മസ്കത്ത്: പ്രഫഷനൽ ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റും പ്രഫഷണൽ പ്രാക്ടീസ് ലൈസൻസും നേടുന്നതിനുള്ള നടപടിക്രമങ്ങൾ പ്രവാസി തൊഴിലാളിയുടെ റസിഡന്റ്സ് കാർഡോ ഒമാനി തൊഴിലാളിയുടെ തൊഴിൽ കരാറോ കാലഹരണപ്പെടുന്നതിന് കുറഞ്ഞത് ഒന്നു മുതൽ രണ്ടു മാസം വരെ മുമ്പെങ്കിലും ആരംഭിക്കണമെന്ന് തൊഴിൽ മന്ത്രാലയം (എം.ഒ.എൽ).യോഗ്യതയുള്ള ആളുകളെ നിയമിക്കുന്നതിന്റെ ഭാഗമായി 40 തസ്തികകളിൽ പ്രഫഷനൽ ലൈസൻസിങ് തൊഴിൽ മന്ത്രാലയം സെപ്റ്റംബർ ഒന്ന് മുതൽ നിർബന്ധമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് അധികൃതർ ഈ നിർദേശം നൽകിയിരിക്കുന്നത്.
പ്രഫഷനൽ പ്രാക്ടീസ് ലൈസൻസ് ലോജിസ്റ്റിക്സ്, ഊർജ്ജം, ധാതുക്കൾ എന്നീ മേഖലകൾക്കും പ്രഫഷണൽ ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് എൻജിനിയറിങ്, അക്കൗണ്ടിങ്, ധനകാര്യം, നിയമ മേഖലകൾക്കും ബാധകമാണ്. വ്യാജമായ വൊക്കേഷണൽ ക്ലാസിഫിക്കേഷൻ, ലൈസൻസിങ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതിനെതിരെ തൊഴിൽ മന്ത്രാലയം വ്യക്തികൾക്കും കമ്പനികൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിരവധി കൃത്രിമ കേസുകൾ കണ്ടെത്തിയിട്ടുണ്ട്.
വൊക്കേഷനൽ ക്ലാസിഫിക്കേഷൻ ആവശ്യമുള്ള പ്രഫഷനുകളെ വിലയിരുത്താനും ലൈസൻസ് ചെയ്യാനും അധികാരപ്പെടുത്തിയ പരിശീലന സ്ഥാപനങ്ങളുടെയും വിലയിരുത്തൽ കേന്ദ്രങ്ങളുടെയും കർശനമായ മേൽനോട്ടം മന്ത്രാലയം നിലനിർത്തും. മന്ത്രാലയം ഔദ്യോഗികമായി അംഗീകരിക്കാത്ത ഏതൊരു ലൈസൻസുകളോ സർട്ടിഫിക്കേഷനുകളോ അസാധുവായി കണക്കാക്കപ്പെടും.വ്യാജ രേഖകൾ സമർപ്പിച്ചതിന് കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർ നിലവിലുള്ള ചട്ടങ്ങൾക്കനുസൃതമായി നിയമനടപടി നേരിടേണ്ടിവരും. പ്രാക്ടീസ് ചെയ്യുന്ന പ്രഫഷനുകൾക്കുള്ള ലൈസൻസിങ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് യോഗ്യതയുള്ള അതോറിറ്റിക്ക് അപേക്ഷിക്കണം. ഊർജ, ധാതു മേഖലയിലേക്ക് സെക്ടർ സ്കിൽസ് യൂനിറ്റിൽനിന്നാണ് പ്രഫഷനൽ ലൈസൻസ് നേടേണ്ടത്.
അംഗീകൃത ലൈസൻസ് സമർപ്പിക്കുന്നതുവരെ തൊഴിൽ മന്ത്രാലയം അത്തരം പെർമിറ്റുകൾ അനുവദിക്കില്ല. റഫ്രിജറേറ്റഡ് ട്രക്കുകൾ, വാട്ടർ ടാങ്കറുകൾ, ട്രയിലറുകൾ, മാലിന്യ ഗതാഗത ട്രക്കുകൾ എന്നിവയുടെ ഡ്രൈവർമാർ, ഒമാനികളും പ്രവാസികളും ഉൾപ്പടെ ലോജിസ്റ്റിക്സ് മേഖലയിൽ ജോലി ചെയ്യുന്നവർക്കും ഈ തീരുമാനം ബാധകമാണ്.
വർക്ക് പെർമിറ്റുകൾ നൽകുന്നതിനോ പുതുക്കുന്നതിനോ ലോജിസ്റ്റിക്സ് മേഖലയിലെ സെക്ടറൽ സ്കിൽസ് യൂനിറ്റിൽ നിന്നാണ് പ്രഫഷനൽ പ്രാക്ടീസ് ലൈസൻസ് നേടേണ്ടത്. അംഗീകൃത ലൈസൻസ് സമർപ്പിക്കാതെ ഒമാനി, പ്രവാസി വർക്ക് പെർമിറ്റുകൾ നൽകുകയോ പുതുക്കുകയോ ചെയ്യില്ല.ലോജിസ്റ്റിക്സ് മേഖലയിലെ സെക്ടറൽ സ്കിൽസ് യൂനിറ്റിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോം വഴി ലൈസൻസിനായി അപേക്ഷകൾ സമർപ്പിക്കാം.
അതുപോലെ, അക്കൗണ്ടിങ്, ഫിനാൻസ്, ഓഡിറ്റിങ് മേഖലകളിലെ നിലവിലുള്ള എല്ലാ ജീവനക്കാരും പ്രഫഷനൽ ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് നേടിയിരിക്കണം.ഒമാനി അസോസിയേഷൻ ഓഫ് സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടൻസുമായി സഹകരിച്ച് മന്ത്രാലയം ലൈസൻസ് ചെയ്ത സെക്ടർ സ്കിൽസ് യൂനിറ്റാണ് ഈ സർട്ടിഫിക്കറ്റ് നൽകുന്നത്. അസിസ്റ്റന്റ് ഇന്റേനൽ, എക്സ്റ്റേനൽ ഓഡിറ്റർമാർ, ഫിനാൻഷ്യൽ അസിസ്റ്റന്റുമാർ, മറ്റുള്ളവർ എന്നിവരുൾപ്പെടെ 19 പ്രഫഷനുകൾ ഈ മേഖലയിൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.