ദോഫാറിൽ വിളവെടുത്ത ഇഞ്ചി
ദോഫാറിലെ ഇഞ്ചി കൃഷിയിടം
മസ്കത്ത്: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ നടന്നുകൊണ്ടിരിക്കുന്ന ഇഞ്ചി കൃഷി പദ്ധതിയുടെ പരീക്ഷണത്തിന്റെ രണ്ടാം ഘട്ടം വിജയകരമായി പൂർത്തിയാക്കി. രണ്ടാം ഘട്ടത്തിൽ 2.5 ടൺ വിളവെടുത്തു. ദോഫാർ ഗവർണറേറ്റിലെ കാർഷിക, മത്സ്യബന്ധന ജലവിഭവ ഡയറക്ടറേറ്റ് ജനറൽ, അഗ്രികൾചറൽ ആൻഡ് ഫിഷറീസ് ഡെവലപ്മെന്റ് ഫണ്ടിന്റെ സഹായത്തോടെ 2024 ജൂണിലാണ് ഈ പദ്ധതി ആരംഭിച്ചത്. 30 കർഷകർ ഉൾപ്പെട്ട പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ഏകദേശം ഒരു ടൺ ഇഞ്ചി ഉൽപാദിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ആരംഭിച്ച രണ്ടാം ഘട്ടത്തിൽ കർഷകരുടെ എണ്ണം 60 ആയി ഉയർന്നു. വിള 2.5 ടണ്ണായി വർധിക്കുകയും ചെയ്തു. മുൻ വർഷത്തെ അപേക്ഷിച്ച് വിളയിൽ ഇരട്ടിയിലധികം വർധനയാണുണ്ടായത്.
ദോഫാറിലെ പർവത പ്രദേശങ്ങളായ റഖ്യൂത്ത്, ദൽകൂത്ത് എന്നീ വിലായത്തുകളിലാണ് പ്രധാനമായും ഇഞ്ചി കൃഷി ചെയ്യുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇഞ്ചി ഇറക്കുമതി കുറക്കുകയും ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുകയും ചെയ്യുക, പ്രാദേശിക കുടുംബങ്ങൾക്ക് സുസ്ഥിരമായ വരുമാന മാർഗം കണ്ടെത്തുകയും ഒമാൻ വിഷൻ 2040ന്റെ ഭാഗമായി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ചെയ്യുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. ആധുനിക ജലസേചന രീതികൾ, മണ്ണ് ഒരുക്കൽ, കീടനിയന്ത്രണം എന്നിവയിൽ കർഷകർക്ക് ഡയറക്ടറേറ്റ് സാങ്കേതിക സഹായവും സബ്സിഡി നിരക്കിൽ വിത്തുകളും നൽകുന്നുണ്ട്. പ്രാഥമിക വിലയിരുത്തലുകൾപ്രകാരം ഇഞ്ചി കൂടുതൽ നിക്ഷേപത്തിനും വ്യാപനത്തിനും സാധ്യതയുള്ള വിളയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പദ്ധതി വിളവെടുപ്പിൽ മാത്രമൊതുങ്ങുന്നില്ലെന്നും ഭൂമി തയാറാക്കൽ, ആധുനിക ജലസേചന സംവിധാനങ്ങൾ സ്ഥാപിക്കൽ, കൃഷിയുടെ എല്ലാ ഘട്ടങ്ങളിലും സാങ്കേതികവും ഉപദേശപരവുമായ പിന്തുണ എന്നിവയും ഉൾപ്പെടുന്നതാണ് പദ്ധതയെന്നും കാർഷിക വികസന വിഭാഗം ഡയറക്ടറും പദ്ധതി മാനേജരുമായ എൻജിനീയർ റദ്വാൻ ബിൻ അബ്ദുല്ല അൽ ഇബ്രാഹിം പറഞ്ഞു.
ദോഫാറിലെ ഇഞ്ചി കൃഷിയിടം പരിപാലിക്കുന്ന കർഷകൻ
അടുത്ത രണ്ട് വർഷത്തിനുള്ളിൽ കൂടുതൽ വിലായത്തുകളിലേക്ക് പദ്ധതി വ്യാപിപ്പിച്ച് കൂടുതൽ കർഷകരെ ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. വിജയകരമായ പരീക്ഷണഘട്ടത്തിന് പിന്നാലെ നിലവിലെ സീസണിൽ ശ്രദ്ധേയ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നതെന്നും 2026ൽ ഉൽപാദന തോതും ഗുണമേന്മയും വർധിപ്പിക്കാൻ സാങ്കേതിക മെച്ചപ്പെടുത്തലുകൾ, കൃഷി രീതികളുടെ മൂല്യനിർണയം, മണ്ണിന്റെ ഗുണനിലവാര വർധന തുടങ്ങിയ നടപടികൾ സ്വീകരിക്കുമെന്നും എൻജിനീയർ റദ്വാൻ വ്യക്തമാക്കി. അതേസമയം, വിപണനം, സംഭരണം, കൃഷിയിടങ്ങളുടെ വ്യാപനം എന്നിവക്ക് കൂടുതൽ പിന്തുണ ലഭിക്കേണ്ടതുണ്ടെന്നും അതുവഴി ഉൽപാദന തോതും സാമ്പത്തിക ലാഭ്യതയും ഉയർത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദോഫാറിലെ മഞ്ഞൾ കൃഷി പദ്ധതിയുടെ വിജയത്തിന് പിന്നാലെയാണ് ഇഞ്ചി കൃഷിയിലും പരീക്ഷണം നടത്തിയത്. ഒമാൻ സുൽത്താനേറ്റിന്റെ ഭക്ഷ്യസുരക്ഷ പദ്ധതികളുടെ ഭാഗമായി 2022ലാണ് ദോഫാറിൽ മഞ്ഞൾ കൃഷി വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമിട്ടത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ദോഫാറിലെ മഞ്ഞൾ ഉൽപാദനം ഗണ്യമായി വർധിച്ച് 136 ടണ്ണിലെത്തി. ഒന്നാം ഘട്ടത്തിൽ സലാല, താഖ, ദൽകൂത്ത്, റഖ്യൂത്ത് എന്നീ വിലായത്തുകളിലെ 12 വില്ലേജുകളിലായി 60 കർഷകർ മഞ്ഞൾ കൃഷിയിൽ പങ്കാളികളായിരുന്നു. ഏകദേശം ആറു ടൺ ജൈവ മഞ്ഞൾ ഇതുവഴി ഉൽപാദിപ്പിച്ചു. 2023-24 വർഷങ്ങളിൽ നടന്ന രണ്ടാം ഘട്ടത്തിൽ ഗുണഭോക്താക്കളുടെ എണ്ണം വർധിപ്പിക്കുകയും ഏകദേശം 25 ടൺ വിളവെടുപ്പ് ലക്ഷ്യമിടുകയും ചെയ്തു. കർഷകരിൽനിന്ന് മഞ്ഞൾ നേരിട്ട് സംഭരിക്കുന്നതിനായി നഖീൽ ഒമാൻ ഡെവലപ്മെന്റ് കമ്പനിയുമായി കൃഷി മന്ത്രാലയം കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഇത് കർഷകർക്ക് കൃത്യമായ വിപണിയും വരുമാനവും ഉറപ്പാക്കാൻ സഹായിക്കും. ആധുനിക ജലസേചന സംവിധാനങ്ങൾ, ഉയർന്ന ഗുണമേന്മയുള്ള വിത്തുകൾ, പാക്കിങ് സാമഗ്രികൾ എന്നിവ കർഷകർക്ക് മന്ത്രാലയം സൗജന്യമായി നൽകുന്നുണ്ട്. ദോഫാറിലെ മഞ്ഞൾ ഗുണമേന്മയ്ക്കും ഔഷധ ഗുണത്തിനും പേരുകേട്ടതാണ്. ഈ പദ്ധതിയുടെ വിജയമാണ് പിന്നീട് ഇഞ്ചി കൃഷിയിലേക്കും വ്യാപിപ്പിക്കാൻ അധികൃതർക്ക് പ്രചോദനമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.