മസ്കത്ത്: വിവിധ പച്ചക്കറി ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമാക്കിയതായി ഒമാൻ കാർഷിക, മത്സ്യ, ജലവിഭവ മന്ത്രാലയം അറിയിച്ചു.ലിസ്റ്റ് ചെയ്യപ്പെട്ട പച്ചക്കറികൾ ഒമാനിലെത്തുന്നതിന് മുമ്പ് തന്നെ ചരക്കുകൾ സംബന്ധിച്ച് ഇറക്കുമതി ചെയ്യുന്നവർ കാർഷിക ക്വാറന്റൈൻ വകുപ്പ് മുഖേന മുൻകൂർ രജിസ്റ്റർ ചെയ്യണമെന്നാണ് മന്ത്രാലയത്തിന്റെ നിർദേശം.
വെള്ളരിക്ക, തക്കാളി, കാപ്സിക്കം, ഉരുളക്കിഴങ്ങ്, ഉള്ളി, വെളുത്തുള്ളി, മുളക്, പാവൽ, ലറ്റ്യൂസ്, വഴുതന, സുക്കിനി, വെണ്ട, കാബേജ്, കാരറ്റ്, തണ്ണിമത്തൻ, ബീറ്റ്റൂട്ട്, കോളിഫ്ലവർ, ഷമാം, തേൻ, ഈത്തപ്പഴം തുടങ്ങിയ ഉൽപന്നങ്ങളാണ് ഉത്തരവിന് വിധേയമാകുന്നത്.
മുൻകൂർ രജിസ്ട്രേഷൻ നടത്താതെയുള്ള ചരക്കുകൾ ഒമാനിലെ തുറമുഖങ്ങളിൽ സ്വീകരിക്കില്ലെന്നും, രജിസ്റ്റർ ചെയ്യാത്ത കയറ്റുമതിയിന്മേൽ മന്ത്രാലയത്തിന് ഒരു ഉത്തരവാദിത്തവുമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇറക്കുമതിക്കാർ ആവശ്യമായ രേഖകളോടൊപ്പം മന്ത്രാലയത്തിന് (om.pqd@mafwr.gov.om) ഇ-മെയിൽ അയക്കണം.
സസ്യാരോഗ്യ സംരക്ഷണവും ഉപഭോക്തൃസുരക്ഷയും ദേശീയ കാർഷിക ചട്ടങ്ങളോടുള്ള വിധേയത്വവും ഉറപ്പാക്കുന്നതിനായി ഈ നടപടി അനിവാര്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്കും മാർഗനിർദേശങ്ങൾക്കും ഇറക്കുമതിക്കാർക്ക് കാർഷിക ക്വാറന്റൈൻ വകുപ്പിനെ 24952560, 24592568, 24952559, 24952558, 24952578 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.