ഒമാൻ ടൂറിസം മന്ത്രാലയം ജയ്പൂരിൽ നടത്തിയ പ്രമോഷനൽ കാമ്പയിനിൽനിന്ന്
മസ്കത്ത്: ഇന്ത്യയിൽനിന്ന് കൂടൂതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ പദ്ധതികളുമായി സുൽത്താനേറ്റ്സ്. പ്രതിവർഷം പത്ത് ലക്ഷം വിനോദസഞ്ചാരികളെയാണ് ലക്ഷ്യമിടുന്നതെന്ന് പൈതൃക, ടൂറിസം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. ജയ്പൂരിൽ നടത്തിയ പ്രമോഷനൽ കാമ്പയിനിലാണ് ഇക്കാര്യം പറഞ്ഞത്. ആഡംബര യാത്ര, വിവാഹങ്ങൾ, എം.ഐ.സി.ഇ ( (മീറ്റിങുകൾ, പ്രോത്സാഹനങ്ങൾ, സമ്മേളനങ്ങൾ, പ്രദർശനങ്ങൾ), സാഹസിക ടൂറിസം എന്നിവ ലക്ഷ്യമിട്ടുള്ള മൾട്ടി-ചാനൽ കാമ്പയിനുകളിൽ നിക്ഷേപം നടത്തുന്നുണ്ടെന്ന് പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെ ബിസിനസ് ഡെവലപ്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടർ യൂസഫ് ഖലഫ് അൽ മുജൈസി പറഞ്ഞു. സാംസ്കാരികവും സാമ്പത്തികവുമായ ബന്ധങ്ങൾ കാരണം ഇന്ത്യ ഒരു മുൻഗണനാ വിപണിയാണെന്ന് അദ്ദേഹം പറഞ്ഞു.
ഈ വർഷത്തെ ആദ്യ അഞ്ച് മാസങ്ങളിൽ ഒമാനിൽ 2,46,663 ഇന്ത്യൻ വിനോദസഞ്ചാരികൾ ആണ് എത്തിയത്. 2024ൽ 6,23,623 സന്ദർശകരെയും ലഭിച്ചു. യു.എ.ഇ പൗരന്മാർക്ക് ശേഷം ഒമാൻ സന്ദർശിക്കുന്ന രണ്ടാമത്തെ വലിയ രാജ്യമാണ് ഇന്ത്യ.സുൽത്താനേറ്റിലെ ടൂറിസം സാധ്യതകൾ പരിചയപ്പെടുത്താനും സന്ദർശകരെ ആകർഷിക്കാനും ലക്ഷ്യമിട്ട് ഇന്ത്യയിലെ ജയ്പൂരിൽ നടത്തിയ ടൂറിസം പ്രമോഷൻ കാമ്പയിൻ ദിവസങ്ങൾക്ക് മുമ്പാണ് സമാപിച്ചത്.
ഒമാൻ പൈതൃക, ടൂറിസം മന്ത്രാലയത്തന്റെനേതൃത്വത്തിലായിരുന്നു പരിപടി നടത്തിയിരുന്നത്. പ്രാദേശിക, ആഗോള ടൂറിസം വിപണികളിൽ ഒമാന്റെ ദൃശ്യപരത വർധിപ്പിക്കുന്നതിനുള്ള വിശാലമായ പ്രചാരണത്തിന്റെ ഭാഗമായിരുന്നു കാമ്പയിൻ. സുൽത്താനേറ്റിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം, ഭൂമിശാസ്ത്രപരമായ വൈവിധ്യം, ആധുനിക ഹോസ്പിറ്റാലിറ്റി ഓഫറുകൾ എന്നിവ ഉയർത്തികാട്ടിയാണ് കാമ്പയിൻ നടന്നത്. സവിശേഷവും സുരക്ഷിതവുമായ മിഡിൽ ഈസ്റ്റലെ ലക്ഷ്യസ്ഥാനമായി ഒമാനെ മാറ്റുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.
ഇന്ത്യയിലെ പ്രമുഖ ട്രാവൽ ഏജന്റുമാർ, എയർലൈൻ പ്രതിനിധികൾ, ഒമാനി ടൂറിസം പങ്കാളികളുമായി ർ നടത്തുന്ന മുഖാമുഖ ബിസിനസ് മീറ്റിങുകൾ വർക്ക്ഷോപ്പിൽ ഉൾപ്പെട്ടിരുന്നു. സാഹസിക ടൂറിസം, പൈതൃക യാത്ര, ക്രൂസ് അനുഭവങ്ങൾ, വിവാഹ ലക്ഷ്യസ്ഥാനങ്ങൾ, ഹോസ്പിറ്റാലിറ്റി, എം.ഐ.സി.ഇ (മീറ്റിങുകൾ, പ്രോത്സാഹനങ്ങൾ, സമ്മേളനങ്ങൾ, പ്രദർശനങ്ങൾ) ടൂറിസം എന്നിവയിൽ ഒമാന്റെ ഓഫറുകൾ പ്രദർശിപ്പിക്കുന്നതിനൊപ്പം നിലനിൽക്കുന്ന പങ്കാളിത്തം കെട്ടിപ്പടുക്കുകയുമാണ് പരിപാടിയിലൂടെ ഉദ്ദേശിച്ചിരുന്നത്.
ഒമാനിലെ ടൂറിസം മേഖലയിൽ നിന്നുള്ള പങ്കാളികളുടെ വിഷ്വൽ അവതരണവും നടന്നു. ഇന്ത്യൻ സഞ്ചാരികളുടെ മുൻഗണനകൾക്കും താൽപര്യങ്ങൾക്കും അനുസൃതമായി തയ്യാറാക്കിയ യാത്രാ പാക്കേജുകൾ എടുത്തുകാണിക്കുന്ന സംവേദനാത്മക സെഷനുകളും ഉൾപ്പെടുത്തിയിരുന്നു.കാമ്പയിനിലൂടെ കൂടുതൽ സന്ദർശകർ ഇന്ത്യയിൽനിന്ന് എത്തിച്ചേരമെന്നപ്രതീക്ഷയിലാണ് സംഘാടകർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.