ജി.സി.സി രാജ്യങ്ങളിലെ വൈദ്യുത ഗ്രിഡിനും ഒമാൻ സുൽത്താനേറ്റിന്റെ ഗ്രിഡിനുമിടയിൽ നേരിട്ടുള്ള വൈദ്യുത ബന്ധം സ്ഥാപിക്കുന്ന പദ്ധതിക്ക് ഔദ്യോഗിക തുടക്കം കുറിക്കുന്ന ചടങ്ങിൽനിന്ന്
മസ്കത്ത്: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിലെ വൈദ്യുത ഗ്രിഡിനും ഒമാൻ സുൽത്താനേറ്റിന്റെ ഗ്രിഡിനുമിടയിൽ നേരിട്ടുള്ള വൈദ്യുത ബന്ധം സ്ഥാപിക്കുന്ന പദ്ധതിക്ക് ഔദ്യോഗിക തുടക്കം.
ഊർജ -ഖനി മന്ത്രാലയ അണ്ടർസെക്രട്ടറിയും ജി.സി.സി ഇന്റർകണക്ഷൻ അതോറിറ്റി (ജി.സി.സി.ഐ.എ) ബോർഡ് ചെയർമാനുമായ മുഹ്സിൻ ബിൻ ഹമദ് അൽ ഹദ്റാമിയുടെ അധ്യക്ഷതയിൽ കഴിഞ്ഞദിവസം മസ്കത്തിൽ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. ഗൾഫ് മേഖലയിലെ ഊർജ സംയോജനത്തിൽ നാഴികക്കല്ലായാണ് പദ്ധതിയെ വിലയിരുത്തുന്നത്.
ഒമാനുമായി നേരിട്ടുള്ള വൈദ്യുത ബന്ധം സാങ്കേതികതലത്തിലെ വിപുലീകരണം മാത്രമല്ലെന്നും, ജി.സി.സി രാഷ്ട്രനേതാക്കൾ അംഗീകരിച്ച തന്ത്രപരമായ ദീർഘകാല പദ്ധതികളുടെ തുടർച്ചയാണെന്നും അൽ ഹദ്റാമി പറഞ്ഞു. ദേശീയ സ്ഥിരതയുടെയും സാമ്പത്തിക വളർച്ചയുടെയും സുസ്ഥിര വികസനത്തിന്റെയും നെടുംതൂണാണ് ഊർജ സുരക്ഷയെന്ന ബോധ്യത്തിലാണ് ഗൾഫ് ഇന്റർകണക്ഷൻ പദ്ധതി രൂപംകൊണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംയുക്ത ഗൾഫ് സഹകരണത്തിന്റെ ഏറ്റവും വിജയകരമായ മാതൃകകളിലൊന്നായി ഗൾഫ് ഇന്റർകണക്ഷൻ മാറിയതായും, വൈദ്യുത ഗ്രിഡുകളുടെ വിശ്വാസ്യത വർധിപ്പിക്കുന്നതിലും അംഗരാജ്യങ്ങൾക്ക് വൻ സാമ്പത്തിക ലാഭം കൈവരിക്കുന്നതിലും പദ്ധതി നിർണായക പങ്കുവഹിച്ചിട്ടുണ്ട്. തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യ പദ്ധതികളുടെ സാമ്പത്തിക സഹകരണത്തിൽ ഗൾഫ് പങ്കാളിത്തത്തിന്റെ മികച്ച മാതൃകകൂടിയാണിത്.
ഒമാൻ ഗ്രിഡുമായി നേരിട്ട് ബന്ധം സ്ഥാപിച്ചത് ഗൾഫ് ഗ്രിഡിന്റെ പ്രവർത്തന സൗകര്യവും വർധിപ്പിക്കും. ഊർജ പരിവർത്തനത്തിനും സുസ്ഥിര വികസനത്തിനും ഇത് പിന്തുണയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജി.സി.സി.ഐ.എ സി.ഇ.ഒ എൻജിനീയർ അഹ്മദ് ബിൻ അലി അൽ ഇബ്രാഹിം പറഞ്ഞു. ദേശീയ ഗ്രിഡുകളുടെ വ്യാപനം, വൈദ്യുത ലോഡുകളിലെ മാറ്റം, ഉൽപാദന ശേഷി വർധന എന്നിവയെ തുടർന്ന് വൈദ്യുതി ആവശ്യകത വർധിക്കുമ്പോൾ ഗൾഫ് ഗ്രിഡിന്റെ ശേഷി വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പുനരുപയോഗ ഊർജത്തിലേക്കുള്ള മാറ്റത്തിന്റെ ഘട്ടത്തിൽ ഗ്രിഡിന്റെ വിശ്വാസ്യത വർധിപ്പിക്കുമെന്നും അംഗരാജ്യങ്ങൾക്കിടയിലെ വൈദ്യുത കൈമാറ്റ ശേഷി വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതി ചെലവ് 700 മില്യൻ യു.എസ് ഡോളർ
മസ്കത്ത്: ജി.സി.സി ഇന്റർ കണക്ഷൻ അതോറിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിപുലീകരണ പദ്ധതികളിലൊന്നാണ് ഒമാൻ സുൽത്താനേറ്റിന്റെ ഗ്രിഡുമായി നേരിട്ട് വൈദ്യുത ബന്ധം സ്ഥാപിക്കുന്ന പദ്ധതി. ഏകദേശം 700 മില്യൺ യു.എസ് ഡോളറാണ് പദ്ധതിയുടെ ആകെ ചെലവ്. ഗൾഫ് പങ്കാളിത്തത്തിലൂടെയാണ് ധനസഹായം ഉറപ്പാക്കിയിരിക്കുന്നതെന്നും ഖത്തർ ഫണ്ട് ഫോർ ഡവലപ്മെന്റും സോഹാർ ഇന്റർനാഷണൽ ബാങ്കും ചേർന്ന് 600 മില്യൺ ഡോളറിന്റെ ധനസഹായ കരാർ നേരത്തെ ഒപ്പുവച്ചതായും ജി.സി.സി.ഐ.എ സി.ഇ.ഒ എൻജിനീയർ അഹ്മദ് ബിൻ അലി അൽ ഇബ്രാഹിം അറിയിച്ചു.
യു.എ.ഇയിലെ അൽ സീല സ്റ്റേഷനെയും ഒമാനിൽ സ്ഥാപിക്കുന്ന ഇബ്രി സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന, ഏകദേശം 530 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ട് 400 കിലോവോൾട്ട് ട്രാൻസ്മിഷൻ ലൈനുകളുടെ നിർമാണമാണ് പദ്ധതിയുടെ പ്രധാന ഘടകം. ഇതോടൊപ്പം ഇബ്രിയിലും അൽ ബൈനൂനയിലും രണ്ട് പ്രധാന 400 കെ.വി സബ്സ്റ്റേഷനുകളും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുള്ള ആധുനിക സംരക്ഷണ, നിയന്ത്രണ, ആശയവിനിമയ സംവിധാനങ്ങളോടുകൂടി സ്ഥാപിക്കും.
ഗ്രിഡിന്റെ സ്ഥിരതയും കൈമാറ്റ ശേഷിയും വർധിപ്പിക്കുന്നതിനായി ഒരു ഡൈനാമിക് കംപൻസേറ്റർ സ്റ്റേഷനും പദ്ധതിയിൽ ഉൾപ്പെടുന്നു. ഇതുവഴി 1,600 മെഗാവാട്ട് വരെ വൈദ്യുതി കൈമാറ്റ ശേഷി ഉറപ്പാക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതോടെ ഗൾഫ് ഗ്രിഡിന്റെ പ്രവർത്തന സൗകര്യം ഗണ്യമായി ഉയരുകയും, അയൽ ജി.സി.സി രാജ്യങ്ങളുമായി ഒമാന്റെ വൈദ്യുതി കൈമാറ്റ ശേഷി കൂടുതൽ കാര്യക്ഷമമാകുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.