മസ്കത്ത്: അന്താരാഷ്ട്ര മാർക്കറ്റിൽ എണ്ണ വില ഉയരാൻ തുടങ്ങിയതോടെ റിയാലിെൻറ വിനി മയ നിരക്കും ഉയരുന്നു. ഒരിടവേളക്കുശേഷം വിനിമയ നിരക്ക് 186 രൂപ കടന്നു. ഒരു റിയാലിന് 186.10 എന്ന നിരക്കാണ് ഒമാനിലെ എല്ലാ വിനിമയ സ്ഥാപനങ്ങളും തിങ്കളാഴ്ച നൽകിയത്- അതായത് ആയിരം രൂപക്ക് 5.376 റിയാൽ. ചെറിയ ഇടവേളക്കുശേഷം വിനിമയ നിരക്ക് ഉയർന്നതോടെ വിനിമയ സ്ഥാപനങ്ങളിൽ തിരക്ക് അനുഭവപ്പെട്ടു. ഒറ്റ ദിവസംകൊണ്ട് രണ്ട് രൂപയോളം വർധിച്ചതോടെ പണം കൈവശമുണ്ടായിരുന്ന പലരും നാട്ടിലേക്ക് അയക്കാൻ തുടങ്ങി. വെള്ളിയാഴ്ച റിയാലിന് 184.40 രൂപയായിരുന്നു വിനിമയ നിരക്ക്. ശനി, ഞായർ ദിവസങ്ങളിലും ഇൗ നിരക്കുതന്നെയാണ് നൽകിയത്. കഴിഞ്ഞ ഡിസംബർ 18ന് ശേഷമുള്ള ഉയർന്ന നിരക്കാണിത്.
കഴിഞ്ഞ ഒക്ടോബറിൽ വിനിമയ നിരക്ക് റിയാലിന് 193 രൂപ എന്ന നിരക്ക് വരെ എത്തിയിരുന്നു. പിന്നീട് വിനിമയ നിരക്ക് ഏറിയും കുറഞ്ഞും നിന്നിരുന്നെങ്കിലും ഡിസംബർ 18നു ശേഷം കുറഞ്ഞ് ജനുവരി ആറിന് 180 രൂപ വരെയെത്തി. പിന്നീട് സാവധാനത്തിൽ ഉയർന്നു. അടുത്തദിവസം വരെ 182-183 തലത്തിലായിരുന്നത് പൊടുന്നനെ 186 ലെത്തിയത് പ്രവാസികളിൽ ആഹ്ലാദം പകർന്നിട്ടുണ്ട്. വിനിമയ നിരക്കിലെ ഉയർച്ച താൽക്കാലിക പ്രതിഭാസം മാത്രമാണെന്നും വല്ലാതെ ഉയരാൻ സാധ്യതയില്ലെന്നും മുസന്തം എക്സ്ചേഞ്ച് ജനറൽ മാനേജർ പി. എസ്. സകരിയ പറഞ്ഞു. രണ്ടു മാസത്തേക്ക് 186- 187 നിരക്കിൽ നിൽക്കാനാണ് സാധ്യത.
നിലവിലെ അവസ്ഥയിൽ 185ൽ താഴെ പോകാനും സാധ്യതയില്ലെന്ന് സകരിയ പറഞ്ഞു. വിനിമയ നിരക്ക് ഉയരാൻ പ്രധാന കാരണം എണ്ണ വിലയാണ്. എണ്ണ വില ഒരു പരിധിക്കപ്പുറം ഉയരാൻ അമേരിക്ക അനുവദിക്കില്ല. അഗോള മാർക്കറ്റിൽ എണ്ണ വില ഉയരുന്നതോടെ ഇറാനുമായുള്ള നിയന്ത്രണത്തിൽ അയവു വരുത്തുന്നതടക്കം നയങ്ങൾ അമേരിക്ക സ്വീകരിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ഇന്ത്യയിൽ പൊതു തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ രൂപയുടെ മൂല്യം കുറയാതിരിക്കാൻ ഇന്ത്യൻ സർക്കാറും ശ്രമിക്കും. മാർക്കറ്റിൽ ഡോളർ ഇറക്കി രൂപയുടെ മൂല്യം പിടിച്ച് നിർത്താനായിരിക്കും സർക്കാർ ശ്രമമെന്നും സകരിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.