മസ്കത്ത്: നബിദിന, ദേശീയദിന പൊതുഅവധികൾ ആരംഭിച്ചതോടെ ഒമാനിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ തിരക്ക് ആരംഭിച്ചു. അവധി അപ്രതീക്ഷിതമായതിനാൽ പലർക്കും പുറത്തേക്ക് യാത്രകൾ തരപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. നവംബർ അവസാനവാരത്തിലോ ഡിസംബർ ആദ്യത്തിലോ അവധിവരുമെന്നാണ് പലരും പ്രതീക്ഷിച്ചിരുന്നത്. അവധി പ്രഖ്യാപിച്ചതോടെ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കുകൾ രണ്ടിരട്ടിയും മൂന്നിരട്ടിയുമൊക്കെയായി ഉയർത്തുകയും ചെയ്തു. ഇതുമൂലം പലരും നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കി.
കോഴിേക്കാട് സെക്ടറിൽ ഇൻഡിഗോ സർവിസ് മുന്നറിയിപ്പില്ലാതെ നിർത്തിയതും കേരള സെക്ടറിൽ നിരക്കുകൾ വർധിക്കാൻ കാരണമാക്കി. അടുത്തമാസം ക്രിസ്മസ് അവധിക്കും പലരും നാട്ടിലേക്ക് േപാവാനിരിക്കുന്നതും അവധി ആഘോഷം ഒമാനിൽതന്നെ ഒതുക്കാൻ കാരണമാക്കി. നിരക്കുവർധന ഉണ്ടെങ്കിലും അവധിക്ക് നാട്ടിൽ പോയവരും ധാരാളമുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലേക്കും ഇന്ത്യയിലേക്കുമുള്ള യാത്രകൾ ഒഴിവാക്കിയ നിരവധി പേർ ദുബൈയിലേക്ക് പോവുന്നുണ്ട്. ഇത് യു.എ.ഇ അതിർത്തിയിൽ തിരക്ക് വർധിക്കാൻ കാരണമാക്കി. ദുബൈ അതിർത്തികളിൽ തിങ്കളാഴ്ച മുതൽതന്നെ നല്ല തിരക്കാണ്. സ്വദേശികളും വിദേശികളും കുടുംബ സമേതം യു.എ.ഇയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഡിസംബർ ആദ്യം യു.എ.ഇയിൽ ദേശീയ ദിന അവധി ആരംഭിക്കുന്നതോടെ ഒമാനിലേക്കുള്ള ഒഴുക്കും വർധിക്കും. ഒമാനിലെ സുഖകരമായ കാലാവസ്ഥയും വിനോദസഞ്ചാരത്തിന് അനുകൂലമാണ്.
ഒമാനിലെ ഹോട്ടലുകളിലും തിരക്ക് വർധിച്ചിട്ടുണ്ട്. ജബൽ ശംസ്, ജബൽ അഖ്ദർ, സലാല എന്നിവിടങ്ങളിലെ ഹോട്ടലുകളിലാണ് വൻ തിരക്ക് അനുഭവപ്പെടുന്നത്. പല ഹോട്ടലുകളും ദേശീയദിനം പ്രമാണിച്ച് പ്രത്യേക പാക്കേജുകൾ നൽകുന്നതും തിരക്ക് വർധിക്കാൻ കാരണമായിട്ടുണ്ട്. അവധിദിവസങ്ങളിൽ റാസ് അൽ ജിൻസ്, മസീറ എന്നിവിടങ്ങളിലും വൻ തിരക്കാണുള്ളത്. അതോടൊപ്പം, പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് അനുഭവപ്പെടാൻ തുടങ്ങി. വിദേശികൾ കുടുംബസമേതവും കൂട്ടമായുമൊക്കെയാണ് വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്നത്. ഇതോടെ കഴിഞ്ഞ വേനലോടെ ഉറങ്ങിക്കിടക്കുകയായിരുന്ന വിനോദസഞ്ചാര മേഖലക്ക് ഉണർവ് വെച്ചു. മത്ര കോർണീഷ്, ജബൽ അഖ്ദർ, നഖൽ, റുസ്താഖ്, ബഹ്ല, നിസ്വ, റാസൽഹദ്ദ്, മസീറ, സലാല തുടങ്ങിയ മേഖലകളിലെല്ലാം തിരക്കു വർധിച്ചിട്ടുണ്ട്. ഇന്നും നാളെയുമൊക്കെ സഞ്ചാരികളുടെ എണ്ണം വർധിക്കാനാണ് സാധ്യത.
വാദി ബനീ ഖാലിദിൽ അവധിയുടെ ആദ്യദിവസം 4246 സഞ്ചാരികൾ എത്തിയതായി ടൂറിസം വകുപ്പ് അറിയിച്ചു.
മലയാളികളടക്കമുള്ള വിദേശികളുടെ കുറവും ചില കമ്പനികളുടെ സാമ്പത്തിക അച്ചടക്കവും വിനോദസഞ്ചാര മേഖലക്ക് ചെറിയതോതിൽ തിരിച്ചടിയാകാനിടയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നേരേത്ത, വിവിധ കമ്പനികൾ ജീവനക്കാർക്ക് വിനോദയാത്രക്കും മറ്റും വാഹനങ്ങൾ വിട്ടു കൊടുത്തിരുന്നു.
യാത്രക്കാവശ്യമായ ഇന്ധനവും കമ്പനികൾ നൽകിയിരുന്നു. അതിനാൽ കമ്പനി വാഹനം ഉപയോഗിച്ച് ചെലവില്ലാതെ എവിടെയും യാത്രചെയ്യാൻ ജീവനക്കാർക്ക് സാധിച്ചിരുന്നു. എന്നാൽ, ഇന്ധനവില വർധിച്ചതോടെ പല സ്ഥാപനങ്ങളും യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി അവധിയാഘോഷിക്കാൻ പോകണമെന്നുള്ളവർ ചെലവ് സ്വയം വഹിക്കേണ്ടിവരും. ചെലവ് കണക്കിലെടുത്ത് അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകാനിരിക്കുന്നവരും നിരവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.