകൻകൂടിയായ അനിർബൻ റെയ് സംവിധാനം ചെയ്ത ‘വെറോണിക്ക വീണ്ടും ജീവിതത്തിലേക്ക്’ എന്ന സിനിമ ഒട്ടേറെ യാഥാർഥ്യങ്ങൾ നമ്മളെ കാണിച്ചുതരുന്ന ഒന്നാണ്. ആത്മഹത്യ പ്രവണതക്ക് എതിരെ ഒട്ടനവധി സിനിമകൾ വന്നിട്ടുണ്ട് എങ്കിലും തികച്ചും വേറിട്ട അനുഭവം കാഴ്ചക്കാർക്ക് സമ്മാനിക്കുന്ന ഈ ഹ്രസ്വചിത്രം ഒട്ടേറെ കാര്യങ്ങൾ നമ്മോട് പറയുന്നു. അൽ അബീർ ആശുപത്രി ഹാളിൽ സിനിമയുടെ പ്രഥമ പ്രദർശനം നടന്നു.
തുടർന്ന് മസ്കത്തിലെ സാമൂഹിക പ്രവർത്തകർ പങ്കെടുത്ത ചർച്ചയും സംഘടിപ്പിച്ചു. പ്രമുഖ മാധ്യമപ്രവർത്തകനും സിനിമയുടെ സഹ സംവിധായകനുമായ കബീർ യൂസുഫ് നയിച്ച ചർച്ചയിൽ ഇന്ത്യൻ സ്കൂൾ ബോർഡ് ഓഫ് ചെയർമാൻ ബേബി സാം, ഡോ. രത്നകുമാർ, രമ്യ ഡെൻസിൽ എന്നിവർക്ക് പുറമെ സിനിമയുടെ അണിയറ പ്രവർത്തകരും നിരവധി സാമൂഹിക പ്രവർത്തകരും പങ്കെടുത്തു. ആത്മഹത്യക്കെതിരായ ബോധവത്കരണ പരിപാടികൾ കൂടുതൽ ഊർജിതമാക്കണമെന്ന് ചർച്ചയിൽ പങ്കെടുത്ത എല്ലാവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.
ഒട്ടേറെ സാമൂഹിക വിഷയങ്ങളിൽ ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്ത അനിർബൻ റേയുടെ അഞ്ചാമത്തെ ചിത്രമാണ് ‘വെറോണിക്ക വീണ്ടും ജീവിതത്തിലേക്ക്’ എന്നത്. മസ്കത്തിലെ പ്രമുഖ മോഡലും നടിയുമായ ആന്തര ബോസാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഒമാനി സ്വദേശിയും മാധ്യമ പ്രവർത്തകനുമായ ഷാദാദ് അൽ മുസൽമിയാണ് നിർമാതാവ്. സത്യദാസ് കിടങ്ങൂർ ഛായാഗ്രഹണവും ഷഫീർ കുഞ്ഞുമുഹമ്മദ് നിശ്ചല ഛായാഗ്രഹണവും നിർവഹിച്ച ഈ ഹ്രസ്വചിത്രം യൂ ടൂബിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.