ഒമാനിലെ സംരക്ഷിത മേഖലയിൽ മേയുന്ന അറേബ്യൻ ഓറിക്സുകൾ
അറേബ്യൻ ഓറിക്സിനെയും അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയെയും സംരക്ഷിക്കുകയാണ് പുതിയ നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് പരിസ്ഥിതി അതോറിറ്റി
മസ്കത്ത്: അറേബ്യൻ ഓറിക്സ് സംരക്ഷിത മേഖലയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പരിസ്ഥിതി അതോറിറ്റി പുതിയ ഉത്തരവ് പുറത്തിറക്കി.
ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്കാരം.
സംരക്ഷിത പ്രദേശത്തിനുള്ളിൽ മുൻകൂർ അനുമതിയോടെ നടത്തേണ്ട പ്രവർത്തനങ്ങൾ, നിരോധിത പ്രവർത്തനങ്ങൾ, ഫീസ് സംബന്ധിച്ച വിവരങ്ങൾ എന്നിവയാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുമെന്നും ഉത്തരവിൽ പറയുന്നു.
സംരക്ഷിത മേഖലയിലേക്കുള്ള പ്രവേശനം, വിനോദസഞ്ചാരം, ഫോട്ടോഗ്രഫി- ഡോക്യുമെന്ററി നിർമാണം, ശാസ്ത്രീയ ഗവേഷണം, ക്യാമ്പിങ്, നിലവിലുള്ള സൗകര്യങ്ങളിലെ നിർമാണവും വികസനവും, സംരക്ഷിത മേഖലയിലെ കൃഷി പ്രവർത്തനങ്ങൾ എന്നിവക്കാണ് മുൻകൂർ അനുമതി നിർബന്ധമാക്കിയത്. വന്യജീവികളെ വേട്ടയാടുക, സംരക്ഷിത മേഖലയിൽനിന്ന് സസ്യങ്ങൾ ശേഖരിക്കുക, ആയുധങ്ങളോ വിഷവസ്തുക്കളോ ഉപയോഗിക്കുക, നിശ്ചിത പാതകൾക്ക് പുറത്ത് വാഹനങ്ങൾ ഓടിക്കുക, മരങ്ങൾ മുറിക്കുക, ജലസ്രോതസ്സുകളോ താഴ്വരകളോ മലിനപ്പെടുത്തുക തുടങ്ങിയ പ്രവർത്തനങ്ങൾ ചട്ടങ്ങൾ പ്രകാരം നിരോധിച്ചു. സംരക്ഷിത മേഖലയിലേക്കുള്ള പ്രവേശനം, വിനോദസഞ്ചാരം, ട്രക്കിങ്, ക്യാമ്പിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഫീസ് നിശ്ചയിച്ചിട്ടുണ്ട്. ഒമാൻ പൗരന്മാർക്ക് ഒരു റിയാൽ മുതൽ രണ്ട് റിയാൽ വരെയും, വിദേശികൾക്ക് മൂന്നു മുതൽ അഞ്ചു റിയാൽ വരെയും, 16 വയസിന് താഴെയുള്ള കുട്ടികൾക്ക് 100 ബൈസ മുതൽ ഒരു റിയാൽ വരെയുമാണ് ഫീസ്. സൈനികസേനയിലെയും റോയൽ ഒമാൻ പൊലീസിലെയും ഔദ്യോഗിക ചുമതലയിൽ ഏർപ്പെട്ടിരിക്കുന്നവർ, സർക്കാർ ഉദ്യോഗസ്ഥർ, വിദ്യാഭ്യാസ യാത്രകളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ, സംരക്ഷിത പ്രദേശത്തെ താമസക്കാർ, അവരുടെ അടുത്ത ബന്ധുക്കൾ, ഔദ്യോഗിക സർക്കാർ പ്രതിനിധി സംഘങ്ങൾ എന്നിവർക്ക് സംരക്ഷിത മേഖലയിൽ പ്രവേശിക്കാൻ അനുമതി ആവശ്യമില്ല.
ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തുമെന്ന് പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കി. അറേബ്യൻ ഓറിക്സിനെയും അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയെയും സംരക്ഷിക്കുക, പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുക, മേഖലയുടെ സുസ്ഥിര പരിപാലനം ഉറപ്പാക്കുക എന്നിവയാണ് നടപടികളുടെ ലക്ഷ്യമെന്നും അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.