മസ്കത്ത്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിലുള്ള കൃഷിത്തോട്ടങ്ങളുടെ ഉടമസ്ഥർ തങ്ങൾക്ക് കീഴിലുള്ള വിദേശതൊഴിലാളികളുടെ കൃഷിരീതികൾ സൂക്ഷ്മമായി പരിശോധിക്കണമെന്ന് കാർഷിക-ഫിഷറീസ് മന്ത്രി ഡോ. ഫുആദ് ബിൻ ജാഫർ അൽ സജ്വാനി മജ്ലിസുശൂറയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ ആവശ്യപ്പെട്ടു. കീടനാശിനികളുടെ അമിത സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ ഒമാനിൽനിന്നുള്ള ചില കാർഷിക ഉൽപന്നങ്ങൾക്ക് യു.എ.ഇ ഇൗ മാസം 15 മുതൽ നിരോധനമേർപ്പെടുത്തിയതുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. ഒമാെൻറ തനത് രീതിയിൽനിന്ന് വ്യത്യസ്തമായ കൃഷി സമ്പ്രദായങ്ങൾ വിദേശതൊഴിലാളികൾ പിന്തുടരുന്നത് രാജ്യത്തിെൻറ ഉൽപാദനക്ഷമതയെ ബാധിക്കും.
മന്ത്രാലയത്തിന് രാജ്യത്തിെൻറ വിവിധയിടങ്ങളിലുള്ള ആയിരക്കണക്കിന് തോട്ടങ്ങളിൽ നിരീക്ഷണം നടത്താൻ സാധിക്കില്ല. തെറ്റായ രീതികൾ പിന്തുടരുന്നതിൽനിന്ന് വിദേശതൊഴിലാളികളെ തടയേണ്ടത് തോട്ടം ഉടമയുടെ ഉത്തരവാദിത്തമാണ്. കീടനാശിനികൾ, മലിനജലം എന്നിവയുടെ ഉപയോഗത്തിൽ കാര്യക്ഷമത ഉടമകൾ ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു. എന്നാൽ മാത്രമേ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതും നിലവാരമുള്ളതുമായ ഉൽപന്നങ്ങൾ ഒമാനിൽ ഉൽപാദിപ്പിക്കാൻ കഴിയുകയുള്ളൂ. നിരോധനം സംബന്ധിച്ച ചോദ്യത്തിന് മന്ത്രാലയം അധികൃതരും യു.എ.ഇ അംബാസഡറുമായി അടുത്തിടെ നടത്തിയ ചർച്ച ഫലവത്തായിരുന്നതായും യു.എ.ഇ അധികൃതരിൽനിന്ന് അനുകൂല മറുപടി പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
കഴിഞ്ഞവർഷം 19,000 സാമ്പിളുകൾ പരിശോധന നടത്തിയിരുന്നു. ഇതിലെല്ലാം അനുവദനീയമായതിലും താഴെ അളവിൽ മാത്രമാണ് കീടനാശിനി ഉണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദിവസവും പതിനായിരക്കണക്കിന് ലോഡ് ഭക്ഷ്യവസ്തുക്കളാണ് ഒമാനിലേക്കും പുറത്തേക്കുമായി അതിർത്തി കടന്ന് പോകുന്നത്. അതിർത്തികളിൽ ഇവയുടെ സാമ്പിളുകൾ പരിശോധിക്കാൻ അന്താരാഷ്ട്ര തലത്തിൽ അംഗീകരിച്ച രീതികളുണ്ട്. ഒന്നോ രണ്ടോ സാമ്പിളുകൾ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെങ്കിൽ മുഴുവനും അതാകണമെന്ന് അർഥമില്ലെന്ന് മന്ത്രി പറഞ്ഞു. അനുവദനീയമായതിലും അധികം കീടനാശിനിുള്ള ഉൽപന്നങ്ങൾ അടങ്ങിയ ലോഡുകളെ കുറിച്ച വിശദ വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇൗ ലോഡുകളെ കുറിച്ച് വിവരം ലഭിച്ചാൽ അവ ഏതു തോട്ടത്തിൽനിന്നാണ് വന്നതെന്ന് കണ്ടെത്താനും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനും സാധിക്കുമെന്ന് അൽ സജ്വാനി പറഞ്ഞു.
കഴിഞ്ഞ വർഷത്തെ ആഗോള ഭക്ഷ്യസുരക്ഷാ സൂചിക പ്രകാരം ഒമാൻ അന്താരാഷ്ട്ര തലത്തിൽ ആറാമതും അറബ് മേഖലയിൽ രണ്ടാം സ്ഥാനത്തുമാണ്. കാർഷിക ഉൽപന്നങ്ങൾക്ക് കുറഞ്ഞ കസ്റ്റംസ് ഫീസ് മാത്രമാണ് ഒമാൻ ഇൗടാക്കുന്നതും. ഫിഷറീസ് മേഖലയും വളർച്ചയുടെ പാതയിലാണെന്ന് മന്ത്രി പറഞ്ഞു. 2040 വരെ നീളുന്ന കർമപദ്ധതി പ്രകാരം മത്സ്യ ഉൽപാദനം വർധിപ്പിക്കും. പതിനായിരം സ്വദേശികൾക്ക് തൊഴിൽ ലഭിക്കുകയും ചെയ്യും.
അനധികൃത വിദേശതൊഴിലാളികൾ മത്സ്യബന്ധന മേഖലയിൽ സർക്കാറിന് വെല്ലുവിളി ഉയർത്തുന്നതായും മന്ത്രി പറഞ്ഞു. സ്വദേശികളുടെ ഉപജീവനമാർഗത്തെ ഇവരുടെ ആധിക്യം ബാധിക്കുന്നതിന് ഒപ്പം അനധികൃതമായ ഉപകരണങ്ങളും മത്സ്യബന്ധന രീതികളും മത്സ്യസമ്പത്തിനെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.