ബജറ്റ് വിശദീകരണയോഗത്തിൽ ധനകാര്യ മന്ത്രി സുൽത്താൻ ഇബ്നു സാലിം അൽ ഹബ്സി സംസാരിക്കുന്നു
മസ്കത്ത്: 530 മില്യൺ റിയാൽ കമ്മിയും 11.4 ബില്യൺ റിയാൽ വരുമാനവും പ്രതീക്ഷിക്കുന്ന 11ാമത് പഞ്ചവത്സര വികസനപദ്ധതി ഒമാൻ ധനമന്ത്രാലയം വ്യാഴാഴ്ച പ്രഖ്യാപിച്ചു. ധനകാര്യ, സാമ്പത്തിക, സാമൂഹിക സ്ഥിരത ശക്തിപ്പെടുത്തുന്നതിനൊപ്പം ഭാവിയിലെ വെല്ലുവിളികളെ നേരിടാനുള്ള ശേഷി വർധിപ്പിക്കുകയുമാണ് ബജറ്റ് ലക്ഷ്യമിടുന്നതെന്ന് ധനകാര്യ മന്ത്രി സുൽത്താൻ ഇബ്നു സാലിം അൽ ഹബ്സി പറഞ്ഞു. പൊതുകടം സുരക്ഷിത പരിധിയിൽ നിലനിർത്തുന്നതിനൊപ്പം എണ്ണ ഇതര വരുമാന സ്രോതസ്സുകൾ വികസിപ്പിക്കുന്ന സാമ്പത്തിക സമീപനമാണ് പദ്ധതിയുടെ അടിസ്ഥാനം. സാമൂഹിക വികസനം, പരിസ്ഥിതി സ്ഥിരത, ഭരണ-സ്ഥാപന കാര്യക്ഷമത, ഗവർണറേറ്റുകളിലുടനീളമുള്ള സാമ്പത്തിക വികേന്ദ്രീകരണം, തൊഴിൽ വിപണി കാര്യക്ഷമതയും തൊഴിൽ അവസരങ്ങളും വർധിപ്പിക്കൽ എന്നിവക്കാണ് പദ്ധതി പ്രാധാന്യം നൽകുന്നത്.
മൂന്ന് ഘട്ട പ്രവർത്തന പരിപാടികളിലൂടെയാണ് പദ്ധതി നടപ്പാക്കുക. 2026 -’27 ൽ ആദ്യഘട്ടവും 2028 -’29 കാലയളവിൽ രണ്ടാം ഘട്ടവും 2030ൽ മൂന്നാം ഘട്ടവും നടപ്പാക്കും. പദ്ധതി കാലയളവിൽ ഏകദേശം നാലു ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കുകയാണ് ലക്ഷ്യം.
ബാരലിന് ശരാശരി 60 ഡോളർ എന്ന തോതിൽ എണ്ണവില കണക്കിലെടുത്ത് തയാറാക്കിയ 2026 ലെ പൊതുബജറ്റിലെ പ്രതീക്ഷിത വരുമാനം 11.447 ബില്യൺ റിയാലാണ്. 2025ൽ ബജറ്റിലെ പ്രതീക്ഷിത വരുമാനത്തേക്കാൾ 2.4 ശതമാനം കൂടുതലാണിത്.
അതേസമയം, 2026ലെ ആകെ പൊതുചെലവ് 11.977 ബില്യൺ റിയാലായി പ്രതീക്ഷിക്കുന്നത്. ഇത് 2025ലെ ബജറ്റിലേതിനെക്കാൾ 1.5 ശതമാനം കൂടുതലാണ്.
2026ലെ ബജറ്റ് കമ്മി 530 മില്യൺ റിയാലാണ് പ്രതീക്ഷിക്കുന്നത്. 2025ലെ ബജറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് 14.5 ശതമാനം കുറവാണ്. ആകെ വരുമാനത്തിന്റെ 4.6 ശതമാനവും, മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജി.ഡി.പി) 1.3 ശതമാനവുമാണ് ഈ കമ്മി.
അതേസമയം, പത്താമത് അഞ്ചുവർഷപദ്ധതി (2021-2025) കാലയളവിൽ എണ്ണവില മെച്ചപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ 11.291 ബില്യൺ റിയാൽ അധിക വരുമാനം പൊതുബജറ്റിൽ രേഖപ്പെടുത്തിയതായി ധനമന്ത്രി അറിയിച്ചു.
കൂടാതെ, 2025 അവസാനം വരെ വിവിധ ഗവർണറേറ്റുകൾക്കായി അംഗീകരിച്ച ആകെ തുക 983 മില്യൺ റിയാൽ എത്തിയതായും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.