മസ്കത്ത്: കഴിഞ്ഞ ഒരു വർഷത്തിനിടെ ഒമാൻ സുൽത്താനേറ്റിൽ ബാലപീഡനവുമായി ബന്ധപ്പെട്ട 3,600ലധികം കേസുകൾ രജിസ്റ്റർ ചെയ്തതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
കണക്കുകൾ പ്രകാരം, കുട്ടികളോടുള്ള ലൈംഗിക ശല്യം സംബന്ധിച്ച 1,245 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കുട്ടികൾക്കെതിരെയുള്ള വിവിധ തരത്തിലുള്ള അക്രമങ്ങളുമായി ബന്ധപ്പെട്ട് 1,212 കേസുകളും രേഖപ്പെടുത്തി. കുട്ടികളെ കുറ്റകൃത്യങ്ങളിലേക്കോ വഴിതെറ്റലിലേക്കോ നയിക്കുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് 846 കേസുകളും രജിസ്റ്റർ ചെയ്തു.
കുട്ടികളെ ബലാത്സംഗം ചെയ്തതുമായി ബന്ധപ്പെട്ട് 106 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഭിക്ഷാടനത്തിനായി കുട്ടികളെ ഉപയോഗിച്ചതോ മറ്റുള്ളവർക്ക് കൈമാറിയതോ ആയ 68 കേസുകളും, സ്വന്തം പരിചരണത്തിലുള്ള 18 വയസിന് താഴെയുള്ള കുട്ടികളെ നിയമവിരുദ്ധമായി തൊഴിൽ ചെയ്യിച്ചതുമായി ബന്ധപ്പെട്ട 51 കേസുകളും രജിസ്റ്റർ ചെയ്തു.
ഇന്റർനെറ്റ് അല്ലെങ്കിൽ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല ഉള്ളടക്കം കൈവശം വെച്ച 30 കേസുകളും അടിസ്ഥാന വിദ്യാഭ്യാസം പൂർത്തിയാക്കാനുള്ള കുട്ടികളുടെ അവകാശം ലംഘിച്ചതുമായി ബന്ധപ്പെട്ട് 24 കേസുകളും കുട്ടികളെ ലൈംഗിക പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ച 27 കേസുകളും റിപ്പോർട്ട് ചെയ്തതായി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
കുട്ടികളുടെ അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതിനായി നിയമനടപടികൾ ശക്തമായി നടപ്പാക്കുമെന്നും ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.