മസ്കത്ത്: നൂറ്റാണ്ടിലധികം പഴക്കമുള്ള സൈനിക വ്യായാമ രീതിയായ ‘ജമ്പിങ് ജാക്സി’ൽ ലോക റെക്കോഡ് മറികടക്കാമെന്ന പ്രതീക്ഷയിലാണ് മസ്കത്തിൽ ജോലിചെയ്യുന്ന കണ്ണൂർ സ്വദേശി മുഹമ്മദലി. കഴിഞ്ഞദിവസം വാദികബീർ നെസ്റ്റോയിൽ നടന്ന പ്രകടനത്തിെൻറ വിഡിയോ ഗിന്നസ് റെക്കോഡ് അധികൃതർക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ഇത് അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഹമ്മദലി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. നിന്നുകൊണ്ടുള്ള ചാട്ടം എന്ന് ജമ്പിങ് ജാക്സിനെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. കാലുകൾ അടുപ്പിച്ചുവെച്ച ശേഷം കൈ രണ്ടും തുടയോടു ചേർത്തുവെക്കും. തുടർന്ന് കൈകൾ മുകളിലേക്ക് ഉയർത്തി രണ്ടു കൈപ്പത്തികളും തൊടും. കൈകൾ മുകളിലേക്ക് ഉയർത്തുന്നതിനൊപ്പം കാലുകൾ അകറ്റുകയും വേണം.
ഇത് പതിയെ ചെയ്യുന്നത് ലളിതമായ വ്യായാമമാണ്. എന്നാൽ, വേഗത്തിൽ ചെയ്യുന്നത് ഏറെ ആയാസകരമാണ്. നിലവിൽ 30 സെക്കൻഡിൽ 53 തവണ എന്നതാണ് ഇതിെൻറ ലോക റെക്കോഡ്. ഇൗജിപ്ത്, ഇറ്റലി സ്വദേശികളുടെ പേരിലാണ് ലോക റെക്കോഡുള്ളത്. താൻ 30 സെക്കൻഡിൽ 59 തവണയാണ് ചെയ്തതെന്നും മുഹമ്മദലി പറഞ്ഞു. നെസ്റ്റോയിൽ മാധ്യമ പ്രവർത്തകരുടെയടക്കം സാന്നിധ്യത്തിലായിരുന്നു പ്രകടനം. വേഗത്തിൽ ചെയ്യുന്നത് ശരീരത്തിലെ കൊഴുപ്പ് കുറക്കാനുള്ള ഒരു വ്യായാമം കൂടിയാണ്. കഴിഞ്ഞ ഒരു വർഷമായി ജമ്പിങ് ജാക്സിനെ ഗൗരവത്തിലെടുത്ത് പരിശീലനം നടത്തിവരുന്നുണ്ടെന്ന് മുഹമ്മദലി പറഞ്ഞു. ഇൗ സമയം കൊണ്ട് ശരീരഭാരം 14 കിലോ കുറഞ്ഞു. ലോക റെക്കോഡ് മറികടക്കാനുള്ള ശ്രമത്തിെൻറ ഭാഗമായി ഒരു ദിവസം ഒരു മണിക്കൂറിലധികം പരിശീലനം നടത്തിയിരുന്നു.തളിപ്പറമ്പ് മുതുകുട വാഴവളപ്പിൽ അബ്ദുല്ലയുടെയും കുഞ്ഞാമിനയുടെയും മകനാണ് മുഹമ്മദലി. ഫർസാനയാണ് ഭാര്യ. അഫ്രയും അഫ്നാനും മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.