മസ്കത്ത്: മോട്ടോർ ഇൻഷുറൻസ് ഏകീകൃത പോളിസി വ്യവസ്ഥകളിൽ കൊണ്ടുവന്ന പുതിയ ഭേദഗതികൾ വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഭേദഗതി നടപ്പിൽവരുത്തുന്നതിന് മുന്നോടിയായി ഇൻഷുറൻസ് കമ്പനികൾക്ക് തയാറെടുപ്പുകൾ പൂർത്തിയാക്കുന്നതിനായി അനുവദിച്ച ഒരു മാസത്തെ സൗകര്യ കാലയളവ് അവസാനിക്കുന്നതോടെയാണ് നടപടി പ്രാബല്യത്തിൽ വരുന്നത്.
ഇൻഷുറൻസ് മേഖലയിലെ നിയമപരമായ ഘടന ശക്തിപ്പെടുത്തുകയും സംരക്ഷണ സംവിധാനം കാര്യക്ഷമമാക്കുകയും ചെയ്യുന്നതിനുള്ള നിയന്ത്രണ നടപടികളുടെ ഭാഗമായാണ് തീരുമാനം.
ഭേദഗതിപ്രകാരം, പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാസംബന്ധമായ സംഭവങ്ങളും മൂലമുണ്ടാകുന്ന വസ്തുനാശനഷ്ടങ്ങൾക്ക് എല്ലാ മോട്ടോർ ഇൻഷുറൻസ് പോളിസികളിലും സ്വമേധയാ പരിരക്ഷ ലഭിക്കും. നിർബന്ധിത തേർഡ് പാർട്ടി ഇൻഷുറൻസ് പോളിസികളും ഇതിൽ ഉൾപ്പെടും. ഒമാനിൽ കഴിഞ്ഞ വർഷങ്ങളിലുണ്ടായ കാലാവസ്ഥാ വ്യതിയാനങ്ങൾ പരിഗണിച്ചാണ് നടപടി.
ക്ലെയിം തീർപ്പാക്കലിന് നിർബന്ധിത സമയപരിധികളും ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ വാഹനപരിചരണം പൂർത്തിയാകാത്ത പക്ഷം നഷ്ടപരിഹാരം നൽകണം. ഇതുസംബന്ധിച്ച വിശദമായ ചട്ടങ്ങൾ പിന്നീട് സാമ്പത്തിക സേവന അതോറിറ്റി പുറത്തിറക്കും.
കൂടാതെ, ദുരന്ത ബാധിതർക്കു നഷ്ടപരിഹാരം പണമായി സ്വീകരിക്കാനുള്ള അവസരവും നൽകുന്നു. അംഗീകൃത വർക്ക്ഷോപ്പുകളിൽ നിന്നുള്ള ഏറ്റവും കുറഞ്ഞ ക്വട്ടേഷൻ അടിസ്ഥാനമാക്കിയാണ് തുക നിശ്ചയിക്കുക. അറ്റകുറ്റപ്പണി മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ രണ്ട് ഘട്ടങ്ങളിലായി തുക വിതരണം ചെയ്യും.
ഇതോടൊപ്പം ഇൻഷുറൻസിൽ ഉൾപ്പെടുന്ന പുതിയ സ്പെയർ പാർട്സുകളുടെ പട്ടിക 37 ആയി വർധിപ്പിച്ചിട്ടുണ്ട്. ഇതുവഴി അറ്റകുറ്റപ്പണിയുടെ ഗുണനിലവാരം ഉയർത്തുകയും വാഹനസുരക്ഷ മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.