മസ്കത്ത്: അനധികൃത മത്സ്യബന്ധനം നടത്തിയ 30 വിദേശ തൊഴിലാളികളെ സൂറിൽനിന്ന് അറ സ്റ്റ് ചെയ്തതായി കാർഷിക-ഫിഷറീസ് മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ലൈസൻസില്ലാത്ത ബോട്ടുകളും മൽസ്യം കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന പഴക്കം ചെന്ന വാഹനങ്ങളും ഫിഷ് കൺട്രോൾ ടീമിെൻറ ആഭിമുഖ്യത്തിൽ നടന്ന പരിശോധനയിൽ പിടിച്ചെടുത്തതായി കാർഷിക-ഫിഷറീസ് മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.
പൂർണമായും സ്വദേശി വത്കരിച്ച തൊഴിലിൽ വിദേശി ഏർപ്പെടുന്നത് തൊഴിൽ നിയമത്തിെൻറ 28ാമത് ആർട്ടിക്കിളിെൻറ ലംഘനമാണെന്ന് മാനവവിഭവശേഷി മന്ത്രാലയവും അറിയിച്ചു. ഒമാനി മത്സ്യബന്ധന നിയമപ്രകാരം ലൈസൻസ് എടുത്തശേഷമേ സ്വദേശികൾക്ക് മത്സ്യബന്ധന ബോട്ട് കടലിൽ ഇറക്കാൻ അനുമതിയുള്ളൂ. ലൈസൻസിൽ ബോട്ടിെൻറ വിശദവിവരങ്ങൾ, മത്സ്യ ബന്ധന രീതി, ഉപകരണങ്ങൾ, ജീവനക്കാരുടെ എണ്ണം എന്നിവ ഉണ്ടാകും. മത്സ്യബന്ധനം നടത്താവുന്ന മേഖലകളെ കുറിച്ച വിശദ വിവരങ്ങളുമുണ്ടാകും. മത്സ്യബന്ധന നിയമത്തിെൻറ ലംഘനത്തിന് പിടിയിലാകുന്നവർക്ക് ഒന്നുമുതൽ മൂന്നുമാസം വരെ തടവും 300 മുതൽ 5000 റിയാൽ വരെ പിഴയുമാണ് ശിക്ഷ.
ഇൗമാസം ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ നടന്ന പരിശോധനകളിൽ 45 അനധികൃത വിദേശി മത്സ്യത്തൊഴിലാളികളെ പിടികൂടിയിരുന്നു. ഇൗവർഷം ഇതുവരെ 300ലധികം വിദേശ തൊഴിലാളികളാണ് അനധികൃത മത്സ്യബന്ധനത്തിന് പിടിയിലായതെന്നും കാർഷിക ഫിഷറീസ് മന്ത്രാലയം അറിയിച്ചു. നിയമലംഘനം തടയാൻ ബോട്ടുകളിൽ വൈകാതെ ട്രാക്കിങ് ഉപകരണങ്ങൾ സ്ഥാപിക്കുന്നത് ആലോചനയിലുണ്ട്. ഇതിനായി വൈകാതെ ടെൻഡർ പുറപ്പെടുവിക്കുമെന്ന് ഫിഷറീസ് കൺട്രോൾ ആൻഡ് ലൈസൻസിങ് ഡിപ്പാർട്ട്മെൻറ് വിഭാഗം ഡയറക്ടർ എൻജിനീയർ സൽമാൻ ഖലഫ് അൽ സുബി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.