മസ്കത്ത്: രാത്രിസമയത്ത് നിർമാണപ്രവർത്തനങ്ങളും കെട്ടിടം പൊളിക്കലും മല ഇടിച്ചുനിരത്തൽ പോലുള്ള ജോലികളും നടത്തുന്ന കമ്പനികൾക്ക് നഗരസഭയുടെ പ്രത്യേക അനുമതി നിർബന്ധം. നഗരസഭയിൽനിന്നുള്ള എഴുതി ലഭിച്ച അനുമതിപത്രമില്ലാതെ സൂര്യാസ്തമയത്തിനും സൂര്യോദയത്തിനുമിടയിലുള്ള സമയത്ത് ഇത്തരം ജോലികൾ, പ്രത്യേകിച്ച് ജനവാസമേഖലകളിൽ നടത്താൻ പാടില്ലെന്നാണ് ഒമാൻ കൺസ്ട്രക്ഷൻ നിയമത്തിെൻറ 104ാം സെക്ഷൻ പറയുന്നത്.
ഇത്തരം കമ്പനികളുടെ രാത്രിജോലികൾ ജനവാസമേഖലയിൽ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെങ്കിൽ നഗരസഭയിൽ പരാതി സമർപ്പിക്കാനും നിയമം അനുവദിക്കുന്നുണ്ട്. മുനിസിപ്പാലിറ്റി നിയമത്തിെൻറ ആർട്ടിക്കിൾ 105 പ്രകാരം ഇത്തരം ജോലികൾ ശാന്തമായ അന്തരീക്ഷത്തിൽ മാത്രമേ ചെയ്യാൻ പാടുള്ളൂ. താമസക്കാരുടെ സ്വകാര്യതയെ മാനിക്കണമെന്നും മരങ്ങൾക്കും സസ്യങ്ങൾക്കും പൊതുസൗകര്യങ്ങൾക്കും കാൽനടയാത്രക്കാർക്കും ഉപദ്രവകരമാകരുതെന്നുമാണ് ഇതിൽ പറയുന്നത്.
ഇൗ അവകാശങ്ങൾ ലംഘിക്കപ്പെടുന്നപക്ഷം മസ്കത്ത് നഗരസഭയുടെ ഹോട്ട്ലൈൻ നമ്പറായ 1111ലോ റോയൽ ഒമാൻ പൊലീസ് ഹോട്ട്ലൈൻ നമ്പറായ 9999ലോ പരാതിപ്പെടാം. പബ്ലിക് പ്രോസിക്യൂഷനെ സമീപിക്കണമെന്നുള്ളവർ നിയമലംഘനം നടന്ന് ഒരാഴ്ചക്കുള്ളിൽ പരാതി നൽകണം.
പരാതി ലഭിച്ചാൽ അടിയന്തരമായി ജോലി നിർത്തിവെക്കാൻ ഉത്തരവിടും. തുടർന്ന് കമ്പനി ഗാരൻറി ലെറ്റർ നൽകിയാലേ ജോലി പുനരാരംഭിക്കാൻ അനുമതി നൽകൂ. വാരാന്ത്യങ്ങളിലും പൊതുഅവധി ദിവസങ്ങളിലും ഇത്തരം ജോലികൾ നിർത്തിവെക്കണമെന്നും നഗരസഭനിയമത്തിൽ വ്യവസ്ഥയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.