ഖസബിൽ കൃത്രിമ മഴ സ്റ്റേഷൻ പദ്ധതി സ്ഥാപിച്ചപ്പോൾ
ഖസബ്: മുസന്ദം ഗവർണറേറ്റിലെ ഖസബിൽ കൃത്രിമ മഴ സ്റ്റേഷൻ സ്ഥാപിക്കുന്ന പദ്ധതി പൂർത്തിയായി. മേഖലയിൽ ലഭിക്കുന്ന മഴയുടെ അളവ് വർധിപ്പിക്കുകയും ഭൂഗർഭജലതോത് വികസിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. കാർഷിക-മത്സ്യ ബന്ധന- ജലവിഭ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്.
ഭൗമശാസ്ത്ര വിവരങ്ങളും കാലാവസ്ഥ സാഹചര്യങ്ങളും അടിസ്ഥാനമാക്കി സ്റ്റേഷന്റെ സ്വാധീന പരിധി വടക്കുപടിഞ്ഞാറും തെക്കുഭാഗത്തുമായി 70 കിലോമീറ്റർ വരെ വ്യാപിക്കുന്നതായി അധികൃതർ വ്യക്തമാക്കി.
ലക്ഷ്യമിട്ട പ്രദേശങ്ങളിൽ മേഘങ്ങളെ കൂട്ടിയോജിപ്പിച്ച് അനുകൂല സാഹചര്യം സൃഷ്ടിച്ച് മഴ സാധ്യത വർധിപ്പിക്കുന്നതിൽ പദ്ധതി സഹായകരമാകും. പരിസ്ഥിതി സൗഹൃദമായ ഒരു സാങ്കേതികവിദ്യയായി കണക്കക്കുന്ന അയോണൈസേഷൻ സാങ്കേതികവിദ്യയാണ് കൃത്രിമ മഴക്കായി ഒമാൻ പ്രധാനമായും ഉപയോഗിക്കുന്നത്. വായുവിലേക്ക് നെഗറ്റീവ് അയോണുകൾ കടത്തിവിട്ട് മേഘങ്ങൾ ഘനീഭവിപ്പിക്കുകയും മഴ പെയ്യിപ്പിക്കുകയും ചെയ്യുന്ന രീതിയാണിത്.
നിലവിൽ രാജ്യത്തുടനീളം 14 കൃത്രിമ മഴ സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ട്. ഖസബിലെ പുതിയ സ്റ്റേഷൻ കൂടാതെ, ഹജർ മലനിരകളുടെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിലായി 11 സ്റ്റേഷനുകളും ദോഫാർ ഗവർണറേറ്റിലെ മലനിരകളിൽ രണ്ടു സ്റ്റേഷനുകളുമാണുള്ളത്. കഴിഞ്ഞ വർഷങ്ങളിലെ കണക്കനുസരിച്ച്, ഈ പദ്ധതിയിലൂടെ രാജ്യത്തെ മഴയുടെ അളവിൽ ഏകദേശം 15 ശതമാനം മുതൽ 18 ശതമാനം വരെ വർധനവ് ഉണ്ടായതായി മന്ത്രാലയം സ്ഥിരീകരിച്ചു. സ്റ്റേഷനുകൾ സ്ഥാപിക്കാൻ ബുദ്ധിമുട്ടുള്ള മലനിരകളിലും മറ്റും ക്ലൗഡ് സീഡിങ്ങിനായി ഡ്രോണുകൾ ഉപയോഗിക്കാനുള്ള പരീക്ഷണങ്ങളും മന്ത്രാലയം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.