മസ്കത്ത്: ലുബാൻ ചുഴലിക്കാറ്റായി വീശാതിരിക്കേട്ട എന്ന പ്രാർഥനയുമായി കഴിയുകയാണ ് സലാലയിലെ കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന മലയാളികൾ. മേയ് അവസാനം അടിച്ചുവീശിയ ‘മെകുനു’ വിതച്ച ദുരന്തം വിട്ടുമാറുന്നതിന് മുമ്പ് ‘ലുബാൻ’ കൂടി സലാലയിലേക്ക് അടിച്ചുവീശാൻ സാധ്യതയുണ്ടെന്ന വാർത്ത നെഞ്ചിടിപ്പോടെയാണ് ഇവിടത്തെ മലയാളി കർഷകർ കേൾക്കുന്നത്. ഇനിയും ഒരു കൊടുങ്കാറ്റുകൂടി വരുകയാണെങ്കിൽ എല്ലാം വിട്ട് നാടണയുക മാത്രമാണ് മുന്നിലുള്ള വഴിയെന്ന് കാർഷിക മേഖലയിലുള്ള പലരും പറയുന്നു. ഇനിയും ഒരു ദുരന്തം നേരിടാൻ കരുത്തും സാമ്പത്തിക ശേഷിയുമില്ല.
മഴ എത്ര പെയ്താലും താങ്ങാൻ കഴിയുമെന്നും എന്നാൽ, കാറ്റടിച്ചാലുണ്ടാവുന്ന നഷ്ടം താങ്ങാൻ കഴിയുന്നതിലുമപ്പുറമാെണന്നും അനുഭവത്തിെൻറ വെളിച്ചത്തിൽ ഇവർ പറയുന്നു. നിലവിലെ അവസ്ഥയിൽ കാറ്റ് ശക്തമായി അടിച്ചു വീശാൻ സാധ്യതയില്ലെന്ന ആശ്വാസത്തിൽ കഴിയുകയാണ് പലരും. മെകുനു കാലത്തെ പോലെ വലിയ ഒരുക്കങ്ങളൊന്നും കാണാത്തതാണ് ഇവർക്ക് ആശ്വാസം പകരുന്നത്. മെകുനു എത്തുന്നതിന് രണ്ടുദിവസം മുമ്പുതന്നെ സലാലയിൽ എവിടെ നോക്കിയാലും സൈന്യത്തെയും ആംബുലൻസുകളും കാണാമായിരുന്നു.
‘ലുബാൻ’ യമനിലേക്ക് തിരിയാൻ സാധ്യതയുള്ള വാർത്തകളും ആശ്വാസത്തോടെയാണ് ഇവർ കേൾക്കുന്നത്. ‘മെകുനു’വിെൻറ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ലെന്ന് കർഷകനായ വടകര പൈങ്ങോട്ടായി സ്വദേശി പങ്കജാക്ഷൻ പറയുന്നു. വൻ നഷ്ടമാണ് ഉണ്ടായത്. തനിക്ക് മാത്രം പതിനായിരത്തിലധികം റിയാലിെൻറ നഷ്ടമുണ്ടായി. സമാനമായി മറ്റ് നിരവധി മലയാളികൾക്കും വലിയ സാമ്പത്തിക നഷ്ടമുണ്ടായി. ഭൂവുടമകൾ വാടക കുറച്ച് തന്നതാണ് വലിയ അനുഗ്രഹമായത്. മെകുനുവിന് ശേഷം കാർഷിക വിളവെടുപ്പൊന്നും നടന്നിട്ടില്ല. പൂർണമായി തകർന്ന തോട്ടങ്ങളിലെ ജോലികൾ ഒന്നിൽനിന്നും തുടങ്ങിയതാണ്. ഇപ്പോൾ കാറ്റടിക്കുകയാണെങ്കിൽ കൃഷിയെല്ലാം കടപുഴകി വീഴും. ഇത് സങ്കൽപിക്കാൻ പോലും കഴിയില്ലെന്ന് പങ്കജാക്ഷൻ പറയുന്നു.
14 വർഷമായി കൃഷിയിടം വാടക്കെടുത്ത് കൃഷി നടത്തുകയാണ്. രണ്ടര ഏക്കർ സ്ഥലത്ത് തെങ്ങും വാഴയും പപ്പായയുമാണ് കാര്യമായി ഉള്ളത്. ഇവിടെ മാത്രം രണ്ടായിരത്തിലധികം വാഴകളുണ്ട്. കാറ്റടിച്ചാൽ വൻ നഷ്ടമുണ്ടാവും. പലരിൽ നിന്നും കടം വാങ്ങിയും തിരിമറി നടത്തിയുമാണ് കൃഷി ഇത്രവരെ എത്തിച്ചതെന്നും പങ്കജാക്ഷൻ പറയുന്നു. സലാലയിലെ കാർഷികമേഖയിൽ 60 ശതമാനവും മലയാളികളാണ്. മെകുനു മൂലം കഴിഞ്ഞ ഖരീഫ് കാലത്ത് പഴവർഗങ്ങളും മറ്റും മസ്കത്തിൽനിന്നാണ് എത്തിച്ചത്. ഇത് ചരിത്രത്തിലെ തന്നെ ആദ്യ സംഭവമായിരുന്നെന്നും അദ്ദേഹം പറയുന്നു. അതിനാൽ, ഇനിയും കാറ്റടിച്ചാൽ സലാലയുടെ കാർഷികമേഖല തന്നെ തകരാനാണ് സാധ്യതയെന്നും പങ്കജാക്ഷൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.