മസ്കത്ത്: രാജ്യത്തെ ഒാറഞ്ച് ടാക്സികളുടെ നിരക്കുകൾ ക്രമീകരിക്കാൻ ഗതാഗത വാർത്താവിനിമയ മന്ത്രാലയം ഒരുങ്ങുന്നു. അടുത്തവർഷം ജൂൺ മുതൽ മസ്കത്തിലെ എല്ലാ ടാക്സികൾക്കും മീറ്ററുകൾ നിർബന്ധമാക്കുമെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രി ഡോ. അഹമ്മദ് അൽ ഫുതൈസി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മീറ്ററുകളിലെ അടിസ്ഥാന നിരക്ക് 300 ബൈസയായിരിക്കും. ഒാരോ കിലോമീറ്ററിനും 130 ബൈസ എന്ന തോതിൽ ഇത് വർധിക്കുമെന്നും മന്ത്രി അറിയിച്ചു. ആദ്യം മസ്കത്തിലും പിന്നീട് മറ്റു ഗവർണറേറ്റുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. കഴിഞ്ഞ ജനുവരിയിൽ പുറത്തിറക്കിയ കര ഗതാഗത നിയമ പ്രകാരം നടപ്പാക്കുന്ന പുതിയ ചട്ടങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനാണ് വാർത്താസമ്മേളനം വിളിച്ചുചേർത്തത്.
എൻഗേജ്ഡ് സംവിധാനത്തിലാകും ടാക്സികളുടെ പ്രവർത്തനം. വാഹനത്തിൽ യാത്രക്കാർ ഉണ്ടെങ്കിൽ ഡ്രൈവർക്ക് മറ്റിടങ്ങളിൽനിന്ന് യാത്രക്കാരെ കയറ്റാൻ സാധിക്കില്ല. എല്ലാ ടാക്സികളിലും ഒാപറേഷൻ കാർഡും ഉണ്ടാകും. ടാക്സികളിൽ മീറ്റർ സ്ഥാപിക്കുന്നതിന് സ്വകാര്യകമ്പനിയെ ചുമതലപ്പെടുത്തുന്ന നടപടികൾ നടന്നുവരുകയാണെന്നും മന്ത്രി പറഞ്ഞു. എയർപോർട്ട്, ഹോട്ടൽ ടാക്സികൾക്ക് ഇൗ നിയമം ബാധകമായിരിക്കില്ലെന്ന് മന്ത്രാലയം അണ്ടർ സെക്രട്ടറി എൻജിനീയർ സാലിം ബിൻ മുഹമ്മദ് അൽ നുെഎമി അറിയിച്ചു. നിശ്ചിത മാനദണ്ഡങ്ങളോടെയാണ് ഇൗ സർവിസുകൾക്ക് അനുമതി നൽകിയത്. ഒാറഞ്ച് ടാക്സികളെ ലക്ഷ്യമിട്ടാണ് പുതിയ ക്രമീകരണം നടപ്പിൽ വരുത്തുന്നതെന്നും അണ്ടർ സെക്രട്ടറി അറിയിച്ചു. ടാക്സി സർവിസുകളെ കര ഗതാഗത നിയമത്തിന് കീഴിലേക്ക് മാറ്റുന്നതിനൊപ്പം ട്രക്കുകൾക്ക് വെയിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതടക്കം പദ്ധതികൾ നടപ്പാക്കുമെന്ന് ഗതാഗത വാർത്താ വിനിമയ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.